Tuesday, March 29, 2011

വിഷുപ്പക്ഷി പാടുകയില്ലേ....

മഞ്ഞപ്പട്ടു പുതച്ച പോലെ
കർണികാരം പൂത്തുലഞ്ഞിട്ടും
മേട മാസമിനിയും വന്നെത്തിയില്ലേ
വിഷുപ്പക്ഷിയിനിയും പാടിയുണർത്തിയില്ലേ

പൂക്കാത്ത മാവിലെ കൊമ്പെല്ലാം പൂത്തു നിറഞ്ഞിട്ടും
പൂക്കാലമിന്നെന്തേ വന്നെത്തിയില്ല
തിങ്കൾകല വാനിലുദിച്ചിട്ടും
ആമ്പൽ പൂക്കളിനിയും വിടരാത്തതെന്തേ

സൂര്യതാപത്തിന്നിരയായ് പോകാതെ
താമരപൂക്കളും വിടരാതെ പോയോ
ഇളം മഞ്ഞിൻ കുളിരേറ്റു തളിർത്തു നില്ക്കും
തൂളസീദളവും വാടി കൊഴിഞ്ഞുവോ

ചിതറി തെറിച്ചൊരു ഓർമ്മ ചിന്തുകൾ
പെറുക്കി വെച്ചോന്നായ് കാത്തു നില്ക്കവേ
വിത്തും കൈക്കോട്ടുമെന്നുറക്കെ ചൊല്ലി
വിഷുപ്പക്ഷിയിനിയും പറന്നു പോകുമോ

Sunday, March 20, 2011

നിത്യ സ്നേഹമായ്....

മറഞ്ഞു പോയൊരു സാന്ധ്യ താരകമേ
നീയെന്നെ അറിയാതെ പോയതെന്തേ
മൗനത്തിൻ വാത്മീകത്തിൽ ഒളിക്കവേ
വീണ്ടും വിളിച്ചുണർത്തിയതെന്തേ

നൊമ്പരപൂവായ് അലിയുവാൻ മോഹിക്കവേ
വീണ്ടുമൊരു പൂമൊട്ടായ് മാറ്റിയതെന്തേ
സ്നേഹയമുനയായ് ഒഴുകുവാൻ കൊതിച്ചെന്നാലും
കാളിന്ദി തൻ പുളിനമായ് തീർന്നുവല്ലോ

നിനക്കായ് ജന്മമൊന്നു ബാക്കി വെക്കാം
കടമൊന്നുമില്ലാതെ കാത്തുവെക്കാം,
ഉയരുമീ സ്നേഹത്തിൻ ഗാനത്താലെന്നും
ഉണർവ്വോടെ നിന്നെ ഞാൻ ചേർത്തുനിർത്താം

കൊഴിഞ്ഞൊരീ ഇലകൾ തൻ വേദനയിൽ
തളിരിടും നാമ്പുകൾ തൻ സ്വപ്നങ്ങൾ
വെറുമൊരു ചാപല്യമായ് കണ്ടിടാതെ
നിത്യ സ്നേഹത്തിൻ സ്മാരകമായ് ഉയർത്തീടാം.

Sunday, March 13, 2011

കനലുകളായ്..

കവിത വിരിയും മനസ്സിൽ
കനലുകൾ എരിയുന്നതറിയുമ്പോൾ
ഒരു മഴത്തുള്ളിയായതിൽ നിപതിക്കുവാൻ
മനസ്സിൻ വെമ്പൽ വ്യാമോഹമെന്നറിയുന്നു

എരിയുമാ മനസ്സിൻ തീച്ചൂളയിൽ
ഉരുകി തീരുമോ നിൻ മോഹങ്ങൾ
മഞ്ഞു തുള്ളിയായ് ഇറ്റുവീണിടാം
നിൻ മനസ്സ്സിലേയ്കിറ്റു തണവേകുവാൻ

ചിരി കൊണ്ടു പൊതിയുന്ന പൊയ്മുഖമെന്നാലും
പുകയുന്നൊരു ഉള്ളം കാണുന്നു ഞാൻ
വിടരാതെ കൊഴിയുന്ന നിൻ സ്വപ്നങ്ങൾ
വിടർത്തീടാം ഈ ഊഷര ഭൂവിൽ

വളർത്താം നിന്നിലെ സ്വപ്നങ്ങൾ മുല്ലവള്ളി പോൽ
പടർത്തീടാം സ്നേഹത്തിൻ തേന്മാവിൽ....
തളരരുതേ ഇനിയും നിൻ മനം
തകരാതെ ഞാൻ കാത്തു സൂക്ഷിച്ചിടാം..

Sunday, March 6, 2011

വർഷമായ്....

ഒഴുകി വീഴുമീ മഴത്തുള്ളിയിൽ
അലിഞ്ഞു ചേരുമീ മിഴിനീർ തുള്ളികൾ
ആരുമറിയാതെ വിരിഞ്ഞു കൊഴിയും
പാതിരാപ്പൂ പോൽ കാണാതെ പോകയായ്

ഏകയായ് തീർന്നൊരു നിശ തൻ
തേങ്ങലുകൾ കാതിൽ പതിക്കവേ
മിന്നിതെളിയുന്ന സാന്ധ്യ താരകം
ഏകനെന്നു ചൊല്ലിയതറിഞ്ഞുവോ

നിലാവിൽ മാഞ്ഞു പോകും നിഴലിനെ കാണവേ
മേഘമായ് മാറുവാൻ കൊതിക്കുന്നുവോ
മണ്ണിൽ പുതഞ്ഞൊരു മുത്തുച്ചിപ്പിയായ്
മനം കവരുവാൻ മോഹിക്കുന്നുവോ

ലോലമാം മനസ്സിൻ തന്ത്രിയിൽ
വിരൽ മീട്ടി പാടുവാൻ നിനക്കവേ
സ്വര രാഗ സുധതൻ ശുദ്ധ സംഗീതം
വർഷമായ് പെയ്തൊഴിഞ്ഞിടട്ടെ....