Sunday, November 13, 2011

നോക്കുകുത്തി...

സ്വപ്നക്കൂടൊരുക്കി കാത്തിരുന്നതെന്‍
ശവമഞ്ചമിറക്കാനായിരുന്നുവോ
ഉള്ളതുകോണ്ടോണമൊരുക്കിയൊരമ്മയെ
കണ്ണീര്‍കായലില്‍ തള്ളുവാനോ

മോഹനവാഗ്ദാനമൊന്നും നല്കിയില്ല ഞാന്‍
മോഹങ്ങളൊക്കെ മനസ്സിലൊളിപ്പിച്ചതല്ലാതെ
വിശന്നു തളര്‍ന്നപ്പോളൊക്കെ ഞാനോര്‍ത്തതെന്‍
തളരാതെ പൊരുതുമെന്‍ അമ്മയെ മാത്രം

ദിവസക്കൂലിയില്‍ നിന്നുമെടുത്ത നാണയത്തുട്ടുകള്‍
കിലുക്കാതെ കാത്തുവച്ചതെന്തിനായി
ജീവന്‍ വെടിഞ്ഞൊരെന്‍ ദേഹത്തിനിനിയും
നാണം മറയ്ക്കും കച്ചയൊരുക്കുവാനോ

ശക്തിയൊന്നിനുമില്ലാതെ തളര്‍ന്നു പോകവേ
കേട്ടില്ലയാരുമേ ഉച്ചത്തിലുയര്‍ന്നയെന്‍ നിലവിളികള്‍
കണ്ണീരില്‍ കുതിര്‍ന്നൊരെന്‍ ജല്പനമുയരവേ
ഇവിടെ നഷ്ടമായതോയെന്‍ മാനവും ജീവനും

മൃഗതൃഷ്ണയ്ക്കിരയായൊരെന്‍ ജീവനു പകരമായ്
നല്കിയതോ ഈ തൂക്കുമരം
ആരാച്ചാരില്ലാത്തയീ നാട്ടില്‍
ഈ കഴുമരവും വെറും നോക്കുകുത്തിയല്ലേ

Wednesday, November 9, 2011

പ്രണയത്തിന്‍ നൊമ്പരം ...

പ്രണയത്തിന്‍ നൊമ്പരമറിയുന്നു ഞാനെന്‍
ഹൃദയത്തിന്‍ വേദന അറിയുന്നു
കാണാമറയത്തിരുന്നു നീയെനിക്കേകിയ
ചുംബനമിന്നെന്നില്‍ ജ്വലിക്കുന്നു

ചിതറിത്തെറിച്ചൊരാ ഓര്‍മ്മ തന്‍ മുത്തുകള്‍
കൊരുത്തെടുത്ത് ഞാന്‍ ചാര്‍ത്തി തരാം
വെയിലായ് നിന്നില്‍ വെളിച്ചമേകാം
നിഴലായ് നിന്നുടെ കൂടെ വരാം

സ്വപ്നങ്ങളെല്ലാം പകുത്തു നല്‍കാം
സ്വര്‍ഗ്ഗങ്ങളൊക്കെ സ്വന്തമാക്കാം
കിനാവിന്റെ തീരത്തു ഉല്ലസിക്കാം
ഉരുകിയൊഴുകും കണ്ണീരെല്ലാം തുടച്ചു മാറ്റാം

നെഞ്ചിലെ ചൂടൊന്നായ് പകര്‍ന്നു നല്‍കാം
കുഞ്ഞരിപ്രാവായ് കുറുകി നില്‍ക്കാം
ഉറങ്ങുവാന്‍ താരാട്ടായൊഴുകിയെത്താം
ഉണരുമ്പോള്‍ പൊന്‍കണിയായ് മുന്നിലെത്താം

മഴവില്ലിന്‍ ശോഭയുമായ് വന്നണഞ്ഞാല്‍
മാമയിലായ് ഞാനെന്‍ പീലി നിവര്‍ത്തും
തളരാതെ നീയെന്നും കൂടെ വേണം
തകരാതെ നിനക്കായ് കാത്തിരിക്കാം

Thursday, November 3, 2011

നോവിക്കുമോര്‍മ്മയായ്...

അഷ്ടദിക്പാലകന്മാരായി പിറന്ന മക്കളെട്ടും
ജനയിതാവായി കൂട്ടിയില്ല കൂട്ടത്തില്‍ ,
അഗതികള്‍ക്കാശ്രയമേകും വൃദ്ധസദനത്തില്‍
എത്തിച്ചിടുവാന്‍ മാത്രം കനിവേകി

ജന്മമേകിയ മാതാവിന്‍ ചിതയെരിഞ്ഞു തീരും മുന്‍പേ
പകുത്തെടുത്തു ജന്മഗൃഹമിരുന്നിടും മണ്ണിന്‍ തരികള്‍ ,
സ്വയമെരിഞ്ഞും പ്കലന്തിയോളം പണിയെടുത്തും
വളര്‍ത്തിയെടുത്തു തന്‍ പ്രിയ പുത്രരെ

പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി

മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും

Thursday, October 27, 2011

അറിയുന്നുവോ...

