Sunday, October 31, 2010

ഇനിയും തരുമോ...

താരാട്ടിനീണമിന്നുമെൻ
ചുണ്ടിൽ തത്തിക്കളിക്കവേ
നീറുന്നൊരോർമ്മകൾ ബാക്കിയാക്കി
ജീവനെന്നിൽ നിലനില്കവേ

വിധിയുമായ് പൊരുതുമെൻ
മനസ്സിനെയിനിയും നോവിക്കാതെ
ചിറകുമുറിഞ്ഞൊരു പറവയായ് മാറ്റാതെ
പ്രാണൻ വെടിയുവാൻ കനിയേണമേ

കനവുകളെല്ലാം കനലുകളാക്കി
മിഴിനീർ മാത്രം സ്വന്തമേകി നീ
കുഞ്ഞിളം കിളികളേയും കൂടെ കൂട്ടി
പാതി ഉയിരെന്നിൽ ബാക്കിവെച്ചതെന്തിനായ്

ഒരു ജന്മം കൂടെ തന്നെന്നാലും
കൊതിതീരെ ഞാനൊന്നു കണ്ടതില്ല
മതിവരുവോളം സ്നേഹം നുകർന്നതില്ല
പുനർജനിച്ചീടുമെങ്കിൽ നിന്നരികിലായ് ഞാനണയാം...

Saturday, October 23, 2010

ജീവിത ഭാവം...

നിറയുമീ മൗനത്തിൻ വാചാലതയിൽ
സ്നേഹഗീതത്തിനായ് കാതോർക്കവേ
ചുറ്റോടുമൊന്നു കണ്ണോടിക്കവേ
കാണുന്നതേറെയും ദീനഭാവം

പായുന്ന വാഹനക്കുരുക്കിനുള്ളിൽ
പിടഞ്ഞു വീഴുന്നതേറെ ജീവിതങ്ങൾ
വാക്കുകൾ തന്നർത്ഥം അനർത്ഥമായാൽ
ഹോമിച്ചിടുന്നു തൻ പാതിയേയും

നഷ്ടബോധത്തിൻ കയത്തിൽ മുങ്ങി
കുരുതി കഴിക്കുന്നു കുഞ്ഞു മക്കളേയും
യൗവനത്തിളപ്പിനുള്ളീൽ ആഡംബരപ്പെരുമയ്ക്കായ്
വിഴിവിട്ട ജീവിതം തേടിടുന്നു

സമ്പത്തിൻ പുറകേ പായും മനുജൻ
വഴിതെറ്റി പാഞ്ഞിടുമ്പോൾ
നിത്യജീവിതത്തിനായലയും ജീവിതങ്ങളെ
വഴികാട്ടുവാനിന്നാരുമേയില്ല പാരിൽ

Sunday, October 17, 2010

പെയ്തു തീരാത്ത മഴ.

ഏറെ നാളുകൾക്കു ശേഷം ഇന്നാ ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം പകച്ചു എന്നതാണു സത്യം. ഒരിക്കലും അന്വേഷിക്കില്ലെന്നു കരുതിയ ആളുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ റിസീവറും പിടിച്ചു ഈ ലോകം മറന്നു നിന്നു പോയി. ഇന്നും ഓർക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു നിമിഷം പതറി. ഒന്നു കാണാൻ മനസ്സു തുടിക്കയാണെന്ന് അറിയിക്കാതെ തന്നെ കാണാൻ വരുമെന്ന് അറിയിച്ചപ്പോൾ ആരും കാണാതെ കേൾക്കാതെ ഒന്നുറക്കെ കരയണമെന്നാഗ്രഹിച്ചു. അതെ അവനെന്റെ എല്ലാമായിരുന്നു..

