Sunday, May 26, 2013

മഴയൊന്നു പെയ്താല്‍ ......

വെയിലത്ത് വാടാതെ നിന്നൊരു ചെമ്പകം കാറ്റിന്‍ തഴുകലില്‍ കൊഴിയുവതെങ്ങിനെ നിഴല്‍ പടര്‍ന്നൊരു വീഥിയാകെ ചെമ്പക പരവതാനിയായ് മാറിയതെങ്ങിനെ വേരുകള്‍ ആഴ്ന്നൊരു മണ്ണിന്‍ നനവ് ഇല്ലാതെ പോകവേ കരിഞ്ഞു വീണതാകാം തളിരിട്ട ചില്ലകള്‍ കരിഞ്ഞുണങ്ങവേ മഴതുള്ളിയിങ്ങിറ്റു വീഴുവാന്‍ മനവും ഭൂമിയും ദാഹിക്കയല്ലോ തെളിഞ്ഞ വാനിടമൊന്നു കറുക്കവേ കാര്‍മേഘത്തെയുറ്റു നോക്കുന്നു മരവും മനുജനും ഒന്നുപോലെ മഴവില്ലൊന്നു തെളിഞ്ഞു മായവേ മാരിയൊന്നു പെയ്തൊഴിയവേ തളിരണിയും വൃക്ഷലതാതികള്‍ കുളിരണിയും ഭൂമി ദേവിയും കളിവള്ളമൊഴുക്കും കുഞ്ഞു മനസ്സില്‍ കുടിവെള്ളമില്ലെന്നാധിയില്ല വറുതി തന്‍ നോവുമില്ല മഴയൊന്നു മാറി പോയാല്‍ വറുതിയിലാകും മനുജര്‍ മഴയൊന്നു മാറാതെ നിന്നാലും ദുരിതങ്ങള്‍ക്കറുതിയില്ലയല്ലോ.

Tuesday, May 21, 2013

വര്‍ണ്ണചിത്രം....

നിറഞ്ഞമൌനത്തിന്‍ പൊരുളറിയാതെ അടര്‍ന്നു വീഴും കണ്ണീരറിയാതെ പിടഞ്ഞു തീരും മനസ്സിന്‍ നോവുകള്‍ ഉടഞ്ഞ കണ്ണാടി പോല്‍ ചിതറിയതെന്തേ തീരാത്ത മൌനത്തില്‍ മുങ്ങിയതെന്തേ തോരാത്ത കണ്ണീരു പകര്‍ന്നേകുവാനോ കിനാവിന്റെ തീരത്തിലെത്തി നോക്കുവാന്‍ നിദ്ര തന്‍ ജാലകം തുറന്നുവെന്നോ വിടരാതെ പോയ സുമങ്ങളൊക്കെയും വാടാതെ തന്നെ കൊഴിഞ്ഞുവെന്നോ ചിലമ്പാതെ ചിലുമ്പുന്ന കാറ്റിന്‍ മര്‍മ്മരം കൊലുസ്സിന്‍ കലമ്പല്‍ മറച്ചുവെന്നോ ഒരുവട്ടം കൂടിയാ ഇടവഴിയിലൂടെ ഓടിക്കളിക്കുവാന്‍ മോഹിക്കവേ നിറങ്ങളെല്ലാം മാഞ്ഞുപോയൊരു വര്‍ണ്ണ ചിത്രമായ് മാറുന്നു

Thursday, May 9, 2013

ഓര്‍ക്കുക നീ.

.. പുകയുന്ന മനസ്സിന്നുള്ളില്‍  എരിയും കനവുകള്‍ക്ക് ഒരു പിടി അന്നത്തിന്റെ വേവുന്ന ചൂടുണ്ടായിരുന്നു കനലുകള്‍ പുകയുമ്പോള്‍  ഉയരുന്ന തേങ്ങലുകള്‍  ചുരത്താത്ത മുലപ്പാലിന്‍  മുറവിളിയായ് മാറുന്നു മറയ്ക്കുവാനാകാത്ത ഒതുങ്ങിയ വയറും  അരചാണ്‍ തുണിയും  ഗതികേടെന്നറിയുക നീ എയറൊബിക്സിന്‍ താളമില്ലാതെ അഴകേറും അളവുകളായ് മാറ്റുന്നതീ ദാരിദ്ര്യമാകവേ ദൈവത്തിന്‍ അസമത്വമെന്നോ ഉള്ളവര്‍ക്കെല്ലാം പിന്നെയും  വാരിക്കൊടുക്കവേ ഷുഗറും പ്രഷറും കൊളസ്ട്രോളും  തിന്നുവാനാകാതെ വലയ്ക്കുകയായ് യാചിച്ചു നേടിയ കഞ്ഞിക്കുള്ളില്‍  അമ്മ തന്‍ കണ്ണീരുപ്പു കലരവേ അമൃതായ് മാറുന്നതറിയുന്നുവോ ഒരു വറ്റുമില്ലാത്ത തെളിവെള്ളം  കുറ്റവും ദോഷവും തേടിപ്പിടിക്കവേ കാണുവാനൊന്നു കണ്ണു തുറക്കുക ഒരു നേരം പോലും അന്നമില്ലാതെ കേഴുന്ന കുഞ്ഞിളം മുഖമൊന്നോര്‍ക്ക നീ...

Sunday, May 5, 2013

കാണാതീരത്തില്‍ ,,,

കണ്ണീരും കിനാക്കളും  കൈകോര്‍ത്ത് ചിരിക്കവേ വീണ്ടും മഴവില്ലഴകുമായ് വസന്തം വിരുന്നെത്തുകില്ലേ കരയുവാന്‍ മറന്ന കണ്‍കളില്‍  സ്വപ്നം പീലി വിടര്‍ത്തുകില്ലേ കദനം തഴുകിയ ചുണ്ടുകള്‍  നറുപുഞ്ചിരിയുമായ് വിടരുകയില്ലേ പാടുവാന്‍ മറന്ന മൌനഗീതങ്ങള്‍  ഗാനവിപഞ്ചികയായ് ഉയരുകയില്ലേ താളം മറന്ന പാദങ്ങള്‍  ചടുല നൃത്തത്തില്‍ മറന്നാടുകില്ലേ കാലം മറന്നു പൂത്ത കൊന്നപോലെ പൂക്കാ മരത്തില്‍ പൂ വിടരുകില്ലേ കദനത്തിന്‍ കൂരിരുള്‍ മാഞ്ഞുപോയ് കനവിന്‍ നിലാവല തെളിയുകില്ലേ കാണാത്ത തീരത്തു നിന്നുമെന്നും  കരുണ തന്‍ ദീപം തെളിഞ്ഞിടട്ടെ തോരാത്ത കണ്ണീരു തുടയ്ക്കുവാനായ് കാരുണ്യസ്പര്‍ശമായ് തീര്‍ന്നിടട്ടെ