നിറയുമീ മൌനത്തിന്‍ വാചാലതയില്‍
മണിമുത്തുകളായെത്തും സ്വപ്നങ്ങളേ
നിറദീപമായെന്നില്‍ വെളിച്ചമേകുവാന്‍
ആരുമറിയാതെ നീ വരുവതെങ്ങിനെ

പ്രണയമന്ത്രമുതിരും പാതയോരത്ത്
പൂത്തു കൊഴിഞ്ഞ വാകമരച്ചില്ലയില്‍
കിനാവിന്‍ പൂക്കള്‍ക്ക് വിഷാദമെന്തേ
ഇവിടെയും വിടപറയും തേങ്ങലാണോ

വിട ചൊല്ലുവാനാകാതെ പിരിയും മനസ്സില്‍
നീറിപ്പടരുന്ന വിങ്ങലുകള്‍
കഥയും കവിതയുമായ് വീണ്ടുമുണരവേ
പുതു സൃഷ്ടികള്‍ പിറവിയെടുക്കുകയായ്

എഴുതാത്ത മനസ്സില്‍ വിരിയും ചിന്തകള്‍
വരമൊഴിയാല്‍ ദീപ്തമാവുകയല്ലേ
ലളിതമീ ചിന്തകളെന്നാലും
അര്‍ത്ഥശൂന്യത അല്ലെന്നറിയുന്നുവോ

Saturday, October 8, 2011

ജീവിത യാത്രയില്‍....

കവിത വിരിയും മനസ്സില്‍
കനലുകള്‍ എരിയുന്നതറിയുമ്പോള്‍
ഒരു മഴത്തുള്ളിയായതില്‍ നിപതിക്കുവാന്‍
വെറുമൊരു മോഹമെന്നറിയുന്നു

എരിയുമാ മനസ്സിന്‍ തീച്ചൂളയില്‍
ഉരുകി തീരുമോ മോഹങ്ങള്‍
മഞ്ഞുതുള്ളിയായ് ഇറ്റുവീണിടാം
നിന്‍ മനസ്സിലേയ്ക്കിറ്റു തണവേകുവാന്‍

ചിരികൊണ്ടു പൊതിയുമാ പൊയ്മുഖമെന്നാലും
പുകയുന്നൊരുള്ളം കാണുന്നു ഞാന്‍
വിടരാതെ കൊഴിയരുതേ നിന്‍ സ്വപ്നങ്ങള്‍
വിടര്‍ത്തീടാം അവയെന്‍ ഊഷരഭൂവില്‍

വളര്‍ത്താം നിന്നിലെ സ്വപ്നങ്ങള്‍ മുല്ലവള്ളിപോല്‍,
പടര്‍ത്തീടാം സ്നേഹത്തിന്‍ തേന്മാവില്‍
അലകടലായ് ഉയരുമാ മോഹന സ്വപ്നം
തളിര്‍ത്തിടട്ടെ ഈ ജീവിത യാത്രയില്‍ .....

Saturday, October 1, 2011

നിറങ്ങളായ്...

മനസ്സിന്‍ മണ്‍ചിരാതില്‍ 
തെളിയും ഓര്‍മ്മ തന്‍ ദീപനാളമേ
നിഴല്‍ വീഴ്ത്തും വെയില്‍നാളമേ
നീയും തെളിയാതെ പോകയോ

കൊഴിഞ്ഞു വീഴും പൂവിനെ തഴുകുവാന്‍
ഒഴുകിയെത്തും കാറ്റായ് മാറുമോ
കനവിന്റെ മരുഭൂവില്‍
കുളിരലയേകും പുഴയാകുമോ

നഷ്ടസ്വപ്നങ്ങള്‍ പിന്തുടരവേ
പോയ വസന്തം വീണ്ടും വരുമോ
മഴത്തുള്ളികള്‍ പെയ്തൊഴിഞ്ഞാലും 
കാര്‍മേഘം വീണ്ടും വന്നണയുന്നുവോ

മായ്ക്കാനാകാത്ത ചിത്രങളില്‍ 
നിറങ്ങള്‍ മാഞ്ഞു തുടങ്ങിയോ
നിറമേഴും ചാലിച്ചെഴുതിയ
വര്‍ണ്ണകൂട്ടുകള്‍ ഇനിയും തെളിഞ്ഞിടട്ടെ....

Saturday, September 17, 2011

നിഴലായ്

നിഴലിനെ നോക്കി നെടുവീര്‍പ്പിടവേ
അറിയുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ
വീണ്ടുമെത്തും സൂര്യോദയത്തിനായ്
കാത്തിരിക്കുന്നെന്‍ നിഴലിനെ കാണുവാന്‍

മൃദുവായ തലോടലില്‍ തരളിതമാകവേ
അലിഞ്ഞുചേരുന്നിതായെന്‍ ജീവന്റെ താളമായ്
പകുത്തു നല്കുവാനാകാതെ പിടയുന്നു മാനസം 
അരികത്തണയുവാനാകാതെ തളരുന്നു മോഹവും 

ഉരുകി തീരുവാനാകാതെന്‍ ജന്മമിനിയും 
ഉറച്ചു പോയതെങ്ങിനെ ശിലയായ്
നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുവാനായ്
ചിരിക്കുവാന്‍ പഠിച്ചിടട്ടെ ഇനിയെങ്കിലും
 
ഉത്തരമേകുവാനാകാത്ത ചോദ്യങ്ങളിനിയും 
തൊടുത്തെന്നെ പരാജിതയാക്കരുതേ
മൌനമായുത്തരം നല്കീടുവാനാകാതെ
ഉഴലുന്ന നിഴലിനെ വ്യര്‍ത്ഥമായ് ശപിക്കരുതേ

Sunday, September 4, 2011

ഓണപ്പൂവേ നീയെവിടെ...



പൊന്നിന്‍ ചിങ്ങം വിരുന്നിനെത്തി
ഓണപ്പൂവേ നീയും വരില്ലേ
കാക്കപ്പൂവും മുക്കുറ്റിയും 
കാണാകാഴ്ചകള്‍ മാത്രമായോ

വയല്‍ വരമ്പിന്‍ ഓരത്തും 
കുളപ്പടവിന്‍ കടവത്തും 
തിരഞ്ഞേറെ നടന്നിട്ടും 
നീ മാത്രമിതെങ്ങു പോയ്

പൂക്കളമൊരുങ്ങും നാളുകളായി
പൂക്കാലമിനിയും വന്നില്ലല്ലോ
കാശിത്തുമ്പയ്ക്കും പിണക്കമായോ
തുമ്പപ്പൂവിനും പരിഭവമോ

കൊയ്ത്തുപാട്ടിന്‍ താളമുയരും 
പുന്നെല്ലിന്‍ പാടമിന്നു വിസ്മയമായ്
ഓണപ്പൂവിളി കേട്ടുണരും 
ഗ്രാമഭം ഗിയിന്നു വിസ്മൃതിയായ്

ഓണത്തപ്പനെ വരവേല്ക്കാന്‍ 
ഓണപ്പുറ്റവയുമായൊരുങ്ങീടാന്‍
ഓലപ്പന്തു കളിച്ചീടാന്‍
ഓണപ്പൂവേ നീയെവിടെ...
എന്നോമല്‍പ്പൂവേ നീയെവിടെ....

Sunday, July 31, 2011

എന്തിനായ്...

വെയിലേറ്റു വാടിയ പൂക്കളേയോ
മഴയിൽ പൊഴിഞ്ഞ പൂമൊട്ടുകളേയോ
മഴമേഘം മറച്ച താരകങ്ങളേയോ
നിനക്കേറെ പ്രിയമേറിയതെന്തിനായ്

ചിതറി തെറിച്ചൊരു മുത്തുകൾ
ചേലിൽ കൊരുത്തു വച്ചതെന്തിനായ്
ഇനിയൊരു നാൾ വരികയില്ലെന്നറിവിലും
സ്വപ്നങ്ങൾ പകുത്തുവച്ചതെന്തിനായ്

സൂര്യ തേജസ്സായ് ജ്വലിച്ചു നില്ക്കവേ
താമരപ്പൂവായ് വിരിഞ്ഞതല്ലേ
നിശ തൻ നിശ്ശബ്ദ യാമത്തിൽ
നൂപുര ധ്വനിയായ് ഉണർന്നതെന്തേ

ഇരുളിൽ മറഞ്ഞൊരു നിഴലിനെ
വെളിച്ചം നല്കി തെളിച്ചതെന്തിനായ്
ഇനിയും ഇരുളലയെന്നെ പുണരാതെ
നീയെൻ ജീവനിൽ വെളിച്ചമായ് വന്നിടുമോ

Friday, July 22, 2011

അശ്രുപൂജ...

പടുതിരിയായ് ആളികത്തവേ
പിടഞ്ഞു പോയൊരെൻ മനസ്സിൽ
മായാത്ത ഓർമകൾ നൃത്തം വെയ്കവെ
തളരുകയാണെൻ മനവും തനുവും

മിഴിനീർകണങ്ങളെ ചിരികൊണ്ടു പൊതിയവെ
മൂകമായ് തേങ്ങുന്നുവെൻ ഹൃദയം
ചിറകറ്റു വീണൊരു നിമിഷത്തെ പഴിക്കവെ
പറന്നുയരുവാനാകില്ലെന്നറിയുന്നു

നിമിഷാർദ്ധനേരത്തിൻ അശ്രദ്ധയാൽ
തകർന്നടിഞ്ഞു പോയൊരു കുടുംബമൊന്നായ്
പകരമേകുവാനില്ലൊരു ജീവൻ
പകർന്നിടാമൊരു സ്വാന്തനം മാത്രം

നെയ്തൊരുക്കിയ സ്വപ്നങ്ങളൊക്കെയും
ചിതറി വീണതാ ചെഞ്ചോരയിൽ
ഉയിർത്തെണീക്കും മനസ്സുകളിൽ
നിറച്ചിടട്ടെ ശക്തി കാലം തന്നെ

വാക്കുകളുരുവിടാനാകാതെ
തളർന്നു പോയ മനസ്സോടെ
പ്രാർത്ഥ ന മാത്രം കൈമുതലാക്കി
അർപ്പിച്ചിടട്ടെ ഞാൻ അശ്രുപൂജ

Monday, July 11, 2011

പേമാരിയായ്....

