Sunday, November 13, 2011

നോക്കുകുത്തി...

സ്വപ്നക്കൂടൊരുക്കി കാത്തിരുന്നതെന്‍
ശവമഞ്ചമിറക്കാനായിരുന്നുവോ
ഉള്ളതുകോണ്ടോണമൊരുക്കിയൊരമ്മയെ
കണ്ണീര്‍കായലില്‍ തള്ളുവാനോ

മോഹനവാഗ്ദാനമൊന്നും നല്കിയില്ല ഞാന്‍
മോഹങ്ങളൊക്കെ മനസ്സിലൊളിപ്പിച്ചതല്ലാതെ
വിശന്നു തളര്‍ന്നപ്പോളൊക്കെ ഞാനോര്‍ത്തതെന്‍
തളരാതെ പൊരുതുമെന്‍ അമ്മയെ മാത്രം

ദിവസക്കൂലിയില്‍ നിന്നുമെടുത്ത നാണയത്തുട്ടുകള്‍
കിലുക്കാതെ കാത്തുവച്ചതെന്തിനായി
ജീവന്‍ വെടിഞ്ഞൊരെന്‍ ദേഹത്തിനിനിയും
നാണം മറയ്ക്കും കച്ചയൊരുക്കുവാനോ

ശക്തിയൊന്നിനുമില്ലാതെ തളര്‍ന്നു പോകവേ
കേട്ടില്ലയാരുമേ ഉച്ചത്തിലുയര്‍ന്നയെന്‍ നിലവിളികള്‍
കണ്ണീരില്‍ കുതിര്‍ന്നൊരെന്‍ ജല്പനമുയരവേ
ഇവിടെ നഷ്ടമായതോയെന്‍ മാനവും ജീവനും

മൃഗതൃഷ്ണയ്ക്കിരയായൊരെന്‍ ജീവനു പകരമായ്
നല്കിയതോ ഈ തൂക്കുമരം
ആരാച്ചാരില്ലാത്തയീ നാട്ടില്‍
ഈ കഴുമരവും വെറും നോക്കുകുത്തിയല്ലേ

Wednesday, November 9, 2011

പ്രണയത്തിന്‍ നൊമ്പരം ...

പ്രണയത്തിന്‍ നൊമ്പരമറിയുന്നു ഞാനെന്‍
ഹൃദയത്തിന്‍ വേദന അറിയുന്നു
കാണാമറയത്തിരുന്നു നീയെനിക്കേകിയ
ചുംബനമിന്നെന്നില്‍ ജ്വലിക്കുന്നു

ചിതറിത്തെറിച്ചൊരാ ഓര്‍മ്മ തന്‍ മുത്തുകള്‍
കൊരുത്തെടുത്ത് ഞാന്‍ ചാര്‍ത്തി തരാം
വെയിലായ് നിന്നില്‍ വെളിച്ചമേകാം
നിഴലായ് നിന്നുടെ കൂടെ വരാം

സ്വപ്നങ്ങളെല്ലാം പകുത്തു നല്‍കാം
സ്വര്‍ഗ്ഗങ്ങളൊക്കെ സ്വന്തമാക്കാം
കിനാവിന്റെ തീരത്തു ഉല്ലസിക്കാം
ഉരുകിയൊഴുകും കണ്ണീരെല്ലാം തുടച്ചു മാറ്റാം

നെഞ്ചിലെ ചൂടൊന്നായ് പകര്‍ന്നു നല്‍കാം
കുഞ്ഞരിപ്രാവായ് കുറുകി നില്‍ക്കാം
ഉറങ്ങുവാന്‍ താരാട്ടായൊഴുകിയെത്താം
ഉണരുമ്പോള്‍ പൊന്‍കണിയായ് മുന്നിലെത്താം

മഴവില്ലിന്‍ ശോഭയുമായ് വന്നണഞ്ഞാല്‍
മാമയിലായ് ഞാനെന്‍ പീലി നിവര്‍ത്തും
തളരാതെ നീയെന്നും കൂടെ വേണം
തകരാതെ നിനക്കായ് കാത്തിരിക്കാം

Thursday, November 3, 2011

നോവിക്കുമോര്‍മ്മയായ്...

അഷ്ടദിക്പാലകന്മാരായി പിറന്ന മക്കളെട്ടും
ജനയിതാവായി കൂട്ടിയില്ല കൂട്ടത്തില്‍ ,
അഗതികള്‍ക്കാശ്രയമേകും വൃദ്ധസദനത്തില്‍
എത്തിച്ചിടുവാന്‍ മാത്രം കനിവേകി

ജന്മമേകിയ മാതാവിന്‍ ചിതയെരിഞ്ഞു തീരും മുന്‍പേ
പകുത്തെടുത്തു ജന്മഗൃഹമിരുന്നിടും മണ്ണിന്‍ തരികള്‍ ,
സ്വയമെരിഞ്ഞും പ്കലന്തിയോളം പണിയെടുത്തും
വളര്‍ത്തിയെടുത്തു തന്‍ പ്രിയ പുത്രരെ

പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി

മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും