Friday, July 30, 2010

അച്ഛനില്ലാതെ...

അമ്മ തൻ ചുടു കണ്ണീരൊപ്പുവാൻ
നീട്ടുമെൻ കുഞ്ഞു കരങ്ങൾ
മാറോടു ചേർത്തു വിതുമ്പുമെന്നമ്മയോടു
ഞാനെന്തു ചോല്ലേണ്ടു

ഈ ലോക വീഥിയിൽ വഴികാട്ടിയായ്
മുന്നിൽ നടന്നൊരച്ഛനിന്നെൻ
ലോകത്തു നിന്നും മാഞ്ഞു പോകവേ
ഓർക്കുവാനകതില്ലയീ നൊമ്പരങ്ങൾ

കളിപ്പന്തുമായെത്തുമെൻ അച്ഛനെ
കാത്തിരിപ്പതു വൃഥാവിലീ ജന്മം
എന്നറിവിൽ ഉരുകി തീരവേ
ഇടറി വീഴുന്നീ ജീവിത യാത്രയിൽ

കൊഴിഞ്ഞു പോയൊരു നാളുകൾ തൻ
ഓർമ്മ പെറുക്കി വച്ചെൻ അമ്മയ്ക്കു
കരയുവാനിനി കണ്ണീർ ബാക്കിയില്ല
താങ്ങുവാനെൻ കൈകൾക്കു ശക്തിയുമില്ല

വിധിയെന്നു ചൊല്ലി പിരിയുന്നെല്ലാരും
എന്നച്ഛനെ നഷ്ടമാക്കിയതേതു വിധി
അമ്മ തൻ പ്രാർത്ഥന വ്യർത്ഥമാക്കിയതേതു വിധി
ആലംബഹീനരായ് തീർത്തതേതു വിധി

വിധിയെ പഴിക്കുവാൻ മാത്രമായ്
ബാക്കിയായൊരു ജന്മത്തിൽ പ്രാർത്ഥിച്ചിടട്ടെ
എന്നച്ഛൻ തന്നുടെ ഭാഗ്യസുതനായ് പിറക്കുവാൻ
ഇനിയുമൊരു ജന്മം നല്കീടുമോ

Saturday, July 3, 2010

നീയണഞ്ഞെങ്കിൽ....




മാരിവില്ലിൽ ഏഴഴകുമായ് നീയണഞ്ഞെങ്കിൽ
പീലിവിടർത്തിയാടും മാമയിലായ് മാറിയേനേ
മധുതേടും വണ്ടായ് നീ മാറുമെങ്കിലൊരു
മണമുതിരും മലരായ് ഞാൻ വിരിഞ്ഞു നില്ക്കാം

തലോടുവാനെത്തും കാറ്റായ് നീ തഴുകുമെങ്കിലൊരു
വെണ്മുകിലായ് ഞാനിന്നു മാറിയേനെ
മൗനരാഗമിന്നെന്നിൽ ചിറകടിച്ചെങ്കിൽ
ശ്രീരാഗമായ് ഞാനുണർന്നേനെ

മഴമേഘമുകിലായ് നീ പെയ്തണയുകിൽ
വേഴാമ്പലായ് ദാഹമകറ്റിയേനെ
നിറകതിരായ് നീ പൂത്തുലയുകിൽ
പുത്തരിപായസമായ് മധുരമേകാം

രാഗ വിപഞ്ചികയായ് നീയെന്നെ പുണർന്നുവെങ്കിൽ
മണിവീണ നിനക്കായ് മീട്ടിയേനെ
കിനാവായ് നീയെന്നിൽ പടർന്നേറിയെങ്കിൽ
നിലാവായ് നിന്നിൽ അലിഞ്ഞേനെ