തുളസീ ദളത്തിലും
കറുക നാമ്പിലും
ചിതറിവീണുടഞ്ഞൊരു
മഴ നീർ തുള്ളീകളെ

പെയ്തു തീരാൻ
കൊതിക്കുന്ന മനസ്സിൽ
പെയ്തൊഴിയവേ
മഴവില്ലായ് തെളിഞ്ഞും

വയൽ പൂക്കളിൽ
നിറമേകിയും
കളിയോടത്തിനു
കടലായ് മാറിയും

നിശ തൻ മൗനത്തിൽ
താളമുതിർത്തും
രാപ്പാടി തൻ ഗാനത്തിൽ
മേളമുയർത്തിയും

നന്തുണി പ്പാട്ടിൽ
രാഗവിലോലമായും
ഒഴുകിയലിയുവാൻ
പേമാരിയായ് വന്നിടുമോ

Friday, July 8, 2011

അറിയുകയല്ലേ,,,‘

ഗാനമായ് തീർന്നൊരോർമ്മ തൻ
ചിപ്പിയിൽ രാഗമേതെന്നറിയുന്നുവോ
ഭാവമില്ലാതെ ആടിയ താളങ്ങൾ
ഏതൊരു മുദ്രയെന്നറിയുമോ

പെയ്യാതെ പോയൊരു കാർമേഘമിന്നിനി
പെയ്തൊഴിയുവാൻ വന്നിടുമോ
വെയിലേറ്റു വീണൊരു പൂവിനെ ഉണർത്തുവാൻ
മഴത്തുള്ളിയായ് ദാഹജലമിറ്റുവാൻ വന്നിടുമോ

ചിറകറ്റ പൂമ്പാറ്റയായ് ഇഴഞ്ഞു നീങ്ങവേ
മുറിവുകളേകിയിനിയും നോവിക്കുമോ
നിണമണിഞ്ഞ ചിന്തകൾ മായ്ക്കുവാനാകാതെ
പുണ്യാഹമെന്തിനായ് തളിച്ചിടുന്നു

ചൊല്ലുന്ന വാക്കുകൾ വൃഥാവിലാകവേ
ദുര്യോഗമിനിയും ബാക്കിയാകയല്ലേ
നന്മകൾ ചെയ്യുവാൻ മനസ്സുറപ്പിച്ചിനിയും
നല്ല മർത്യരായ് തീരുവാൻ മറന്നിടല്ലേ

ജീവനമേകുവാൻ തപിക്കുന്ന ജീവനെ
ജീവിക്കുവാനിനിയും അനുവദിക്കില്ലേ
ജീവിത സത്യം അറിയുന്ന നിമിഷത്തിൽ
ജീവിതമിനി ഇല്ലെന്നറിയുകയല്ലേ

Tuesday, July 5, 2011

വൃന്ദാവനത്തിൽ...

ചന്ദന ചാർത്തൊന്നു കണ്ടു തൊഴുവാൻ
സങ്കട കടലൊന്നൊഴുക്കിതീർക്കുവാൻ
നാമസങ്കീർത്തനം പാടിയുണർത്തുവാൻ
ഏറെ നേരമായ് വരിയിൽ നില്പൂ

കണ്ണൊന്നു ചിമ്മി തുറന്ന നേരം
കാണ്മതിന്നായ് ചേതോഹര രൂപം
കാതോർത്തിരുന്ന നേരം
കേട്ടു ഞാനാ മണി വേണു തൻ നാദം

തൂവെണ്ണ തന്നുടെ തുലാഭാരമേറുവാൻ
തൃപ്പാദങ്ങളിൽ നമിച്ചിടാം
മഞ്ഞപ്പട്ടിൻ ശോഭയിൽ കൺ ചിമ്മുവാൻ
മിഴി പൂട്ടി കാത്തു നിന്നിടാം

നിർമ്മാല്യദർശനത്തിൽ മനം മയങ്ങുമ്പോൾ
ഉള്ളുരുകുന്നതറിഞ്ഞതേയില്ല
നിഴലായ് നീയെന്നരികിലെന്നറിയുമ്പോൾ
നേടുന്നു ഞാനാ വൃന്ദാവനം...

Thursday, June 23, 2011

പാടുവാനാകാതെ...

പകൽ കിനാവിനു ചിറകുകളേകി
പാറി പറന്നു പോയതെങ്ങു നീ
പാതി വിരിഞ്ഞൊരു പൂവായിന്നും
പരാഗരേണുക്കൾക്കായ് കാത്തിരിപ്പൂ.

