Friday, May 20, 2011

നിശയുടെ പാട്ടുകാരാ...

നിശയുടെ മൗന യാമങ്ങളിൽ
മൂകമായ് പാടുന്ന പാട്ടുകാരാ..
അറിയുന്നു നിൻ ഹൃദയ നൊമ്പരം
എന്നും അറിയേണ്ടൊരാൾ മാത്രം...

അറിയാതെ പോകുവതെങ്ങിനെ
ഇനിയുമീ കനലുകൾ എരിയുമ്പോൾ
അരികത്തവളണഞ്ഞിട്ടും
വഴിമാറി പോയതെങ്ങു നീ

ഉരുകുമീ ഹൃദയത്തിൻ തേങ്ങലുകൾ
കേൾക്കാതെ പോകുവതിനാകുമോ
മുറിവേറ്റ മനസ്സുമായ് പിടഞ്ഞിടുമ്പോൾ
ഇളം തെന്നലായ് തലോടാതെ പൊകുമോ

സ്വപ്നത്തിൻ പീലികൾ കൊഴിഞ്ഞുവെന്നോ
നിന്നിലെ മോഹങ്ങളെല്ലാം കരിഞ്ഞുവെന്നോ
തളിർക്കാതെ പോയൊരു ചില്ലയിലിനിയും
നറുപുഷ്പമൊന്നു വിടരുകയില്ലയെന്നോ

കാണുവാനാകാത്ത ദൂരത്തിരിക്കിലും
എന്നും അരികിലുണ്ടെന്നറിയുക നീ
ഉണർത്തുപാട്ടുമായ് കാതോരമെത്തി
പുതുജീവൻ നിന്നിൽ ഉണർത്തീടാം.

1 comment:

  1. കാണുവാനാകാത്ത ദൂരത്തിരിക്കിലും
    എന്നും അരികിലുണ്ടെന്നറിയുക നീ
    ഉണർത്തുപാട്ടുമായ് കാതോരമെത്തി
    പുതുജീവൻ നിന്നിൽ ഉണർത്തീടാം.

    ചെറുതിനിഷ്ടപെട്ടവരികള്‍. കവിതയ്ക് എന്തോ ഒരു അവ്യക്തത ഫീലുന്നു.
    തോന്നലായിരിക്കാം

    ReplyDelete