Sunday, January 20, 2013

ജന്മസാഫല്യമായ്..

കതിരവനുദിക്കും മുന്‍പേ കണികാണാനൊരുങ്ങി നില്‍ക്കും  ഉഷമലരി പൂവായ് ഞാനെന്‍  കായാമ്പൂവര്‍ണ്ണനരികിലെത്തിടട്ടെ നിര്‍മാല്യ സായൂജ്യത്തില്‍  മയങ്ങി നില്‍ക്കവേ വാകചാര്‍ത്തിന്‍ ദര്‍ശനപുണ്യം  പകര്‍ന്നേകുവാന്‍ ഞാനും വന്നിടട്ടെ ചെത്തിയും തുളസിയും മാറില്‍ ചേരവേ പാദമൊന്നു ചുംബിക്കുവാന്‍ ഞാനും വന്നിടാം  ചന്ദനചാര്‍ത്തിന്‍ സുഗന്ധവുമായ് അലിഞ്ഞുചേര്‍ന്നിടാന്‍ ഞാനുമെത്തീടാം  അഭിഷേക തെളിനീരില്‍  ഒഴുകി നീങ്ങവേ എന്നിലെ പാപഭാരമൊക്കെയും  അലിഞ്ഞുപോകുവതറിയുന്നു ഞാന്‍  ഉഷസ്സിന്‍ പൊന്‍കിരണമെത്തും മുന്‍പേ ഉണര്‍ന്നതീ ജന്മപുണ്യത്തിനായ് നാമ സങ്കീര്‍ത്തനമുയരും വേളയില്‍  നേടിടട്ടെ ഞാനീ ജന്മസാഫല്യം.

Wednesday, January 16, 2013

കണ്ണീര്‍മഴ

കടലോളം കണ്ണീര്‍  മനസ്സിലൊളിപ്പിച്ച് ഒരു ഞെട്ടിലിതള്‍വിരിഞ്ഞ ഇരു പൂക്കള്‍ക്ക് വിട ചൊല്ലവേ കാലപാശവുമായെത്തിയ യാത്രാവണ്ടി അഗ്നിക്കിരയാക്കവേ മിന്നിമായുന്നിപ്പോഴും കണ്മുന്നില്‍  ചിതറിതെറിച്ചൊരാ വളപ്പൊട്ടുകള്‍  കാണാമെന്നു വിടചൊല്ലിപോകവേ യാത്രാമൊഴിയെന്നു നിനച്ചില്ലവര്‍  ഉള്ളില്‍ പുകയും കനലുമായ് ഒരു ഗ്രാമമൊന്നടങ്കം തേങ്ങുകയായ് ഒരു നിമിഷത്തിന്‍ പാളിച്ചയില്‍  തകര്‍ന്നുപോയൊരാ കുടുംബത്തിന്‍  കണ്ണീരൊപ്പുവാനാകാതെ തളര്‍ന്നു പോകയായ് കാണികളും  വിധിയെ പഴിക്കുവാന്‍ മാത്രമായ് ബാക്കിയായൊരു പൊന്‍മകളെ നെഞ്ചോടടക്കി പിടിച്ചുകൊണ്ട് കേഴുന്നിതാ ജനയിതാക്കള്‍ 

Monday, January 14, 2013

ശ്രുതിലയ സംഗീതമായ്

തളരാത്ത മനമോടെ ഇടറാത്ത പദമൂന്നി നിഴലിനെ നോക്കാതെ മുന്നോട്ടു പോകവേ ഉയരുന്ന തേങ്ങലുകള്‍  ചങ്ങലയായ് ബന്ധിക്കവേ കരളിന്റെ നൊമ്പരം  സാഗരയലകളായ് ഉയരവേ തിരിഞ്ഞൊന്നു നോക്കാതെ നേരിന്റെ വഴികളില്‍  ചികയുന്ന മാനസമറിയുന്നു മൃതി തന്‍ മൃദു സ്പന്ദനം  അലകളുയരാത്ത അരുവിയായ് അഴലുകള്‍ മാഞ്ഞ നിനവായ് അതിരുകളില്ലാത്ത സ്നേഹമായ് അകലുവാനാകാത്ത മനസ്സുമായ് ഇടനെഞ്ചില്‍ തുടികൊട്ടും താളവുമായ് കാതരയായ് കാത്തിരിക്കവേ ശ്രുതിലയ സംഗീതമായ് പെയ്തലിഞ്ഞു ചേര്‍ന്നിടാം 

Wednesday, January 9, 2013

എങ്ങിനെ??

ഉരുകും മനസ്സിന്റെ നോവുകളറിയാതെ തകര്‍ന്ന തന്ത്രികളില്‍  രാഗം മീട്ടിയതെങ്ങിനെ മുറിവേറ്റ ചിറകുമായ് പറന്നുയരുവാനാകാതെ ഹൃദയമുരുകി കരയും  വെണ്‍പിറാവായതെങ്ങിനെ നിഴലുകള്‍ വഴിമാറും  നിശയുടെ യാമങ്ങളില്‍  പെയ്തൊഴിയാത്ത മഴയായ് തൂവാനമായ് മാറിയതെങ്ങിനെ കേള്‍ക്കാത്ത കഥകളില്‍  അറിയാത്ത വഴികളില്‍  തിരയുന്ന നേരുകള്‍  അലിഞ്ഞു തീരുന്നതെങ്ങിനെ നിനവിന്റെ നോവുമായ് അണയാത്ത സത്യമായ് വഴിത്താരകള്‍ തെളിയുമ്പോള്‍  ജീവരാഗം കേള്‍ക്കാതിരിക്കുവതെങ്ങിനെ