പടർന്നേറുവാനൊരു ചില്ലയിലാതെ
പീടഞ്ഞു വീഴുവതിന്നു ഞാൻ
പകർന്നേകുവതില്ലയോ നീയാ സ്നേഹസ്വാന്തനം
പകരമായ് നല്കീടാമൊരു സ്നേഹ സമ്മാനം

പലനാൾ കാത്തിരുന്നു നിൻ പദനിസ്വനത്തിനായ്
പാതി വഴിയെ പോലും നീ വന്നണഞ്ഞില്ല
പുള്ളോർകുടത്തിൻ തേങ്ങലു പോലെന്നിലും
പാടുവാനാകാത്ത പദങ്ങൾ മാത്രമായ്

പൂവിനെ മറന്നൊരു പൂമ്പാറ്റയായിന്നു നീ
പുതുപൂക്കളെ പരിരംഭണം ചെയ്യവേ
പാതിരാമഴയിൽ കൊഴിഞ്ഞൊരു പൂവിനി
പുലരിയെ കാത്തിരിപ്പതെന്തിനായ്
പിന്നെയും പുലരിയെ കാതിരിപ്പതെന്തിനായ്....

Sunday, June 5, 2011

ബാക്കിപത്രം

നിറങ്ങളേഴും തുന്നി ചേർത്തൊരു വർണ്ണക്കുപ്പായം
മഴത്തുള്ളിയാൽ നനഞ്ഞൊട്ടി ഈറനാകവേ
കണ്ണുനീരൊഴുകിയ കവിളിലെ നനവ്
മഴത്തുള്ളികൾ ചാലിട്ടൊഴുകിയതെന്ന് നിനച്ചു

പുതുമണം മാറാത്ത ഉടുപ്പൊന്നു കിട്ടുവാൻ
തലയൊന്നു നനയ്ക്കാത്ത കുടയൊന്നു ചൂടുവാൻ
ഉപവാസമില്ലാതെ വയറൊന്നു നിറയ്ക്കുവാൻ
കനിവുള്ള മനസ്സുകൾക്കായ് കാത്തിരിക്കയാണിന്നും

തലോടുവാൻ നീട്ടിയ കൈകളാൽ
തട്ടിയെറിഞ്ഞതാണെന്നറിഞ്ഞിട്ടും
ചുറ്റോടു ചുറ്റിനും കണ്ണോടിച്ചിട്ടും
കാണ്മ്തില്ല എങ്ങുമേ ഒരു നറു പുഞ്ചിരി...

വ്യാധിയിൽ നഷ്ടമായ് തീർന്നൊരച്ഛനും
ആധിയാൽ പിടഞ്ഞ് തീർന്നൊരമ്മയും
ആകുലതയാൽ പകച്ചു പോയൊരു കുഞ്ഞു പെങ്ങളും
ഇന്നെൻ ജീവിത ബാക്കി പത്രമായ്.

Monday, May 23, 2011

ഇരുളിൻ വെളിച്ചം..

ഇളം കാറ്റിൽ ആലോലമാടുമീ
വെള്ളില താളിതൻ വള്ളികൾ
നാഗരൂപമായ് ഇളകിയാടുമ്പോൾ
നാമമുരുവിട്ട് മെല്ലെ പിന്തിരിഞ്ഞോടവേ

അസ്ഥിതറയിലെ കൽ വിളക്കുകൾ
തന്നിൽ തെളിഞ്ഞൊരു തിരിനാളങ്ങൾ
അടക്കിയ ചിരിയുമായ്
കാറ്റിലുലയാതെ കിന്നാരമോതിയോ

തൊട്ടാവാടി തന്നിൽ കൊളുത്തിയ
ദാവണിതുമ്പു വലിച്ചൂരവേ
ഹൃദയതുടിപ്പിൻ താളമുയർന്നപ്പോൾ
നാമസങ്കീർത്തനം ഉച്ചത്തിലായതല്ലേ

ഇന്നീ മരുഭൂവിൽ ചുടുകാറ്റേല്ക്കവേ
ഗൃഹാതുരത്വമുണർത്തുന്നൊരീ ഓർമ്മകൾ
മനസ്സിൽ അലയടിച്ചുയരവേ
കാണുന്നു ഞാനാ ഇരുളിൻ വെളിച്ചം.

Friday, May 20, 2011

നിശയുടെ പാട്ടുകാരാ...

നിശയുടെ മൗന യാമങ്ങളിൽ
മൂകമായ് പാടുന്ന പാട്ടുകാരാ..
അറിയുന്നു നിൻ ഹൃദയ നൊമ്പരം
എന്നും അറിയേണ്ടൊരാൾ മാത്രം...

അറിയാതെ പോകുവതെങ്ങിനെ
ഇനിയുമീ കനലുകൾ എരിയുമ്പോൾ
അരികത്തവളണഞ്ഞിട്ടും
വഴിമാറി പോയതെങ്ങു നീ

ഉരുകുമീ ഹൃദയത്തിൻ തേങ്ങലുകൾ
കേൾക്കാതെ പോകുവതിനാകുമോ
മുറിവേറ്റ മനസ്സുമായ് പിടഞ്ഞിടുമ്പോൾ
ഇളം തെന്നലായ് തലോടാതെ പൊകുമോ

സ്വപ്നത്തിൻ പീലികൾ കൊഴിഞ്ഞുവെന്നോ
നിന്നിലെ മോഹങ്ങളെല്ലാം കരിഞ്ഞുവെന്നോ
തളിർക്കാതെ പോയൊരു ചില്ലയിലിനിയും
നറുപുഷ്പമൊന്നു വിടരുകയില്ലയെന്നോ

കാണുവാനാകാത്ത ദൂരത്തിരിക്കിലും
എന്നും അരികിലുണ്ടെന്നറിയുക നീ
ഉണർത്തുപാട്ടുമായ് കാതോരമെത്തി
പുതുജീവൻ നിന്നിൽ ഉണർത്തീടാം.