ആരുമില്ലാതെ തനിച്ചായ നിമിഷങ്ങളിലെല്ലാം കൈതന്നു കൂടെവന്നു ഒരു നിഴൽ പോലെ എന്നെ അവൻ കാത്തു സൂക്ഷിച്ചത് ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല. ഏതോ നിയോഗം പോലെ അവനെനിക്കു സുഹൃത്തായി എന്നും എന്റെ കണ്ണുനീർ തുടക്കാൻ കൂടെയുണ്ടായിരുന്നു. അവന്റെ ജീവിതം നഷ്ടമാകുമെന്നു തോന്നിയപ്പോൾ അവനിൽ നിന്നും അകലുവാൻ ഞാൻ തന്നെയാണു ശ്രമമാരംഭിച്ചത്. ഒരു കുടുംബമായി തീരുമ്പോൾ എന്നെ മറക്കുവാൻ ആകുമെന്ന എന്റെ പ്രതീക്ഷ വൃഥാവിലാകയാണു. ആരുമില്ലതെ വീണ്ടും ഞാൻ തനിച്ചായെന്നറിഞ്ഞാൽ അവൻ തിരിച്ചുപോകില്ലെന്നു എനിക്കുറപ്പാണു. വേണ്ട, അവനൊന്നും അറിയേണ്ട. എന്റെ കണ്ണുനീർ എനിക്കുമാത്രം സ്വന്തമായിരിക്കട്ടെ.

എത്രനേരമായ് ഫോൺ ബെല്ലടിക്കുന്നു. ഒന്നാ ശബ്ദം കേൾക്കുവാൻ എനിക്കു ശക്തിയില്ല. ആ മഴയുടെ ഇരമ്പത്തിൽ ഒന്നും നോക്കാതെ ഞാൻ ഇറങ്ങി നടന്നു, അവനെന്റെ കണ്ണുനീർ തുള്ളീകൾ ഇനിയും കാണാതിരിക്കാൻ, എന്റെ തേങ്ങലുകൾ കേൾക്കാതിരിക്കാൻ ഇനിയെന്നെ കാണാതിരിക്കാൻ...

കാറ്റായ്, മഴയായ്...

ആ കത്തു നെഞ്ചോടു ചേർത്തു ഞാൻ, ഒരു സ്വപ്നത്തിലെന്ന പോലെ ഒരുപാടുനേരം ഈ ലോകത്തെ മറന്നു തന്നെ നിന്നു.

അവൻ വരുന്നു.. ഒരുപാടു നാളത്തെ ആഗ്രഹം പൂവണിയുവാൻ പോകുന്നു.
നേരിട്ടൊന്നു കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല.. പക്ഷെ ഇന്നവൻ എന്റെ എല്ലാമാണു. കാണാതെ പറയാതെ എല്ലാം അറിയുന്ന ജീവന്റെ അംശമായി മ​‍ാറിയ അവൻ നേരിൽ വരുന്നു. കണ്ണോടു കണ്ണു കാണുവാൻ കാതോടു കാതോരം കിന്നാരമോതുവാൻ ഇനിയും ദിവസങ്ങൾക്കുള്ളിൽ അവനെത്തും.

പുതിയ ലോകത്തിലെ ഒറ്റപ്പെടലിനുള്ളിൽ ഒരു സ്വാന്തനമായ് ആശ്രയമായ് അവൻ മാറിയതെപ്പോഴാണു. എവിടെയും തിക്കും തിരക്കും നിറഞ്ഞ ജീവിതങ്ങളുടെ പാച്ചിലിനുള്ളിൽ നിന്നും ഒറ്റപ്പെടുവാൻ ശ്രമിച്ചിരുന്ന എന്റെ ഉൾവലിയൽ അവനും അനുഭവിച്ചിരുന്നപ്പോൾ നെറ്റിന്റെ ലോകത്തിലൂടെ പരസ്പരം കൂട്ടുകൂടാൻ ഇഷ്ടപെടുകയായിരുന്നു.

