Sunday, July 31, 2011

എന്തിനായ്...

വെയിലേറ്റു വാടിയ പൂക്കളേയോ
മഴയിൽ പൊഴിഞ്ഞ പൂമൊട്ടുകളേയോ
മഴമേഘം മറച്ച താരകങ്ങളേയോ
നിനക്കേറെ പ്രിയമേറിയതെന്തിനായ്

ചിതറി തെറിച്ചൊരു മുത്തുകൾ
ചേലിൽ കൊരുത്തു വച്ചതെന്തിനായ്
ഇനിയൊരു നാൾ വരികയില്ലെന്നറിവിലും
സ്വപ്നങ്ങൾ പകുത്തുവച്ചതെന്തിനായ്

സൂര്യ തേജസ്സായ് ജ്വലിച്ചു നില്ക്കവേ
താമരപ്പൂവായ് വിരിഞ്ഞതല്ലേ
നിശ തൻ നിശ്ശബ്ദ യാമത്തിൽ
നൂപുര ധ്വനിയായ് ഉണർന്നതെന്തേ

ഇരുളിൽ മറഞ്ഞൊരു നിഴലിനെ
വെളിച്ചം നല്കി തെളിച്ചതെന്തിനായ്
ഇനിയും ഇരുളലയെന്നെ പുണരാതെ
നീയെൻ ജീവനിൽ വെളിച്ചമായ് വന്നിടുമോ

Friday, July 22, 2011

അശ്രുപൂജ...

പടുതിരിയായ് ആളികത്തവേ
പിടഞ്ഞു പോയൊരെൻ മനസ്സിൽ
മായാത്ത ഓർമകൾ നൃത്തം വെയ്കവെ
തളരുകയാണെൻ മനവും തനുവും

മിഴിനീർകണങ്ങളെ ചിരികൊണ്ടു പൊതിയവെ
മൂകമായ് തേങ്ങുന്നുവെൻ ഹൃദയം
ചിറകറ്റു വീണൊരു നിമിഷത്തെ പഴിക്കവെ
പറന്നുയരുവാനാകില്ലെന്നറിയുന്നു

നിമിഷാർദ്ധനേരത്തിൻ അശ്രദ്ധയാൽ
തകർന്നടിഞ്ഞു പോയൊരു കുടുംബമൊന്നായ്
പകരമേകുവാനില്ലൊരു ജീവൻ
പകർന്നിടാമൊരു സ്വാന്തനം മാത്രം

നെയ്തൊരുക്കിയ സ്വപ്നങ്ങളൊക്കെയും
ചിതറി വീണതാ ചെഞ്ചോരയിൽ
ഉയിർത്തെണീക്കും മനസ്സുകളിൽ
നിറച്ചിടട്ടെ ശക്തി കാലം തന്നെ

വാക്കുകളുരുവിടാനാകാതെ
തളർന്നു പോയ മനസ്സോടെ
പ്രാർത്ഥ ന മാത്രം കൈമുതലാക്കി
അർപ്പിച്ചിടട്ടെ ഞാൻ അശ്രുപൂജ

Monday, July 11, 2011

പേമാരിയായ്....

തുളസീ ദളത്തിലും
കറുക നാമ്പിലും
ചിതറിവീണുടഞ്ഞൊരു
മഴ നീർ തുള്ളീകളെ

പെയ്തു തീരാൻ
കൊതിക്കുന്ന മനസ്സിൽ
പെയ്തൊഴിയവേ
മഴവില്ലായ് തെളിഞ്ഞും

വയൽ പൂക്കളിൽ
നിറമേകിയും
കളിയോടത്തിനു
കടലായ് മാറിയും

നിശ തൻ മൗനത്തിൽ
താളമുതിർത്തും
രാപ്പാടി തൻ ഗാനത്തിൽ
മേളമുയർത്തിയും

നന്തുണി പ്പാട്ടിൽ
രാഗവിലോലമായും
ഒഴുകിയലിയുവാൻ
പേമാരിയായ് വന്നിടുമോ

Friday, July 8, 2011

അറിയുകയല്ലേ,,,‘

ഗാനമായ് തീർന്നൊരോർമ്മ തൻ
ചിപ്പിയിൽ രാഗമേതെന്നറിയുന്നുവോ
ഭാവമില്ലാതെ ആടിയ താളങ്ങൾ
ഏതൊരു മുദ്രയെന്നറിയുമോ

പെയ്യാതെ പോയൊരു കാർമേഘമിന്നിനി
പെയ്തൊഴിയുവാൻ വന്നിടുമോ
വെയിലേറ്റു വീണൊരു പൂവിനെ ഉണർത്തുവാൻ
മഴത്തുള്ളിയായ് ദാഹജലമിറ്റുവാൻ വന്നിടുമോ

ചിറകറ്റ പൂമ്പാറ്റയായ് ഇഴഞ്ഞു നീങ്ങവേ
മുറിവുകളേകിയിനിയും നോവിക്കുമോ
നിണമണിഞ്ഞ ചിന്തകൾ മായ്ക്കുവാനാകാതെ
പുണ്യാഹമെന്തിനായ് തളിച്ചിടുന്നു

ചൊല്ലുന്ന വാക്കുകൾ വൃഥാവിലാകവേ
ദുര്യോഗമിനിയും ബാക്കിയാകയല്ലേ
നന്മകൾ ചെയ്യുവാൻ മനസ്സുറപ്പിച്ചിനിയും
നല്ല മർത്യരായ് തീരുവാൻ മറന്നിടല്ലേ

ജീവനമേകുവാൻ തപിക്കുന്ന ജീവനെ
ജീവിക്കുവാനിനിയും അനുവദിക്കില്ലേ
ജീവിത സത്യം അറിയുന്ന നിമിഷത്തിൽ
ജീവിതമിനി ഇല്ലെന്നറിയുകയല്ലേ

Tuesday, July 5, 2011

വൃന്ദാവനത്തിൽ...

ചന്ദന ചാർത്തൊന്നു കണ്ടു തൊഴുവാൻ
സങ്കട കടലൊന്നൊഴുക്കിതീർക്കുവാൻ
നാമസങ്കീർത്തനം പാടിയുണർത്തുവാൻ
ഏറെ നേരമായ് വരിയിൽ നില്പൂ

കണ്ണൊന്നു ചിമ്മി തുറന്ന നേരം
കാണ്മതിന്നായ് ചേതോഹര രൂപം
കാതോർത്തിരുന്ന നേരം
കേട്ടു ഞാനാ മണി വേണു തൻ നാദം

തൂവെണ്ണ തന്നുടെ തുലാഭാരമേറുവാൻ
തൃപ്പാദങ്ങളിൽ നമിച്ചിടാം
മഞ്ഞപ്പട്ടിൻ ശോഭയിൽ കൺ ചിമ്മുവാൻ
മിഴി പൂട്ടി കാത്തു നിന്നിടാം

നിർമ്മാല്യദർശനത്തിൽ മനം മയങ്ങുമ്പോൾ
ഉള്ളുരുകുന്നതറിഞ്ഞതേയില്ല
നിഴലായ് നീയെന്നരികിലെന്നറിയുമ്പോൾ
നേടുന്നു ഞാനാ വൃന്ദാവനം...