Thursday, May 19, 2011

പ്രിയനായ്...

നീറുമീ ഏകാന്ത തീരത്തിലലയവേ
നീയെന്തേയെൻ ചാരത്തണഞ്ഞീല
ഒരുനോക്കു കാണുവാൻ കൊതിച്ചുവെന്നാകിലും
വാർമഴവില്ലായ് നീ മാഞ്ഞതെന്തേ

പൂജയ്ക്കൊരുക്കിയ പൂക്കളെല്ലാം
വാടികരിഞ്ഞുവെന്നാലും
മണമിന്നും പോകാത്ത ഇലഞ്ഞിപൂക്കളാൽ
നിനക്കായ് കൊരുത്തു ഞാനൊരു പൂമാല

ഈറനാം മിഴികളിനിയും തുളുമ്പാതെ
നിൻ വിരൽ തുമ്പിനാൽ കവർന്നെടുക്കാമോ
ശ്രീരാഗമെന്തെന്നറിയാതെ തന്നെയും
നിനക്കായ് ഞാനിനിയും പാട്ടു മൂളാം

നിൻ വേണുവിലുയരും ഗാന കല്ലോലിനിയിൽ
എല്ലാം മറന്നു ഞാൻ നടനമാടാം
പ്രിയനേ നിൻ സ്നേഹ സ്വന്തനത്തിലലിയാൻ
ജന്മങ്ങളിനിയും തപസ്സു ചെയ്യാം.

Monday, May 2, 2011

ഇനി വരികയില്ലെന്നറിവിലും...

ഈ ഇളംകാറ്റിൽ കൊഴിഞ്ഞൊരു
പാതി വിടർന്നൊരു പെൺപൂവേ
കൊടുങ്കാറ്റിലുലയാതെയിപ്പോൾ
തളർന്നുപോയതെന്തേ നീ

നിറമാർന്ന സ്വപ്നങ്ങൾ നെയ്തൊരുക്കി
കൂടൊന്നു കൂട്ടിയതല്ലേ നീ
മംഗല്യപൊന്നൊന്നു ചാർത്തീടുവാൻ
കളികൂട്ടുകാരനുമൊരുക്കമായതല്ലേ

കടിഞ്ഞാണില്ലാത്ത കുതിരയായ്
മാറിയൊരു മനസ്സിൻ വ്യാമോഹത്താൽ
നോവുകൾ മാത്രം ബാക്കിയേകി
ഈ ജീവിതമെന്തിനു തച്ചുടച്ചു

മനമൊന്നു കൈവിട്ടു പോയതിനാൽ
ജീവനെ കളിപ്പാട്ടമായ് മാറ്റിയതെന്തിനായ്
സങ്കടകണ്ണീരിൽ മുങ്ങുന്നൊരമ്മ തൻ
തേങ്ങലുകൾ നീയിനി കേൾപ്പതുണ്ടോ

ജന്മമേകിയ മനസ്സുകൾക്ക്
ശപിക്കുവാനാകില്ലൊരിക്കലും
നിറകണ്ണുകളുമായ് കാത്തിരിക്കുമിനിയും
നീയിനി വരികയില്ലെന്നറിവിലും...

Tuesday, March 29, 2011

വിഷുപ്പക്ഷി പാടുകയില്ലേ....

മഞ്ഞപ്പട്ടു പുതച്ച പോലെ
കർണികാരം പൂത്തുലഞ്ഞിട്ടും
മേട മാസമിനിയും വന്നെത്തിയില്ലേ
വിഷുപ്പക്ഷിയിനിയും പാടിയുണർത്തിയില്ലേ

പൂക്കാത്ത മാവിലെ കൊമ്പെല്ലാം പൂത്തു നിറഞ്ഞിട്ടും
പൂക്കാലമിന്നെന്തേ വന്നെത്തിയില്ല
തിങ്കൾകല വാനിലുദിച്ചിട്ടും
ആമ്പൽ പൂക്കളിനിയും വിടരാത്തതെന്തേ

സൂര്യതാപത്തിന്നിരയായ് പോകാതെ
താമരപൂക്കളും വിടരാതെ പോയോ
ഇളം മഞ്ഞിൻ കുളിരേറ്റു തളിർത്തു നില്ക്കും
തൂളസീദളവും വാടി കൊഴിഞ്ഞുവോ

ചിതറി തെറിച്ചൊരു ഓർമ്മ ചിന്തുകൾ
പെറുക്കി വെച്ചോന്നായ് കാത്തു നില്ക്കവേ
വിത്തും കൈക്കോട്ടുമെന്നുറക്കെ ചൊല്ലി
വിഷുപ്പക്ഷിയിനിയും പറന്നു പോകുമോ

Sunday, March 20, 2011

നിത്യ സ്നേഹമായ്....

