Friday, July 8, 2011

അറിയുകയല്ലേ,,,‘

ഗാനമായ് തീർന്നൊരോർമ്മ തൻ
ചിപ്പിയിൽ രാഗമേതെന്നറിയുന്നുവോ
ഭാവമില്ലാതെ ആടിയ താളങ്ങൾ
ഏതൊരു മുദ്രയെന്നറിയുമോ

പെയ്യാതെ പോയൊരു കാർമേഘമിന്നിനി
പെയ്തൊഴിയുവാൻ വന്നിടുമോ
വെയിലേറ്റു വീണൊരു പൂവിനെ ഉണർത്തുവാൻ
മഴത്തുള്ളിയായ് ദാഹജലമിറ്റുവാൻ വന്നിടുമോ

ചിറകറ്റ പൂമ്പാറ്റയായ് ഇഴഞ്ഞു നീങ്ങവേ
മുറിവുകളേകിയിനിയും നോവിക്കുമോ
നിണമണിഞ്ഞ ചിന്തകൾ മായ്ക്കുവാനാകാതെ
പുണ്യാഹമെന്തിനായ് തളിച്ചിടുന്നു

ചൊല്ലുന്ന വാക്കുകൾ വൃഥാവിലാകവേ
ദുര്യോഗമിനിയും ബാക്കിയാകയല്ലേ
നന്മകൾ ചെയ്യുവാൻ മനസ്സുറപ്പിച്ചിനിയും
നല്ല മർത്യരായ് തീരുവാൻ മറന്നിടല്ലേ

ജീവനമേകുവാൻ തപിക്കുന്ന ജീവനെ
ജീവിക്കുവാനിനിയും അനുവദിക്കില്ലേ
ജീവിത സത്യം അറിയുന്ന നിമിഷത്തിൽ
ജീവിതമിനി ഇല്ലെന്നറിയുകയല്ലേ

No comments:

Post a Comment