Monday, June 25, 2012

ഉണരാതെ പോകവേ...

അലയൊടുങ്ങാത്ത മനസ്സിന്‍ ദാഹമായ് അറിയാതിന്നും പാടുന്നു ഞാന്‍  അകലത്തു നില്‍ക്കവേ കേള്‍പ്പതില്ല നീ എന്നറിവിലും നിനക്കായെന്നും പാടുന്നു ഇരുളിന്‍ വഴിയില്‍ പകച്ചു നില്ക്കവേ വെളിച്ചമായ് നീ വന്നതല്ലേ അറിയാത്ത മോഹങ്ങള്‍ മനസ്സിലൊളിപ്പിച്ച് തെളിയാത്ത വീഥിയില്‍ ഒളിപ്പിച്ചതെന്തേ പറക്കുവാനുതകും ചിറകുകള്‍  അരിഞ്ഞു വീഴ്ത്തുവതെന്തിനായ് പിച്ചവെയ്ക്കുവാന്‍ പോലുമാകാതെ തട്ടി വീഴ്ത്തുവതെന്തിനായ് നിറമാര്‍ന്ന സ്വപ്നങ്ങള്‍ പകുത്തു തന്ന് മാനത്ത് കൊട്ടാരം തീര്‍ത്തു തന്ന് വേരറ്റു വീഴ്ത്തിയ പൂമരമായ് ധരണിയിലേക്കാഞ്ഞു പതിഞ്ഞുവല്ലോ ഉയരാതെ തകര്‍ന്നടിഞ്ഞ രാഗം കേള്‍പ്പതില്ലേ ഉണരാത്ത ഉയിരിന്‍ നൊമ്പരമറിയുന്നുവോ തളരാതെ പോകുവാനാശിപ്പതെങ്കിലും  തകര്‍ന്നു പോവത് നീയറിയാതെ പോകയോ

Saturday, June 16, 2012

മായാത്ത ഓര്‍മ്മയായ്....

ചിതറിത്തെറിച്ചൊരു മഴത്തുള്ളികള്‍  എന്നില്‍ നിപതിക്കുമ്പോള്‍  മനസ്സിലുയിര്‍ കൊണ്ട താപം  ആരുമറിയാതെ ആറി തണുക്കട്ടെ വഴിമാറി പോയ മഴമേഘമേ നീയെന്തിനിന്നെന്നെ പൊതിയുവാന്‍  ഇളംതെന്നലിന്‍ തലോടലുമായ് ആരെയും നോവിക്കാതെ കടന്നു വന്നു കുടയൊന്നുമില്ലാതെ ഈറനുമായ് കോലായില്‍ ഓടി കയറിയ നേരം  വാതിലിന്‍ മറവിലൊളിച്ചിരുന്നെന്നെ നെഞ്ചോടു ചേര്‍ത്തവനിന്നെവിടെ ഓര്‍മ്മകള്‍ ഓടിയൊളിക്കുന്നേരം  പിന്തിരിഞ്ഞൊന്നു നോക്കുവാനാകാതെ സ്നേഹത്തിന്‍ ശീലുകള്‍ മാത്രം മൂളി പാറിപറക്കുവാനിനിയും മോഹിക്കയായ് മാവിന്‍ ചോട്ടില്‍ ഒളിച്ചു കളിച്ചതും  മഴവെള്ളത്തില്‍ കളിവെള്ളമിറക്കി കളിച്ചതും  മഷിത്തണ്ടിനാല്‍ മായാത്തൊരോര്‍മ്മയായ് ഇന്നെന്നില്‍ ചിരി തൂകുന്നു...

Friday, June 15, 2012

കവിതയായ്,,,,

കവിതയുമായെന്‍ അരികിലെത്തി അക്ഷരലോകത്ത് പിച്ചവെച്ചു മൊഴികളിലൂടെ അലിഞ്ഞുചേര്‍ന്നു കാലൊന്നിടറാതെ കൈപിടിച്ചു ജന്മാന്തര പരിചിതമെന്നറിഞ്ഞു ഇത്രയും നാളെങ്ങൊളിച്ചിരുന്നു അറിയുന്തോറും അലിയുകയോ തമ്മിലകലാതിനിയും ഒന്നുചേരാം  വിരസമാം ജീവിത വീഥിയിതില്‍  വര്‍ണ്ണം വിതറുവാനായ് വന്നതല്ലയോ നിമിഷങ്ങളെണ്ണി കാത്തിരിക്കാം  മോഹങ്ങളുമായ് പറന്നുയരാം  സ്വപ്നങ്ങള്‍ക്കായ് നിറമേഴും നല്‍കാം  മൌനമിനിയും വാചാലമാക്കാം  മിഴികള്‍ തമ്മിലിടയുമ്പോള്‍  മൊഴികളില്ലാതെയെല്ലാം പറഞ്ഞു തരാം  വേറിട്ട സ്വപ്നങ്ങള്‍ പകുത്തു നല്‍കാം  വിണ്ണിന്‍ വാര്‍ത്തിങ്കളായ് ഉദിച്ചുയരാം  കൂരിരുള്‍ വീണാലും മിന്നാമിന്നിയായ് നിന്‍ ജീവനില്‍ വെളിച്ചമാകാം ...

Friday, June 8, 2012

മൌന നൊമ്പരം

മൌന നൊമ്പരം ... നെഞ്ചോടു ചേര്‍ത്തു ഞാനൊന്നു പുണര്‍ന്നിടട്ടെ ആരും കാണാതെയാ മണിച്ചുണ്ടിലൊരു മുത്തമിട്ടോട്ടെ കണ്മുന്നിലില്ലാത്ത നേരത്ത് കനവുകളേറെ നെയ്തിടട്ടെ കിലുക്കാംപെട്ടിയായ് തീരവേ കിലുക്കമിനിയും നിര്‍ത്തരുതേ കിനാവിന്റെ തോണിയില്‍  അക്കരെ പോകുവാന്‍ വന്നതോ നിലയില്ലാ കയത്തില്‍  മുങ്ങിതാഴുവാന്‍ എത്തിയതോ ഇടനെഞ്ചു പൊട്ടി കരഞ്ഞാലും  നീയെന്നെ അറിയാതെ പോകുമോ ഇനിയും അറിവിന്റെ നോവുകള്‍  അറിയാതെ പകര്‍ന്നേകുമോ നിന്നിലലിയുവാന്‍ കൊതിക്കവേ വിധി വന്നു ദൂറെയെറിഞ്ഞുവോ അതോ നിന്‍ മനമെന്നെ മായ്ക്കുവാന്‍ കൊതിച്ചുവോ നിണമണിയാതെയേറ്റ മുറിവുകളിനിയും  വ്രണമായ് തീരാതിരിക്കുവാന്‍  നല്‍കിടാം എന്‍ ജീവനെ എന്നും നിന്‍ സ്നേഹസ്വാന്ത്വനമായ് കാതോര്‍ത്തിരിക്കാമിനിയുമെന്നും  നിന്‍ സ്നേഹമന്ത്രണത്തിനായ് പഴിക്കില്ല നിന്നെയൊരിക്കലും  എന്‍ ജന്മം പാഴായ് തീര്‍ന്നാലും  സ്നേഹിച്ചുപോയ് നിന്നെയെന്‍  ജീവനേക്കാളേറെയെന്നും  ഇനിയും അറിയാതെ പോകയോ നീയെന്‍ മൌന നൊമ്പരം...