മറഞ്ഞു പോയൊരു സാന്ധ്യ താരകമേ
നീയെന്നെ അറിയാതെ പോയതെന്തേ
മൗനത്തിൻ വാത്മീകത്തിൽ ഒളിക്കവേ
വീണ്ടും വിളിച്ചുണർത്തിയതെന്തേ

നൊമ്പരപൂവായ് അലിയുവാൻ മോഹിക്കവേ
വീണ്ടുമൊരു പൂമൊട്ടായ് മാറ്റിയതെന്തേ
സ്നേഹയമുനയായ് ഒഴുകുവാൻ കൊതിച്ചെന്നാലും
കാളിന്ദി തൻ പുളിനമായ് തീർന്നുവല്ലോ

നിനക്കായ് ജന്മമൊന്നു ബാക്കി വെക്കാം
കടമൊന്നുമില്ലാതെ കാത്തുവെക്കാം,
ഉയരുമീ സ്നേഹത്തിൻ ഗാനത്താലെന്നും
ഉണർവ്വോടെ നിന്നെ ഞാൻ ചേർത്തുനിർത്താം

കൊഴിഞ്ഞൊരീ ഇലകൾ തൻ വേദനയിൽ
തളിരിടും നാമ്പുകൾ തൻ സ്വപ്നങ്ങൾ
വെറുമൊരു ചാപല്യമായ് കണ്ടിടാതെ
നിത്യ സ്നേഹത്തിൻ സ്മാരകമായ് ഉയർത്തീടാം.

Sunday, March 13, 2011

കനലുകളായ്..

കവിത വിരിയും മനസ്സിൽ
കനലുകൾ എരിയുന്നതറിയുമ്പോൾ
ഒരു മഴത്തുള്ളിയായതിൽ നിപതിക്കുവാൻ
മനസ്സിൻ വെമ്പൽ വ്യാമോഹമെന്നറിയുന്നു

എരിയുമാ മനസ്സിൻ തീച്ചൂളയിൽ
ഉരുകി തീരുമോ നിൻ മോഹങ്ങൾ
മഞ്ഞു തുള്ളിയായ് ഇറ്റുവീണിടാം
നിൻ മനസ്സ്സിലേയ്കിറ്റു തണവേകുവാൻ

ചിരി കൊണ്ടു പൊതിയുന്ന പൊയ്മുഖമെന്നാലും
പുകയുന്നൊരു ഉള്ളം കാണുന്നു ഞാൻ
വിടരാതെ കൊഴിയുന്ന നിൻ സ്വപ്നങ്ങൾ
വിടർത്തീടാം ഈ ഊഷര ഭൂവിൽ

വളർത്താം നിന്നിലെ സ്വപ്നങ്ങൾ മുല്ലവള്ളി പോൽ
പടർത്തീടാം സ്നേഹത്തിൻ തേന്മാവിൽ....
തളരരുതേ ഇനിയും നിൻ മനം
തകരാതെ ഞാൻ കാത്തു സൂക്ഷിച്ചിടാം..

Sunday, March 6, 2011

വർഷമായ്....

ഒഴുകി വീഴുമീ മഴത്തുള്ളിയിൽ
അലിഞ്ഞു ചേരുമീ മിഴിനീർ തുള്ളികൾ
ആരുമറിയാതെ വിരിഞ്ഞു കൊഴിയും
പാതിരാപ്പൂ പോൽ കാണാതെ പോകയായ്

ഏകയായ് തീർന്നൊരു നിശ തൻ
തേങ്ങലുകൾ കാതിൽ പതിക്കവേ
മിന്നിതെളിയുന്ന സാന്ധ്യ താരകം
ഏകനെന്നു ചൊല്ലിയതറിഞ്ഞുവോ

നിലാവിൽ മാഞ്ഞു പോകും നിഴലിനെ കാണവേ
മേഘമായ് മാറുവാൻ കൊതിക്കുന്നുവോ
മണ്ണിൽ പുതഞ്ഞൊരു മുത്തുച്ചിപ്പിയായ്
മനം കവരുവാൻ മോഹിക്കുന്നുവോ

ലോലമാം മനസ്സിൻ തന്ത്രിയിൽ
വിരൽ മീട്ടി പാടുവാൻ നിനക്കവേ
സ്വര രാഗ സുധതൻ ശുദ്ധ സംഗീതം
വർഷമായ് പെയ്തൊഴിഞ്ഞിടട്ടെ....

Tuesday, February 15, 2011

നീയണയുകില്ലേ...