പരസ്പരം ആശ്വാസമാകുമായിരുന്നപ്പോൾ അറിയാതെ തന്നെ കൂടുതൽ അറിയുവാൻ ശ്രമിക്കയായിരുന്നു. കാറ്റായ്, മഴയായ്, കഥയായ്, കവിതയായ് ഒക്കെ അവ്നെന്നെ ആശ്വസിപ്പിച്ചപ്പോൾ എല്ലാം അവനെന്നു തന്നെ മനസ്സിൽ നിശ്ചയിച്ചുറപ്പിക്കയായിരുന്നു. ഇന്നിതാ കടൽ കടനു അവൻ വരുന്നു...

അകലെ നിന്നു തന്നെ അവന്റെ നിറഞ്ഞ പുഞ്ചിരി തിരിച്ചറിയാം.. നെറ്റിൽ കണ്ട രൂപം തിരിച്ചറിയാൻ ഒരു വിഷമവുമുണ്ടായില്ല, ഈ ലൊക്കത്തെ മറന്നു അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങുമ്പോഴെക്കും അമ്മയുടെ വിളിയെത്തി...

മോളേ... വീണ്ടൂം ആ വിളിയെത്തിയപ്പോൾ പരിസരബൊധത്താൽ കണ്മിഴിച്ചു...
അവനെവിടെ....ഇരുണ്ടൂ മൂടിയ ആകാശം രാവേറെയായ പ്രതീതി നല്കുന്നല്ലോ. ഒരു എഴുത്തുണ്ട് എന്ന അമ്മയുടെ വാക്കാണു, കണ്ടതെല്ലാം സ്വപ്നമെന്ന് മനസ്സിലാക്കിയതു. മനോഹരമായ കവർ തുറന്നപ്പ്പ്പോൾ എല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്നൊരിക്കൽ കൂടി ആഗ്രഹിച്ചു.. അതെന്റെ പ്രിയപ്പെട്ടവന്റെ കല്യാണക്കുറിയായിരുന്നു.

ഉറക്കെ മുഴങ്ങിയ മേഘഗർജ്ജനത്തേക്കാളേറെ ഉച്ചതിൽ എന്റെ ഹൃദയമിടിപ്പ് കേൾക്കാം. ആർത്തലച്ചു വരുന്ന മഴയേക്കാൾ ശക്തിയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ആ കത്തും നെഞ്ചോടു ചേർത്ത് പിന്നെയും ഞാൻ നിന്നു.. ആരും കാണാതെ ആരും കേൾക്കാതെ ഞാനിനിയെങ്കിലും ഒന്നുറക്കെ കരയട്ടെ

Thursday, October 7, 2010

അറിഞ്ഞില്ല ഞാൻ.....

അകന്നു പോകും വഴിയെ,
പിന്തുടരുവാൻ ആരുമല്ലെന്നറിഞ്ഞില്ല ഞാൻ
നെരിപ്പോടായ് മാറുന്നൊരു മനം
ചാറ്റൽ മഴയിൽ ഈറനാകുന്നതു വൃഥാവിലെന്നറിഞ്ഞില്ല

എല്ലാം അറിയാതെ അറിഞ്ഞെന്നു ഭാവിച്ചു ഞാൻ
ഒന്നും അറിഞ്ഞില്ലെന്ന സത്യം ചിരിക്കുന്നിതാ
തളിരിടുവാൻ ഹേതുവായെന്നോർത്തു ഞാൻ
പുതു വല്ലരി പടർന്നേറിയതറിഞ്ഞില്ല

പൂക്കളേറെ വിരിഞ്ഞുവെന്നാകിലും
പൂക്കാരി മാത്രമായ് തീർന്നതറിഞ്ഞില്ല
പൂമാലയൊന്നു കെട്ടി തന്നിട്ടും
പൂക്കളെന്റെ സ്വന്തമല്ലെന്നറിഞ്ഞില്ല

നെഞ്ചോടു ചേർത്തു കൂരിരുളിലും
വഴികാട്ടിയായ് കൂടെ വന്നിട്ടും
തിളക്കമേറിയ വെളിച്ചമെത്തിയപ്പോൾ
കരിന്തിരിയാക്കി മാറിയതുമറിഞ്ഞില്ല