മാഞ്ഞുപോകുമൊരു മാരിവില്ലായ് മറയാതെ
പുലരൊളിയേകും സൂര്യനായ് തീരുകില്ലേ
തകർത്തുപെയ്യും പേമാരിയാവാതെ
നനുത്ത ചാറ്റൽ മഴയായ് തഴുകില്ലേ

ഇളകി മറിഞ്ഞൊഴുകും പുഴയായ് മാറാതെ
പനിനീരുപോലുള്ള അരുവിയായ് ഒഴുകില്ലേ
താമരയിലയിൽ തുളുമ്പും ജലത്തുള്ളിയാകാതെ
പുൽ ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയായ് തണവേകില്ലേ

കനവിൽ നിറയും ആർദ്രതയാകാതെ
നിനവിൽ തെളിയും സ്നേഹമായ് വരുകില്ലേ
പ്രിയമേറുന്നൊരു സ്വപ്നമായ് തെളിയാതെ
പ്രണയമേകുന്നൊരു സ്പന്ദനമായ് തുടിക്കുകില്ലേ

ദിനങ്ങളേറെ കൊഴിഞ്ഞു പോയെന്നാലും
ജന്മാന്തരങ്ങളിലൂടെ അരികത്തണയുകില്ലേ
ഇനിയും അണയാത്ത മോഹമായ് തളരാതെ
തെളിയുന്ന ഉയിരുമായ് അരുകിലണയുകില്ലേ

Monday, February 7, 2011

കൺചിമ്മാതെ...

നീലവാനിൽ മേഘത്തേരുകൾ പാഞ്ഞിടുമ്പോൾ
സാന്ധ്യതാരകം കൺചിമ്മിയതെന്തേ
വിളക്കുവയ്ക്കുവാനെത്തിയ ദേവസുന്ദരികൾ തൻ
പുഞ്ചിരിയിൽ കണ്ണുകളഞ്ചിയതോ

കളിവാക്കു ചൊല്ലുവാൻ അരികിലെത്തും
തിങ്കൾ കിടാവിനെ കണ്ടതിനാലോ
കളകളം പൊഴിക്കുന്നൊരീ കായൽതിരകളുടെ
നൂപുരധ്വനി കേട്ടതിനാലോ

കഥകളിലൂം കവിതയിലും നിറയുന്ന
നിളയുടെ നെടുവീർപ്പുകൾ അറിഞ്ഞതിനാലോ
തുഞ്ചൻ പറമ്പിലെ കിളിതത്ത തൻ
സ്വരരാഗ സംഗീതം കാതിലിമ്പമായ് തീർന്നതിനാലോ

ഇരുളിൻ യാമങ്ങളിൽ ഉയർന്നു കേട്ടൊരു നിലവിളി
ബധിര കർണ്ണങ്ങളിൽ അലിഞ്ഞില്ലാതായതിനാലോ
പിടഞ്ഞു പോയൊരു ജീവന്റെ തുടിപ്പുകൾ
നിലച്ചുപോയതറിഞ്ഞതിനാലോ

നിസംഗതയാൽ പൊലിഞ്ഞു പോയൊരു ജീവനായ്
ഇനിയൊരു ജീവനെ നഷ്ടമാക്കാതെ
ഇനിയും കണ്ണിമയൊന്നു ചിമ്മാതെ
കാവലായ് കാത്തിരിക്കുവതാണോ....

Wednesday, January 19, 2011

വെൺ പിറാവേ...

മനസ്സിന്റെ ജാലകവാതിലിനരികിൽ
ചിറകിട്ടടിച്ചൊരു വെൺ പിറാവേ
ഉടഞ്ഞു വീണൊരു ചില്ലുജാലകത്തിലൂടെ
ആരും കാണാതെൻ ചാരേ നീയെന്തിനായ് വന്നു

മുറിവൊന്നുമേല്ക്കാതെ പറന്നു വന്ന നിനക്കെൻ
ഇരുൾ തിങ്ങിയ ജാലകവാതിലിനാൽ മുറിവേകിയോ
തമസ്സു മുറ്റിയ വഴിയിലൊരിത്തിരി വെട്ടമായ്
വന്നൊരു മിന്നാമിനുങ്ങിന്നെങ്ങു പോയ്

നിണമാർന്ന ചിറകുമായ് നീയെൻ നെഞ്ചിൽ കുറുകി ചേരവേ
മുൾമുനയേറ്റപോലെൻ നെഞ്ചകം നീറിപിടയുന്നു
ഇനിയുമിവിടെ നിണമിറ്റു വീഴാതെ
ശാന്തി തൻ ദൂതുമായ് നീ പറന്നുയരാമോ...

Tuesday, January 11, 2011

അറിവിൻ നാദമായ്....

കരയില്ല ഞാനിനി എത്ര നൊന്തെന്നാലും
എന്നും കാണ്മതീ കണ്ണീരു വറ്റിയൊരു ഉറവ മാത്രം
ചടുലമാം വാക്കുകളെന്നിൽ പതിക്കുമ്പോൾ
ചാട്ടവാറടിയേറ്റു പുളഞ്ഞതെൻ മനം

ദാനമായ് കിട്ടിയൊരു ജന്മത്തിൻ
ശേഷിപ്പു ഞാനിങ്ങു നല്കീടട്ടെ
തീരാ പ്രണയത്തിൻ തീരത്തു നിന്നും
ശേഷക്രിയയ്ക്കുള്ള കറുക നാമ്പൊന്നു നുള്ളീടട്ടെ

കണക്കുകളെല്ലാം പിഴച്ചിടുമ്പോൾ
കൂട്ടലും കിഴിക്കലും പിഴകൾ മാത്രം
അറിവിന്റെ നാദമായ് തീർന്നുവെന്നാൽ
അറിയാതെ തന്നെ നമിച്ചു കൊള്ളാം