Monday, May 23, 2011

ഇരുളിൻ വെളിച്ചം..

ഇളം കാറ്റിൽ ആലോലമാടുമീ
വെള്ളില താളിതൻ വള്ളികൾ
നാഗരൂപമായ് ഇളകിയാടുമ്പോൾ
നാമമുരുവിട്ട് മെല്ലെ പിന്തിരിഞ്ഞോടവേ

അസ്ഥിതറയിലെ കൽ വിളക്കുകൾ
തന്നിൽ തെളിഞ്ഞൊരു തിരിനാളങ്ങൾ
അടക്കിയ ചിരിയുമായ്
കാറ്റിലുലയാതെ കിന്നാരമോതിയോ

തൊട്ടാവാടി തന്നിൽ കൊളുത്തിയ
ദാവണിതുമ്പു വലിച്ചൂരവേ
ഹൃദയതുടിപ്പിൻ താളമുയർന്നപ്പോൾ
നാമസങ്കീർത്തനം ഉച്ചത്തിലായതല്ലേ

ഇന്നീ മരുഭൂവിൽ ചുടുകാറ്റേല്ക്കവേ
ഗൃഹാതുരത്വമുണർത്തുന്നൊരീ ഓർമ്മകൾ
മനസ്സിൽ അലയടിച്ചുയരവേ
കാണുന്നു ഞാനാ ഇരുളിൻ വെളിച്ചം.

Friday, May 20, 2011

നിശയുടെ പാട്ടുകാരാ...

നിശയുടെ മൗന യാമങ്ങളിൽ
മൂകമായ് പാടുന്ന പാട്ടുകാരാ..
അറിയുന്നു നിൻ ഹൃദയ നൊമ്പരം
എന്നും അറിയേണ്ടൊരാൾ മാത്രം...

അറിയാതെ പോകുവതെങ്ങിനെ
ഇനിയുമീ കനലുകൾ എരിയുമ്പോൾ
അരികത്തവളണഞ്ഞിട്ടും
വഴിമാറി പോയതെങ്ങു നീ

ഉരുകുമീ ഹൃദയത്തിൻ തേങ്ങലുകൾ
കേൾക്കാതെ പോകുവതിനാകുമോ
മുറിവേറ്റ മനസ്സുമായ് പിടഞ്ഞിടുമ്പോൾ
ഇളം തെന്നലായ് തലോടാതെ പൊകുമോ

സ്വപ്നത്തിൻ പീലികൾ കൊഴിഞ്ഞുവെന്നോ
നിന്നിലെ മോഹങ്ങളെല്ലാം കരിഞ്ഞുവെന്നോ
തളിർക്കാതെ പോയൊരു ചില്ലയിലിനിയും
നറുപുഷ്പമൊന്നു വിടരുകയില്ലയെന്നോ

കാണുവാനാകാത്ത ദൂരത്തിരിക്കിലും
എന്നും അരികിലുണ്ടെന്നറിയുക നീ
ഉണർത്തുപാട്ടുമായ് കാതോരമെത്തി
പുതുജീവൻ നിന്നിൽ ഉണർത്തീടാം.

Thursday, May 19, 2011

പ്രിയനായ്...

നീറുമീ ഏകാന്ത തീരത്തിലലയവേ
നീയെന്തേയെൻ ചാരത്തണഞ്ഞീല
ഒരുനോക്കു കാണുവാൻ കൊതിച്ചുവെന്നാകിലും
വാർമഴവില്ലായ് നീ മാഞ്ഞതെന്തേ

പൂജയ്ക്കൊരുക്കിയ പൂക്കളെല്ലാം
വാടികരിഞ്ഞുവെന്നാലും
മണമിന്നും പോകാത്ത ഇലഞ്ഞിപൂക്കളാൽ
നിനക്കായ് കൊരുത്തു ഞാനൊരു പൂമാല

ഈറനാം മിഴികളിനിയും തുളുമ്പാതെ
നിൻ വിരൽ തുമ്പിനാൽ കവർന്നെടുക്കാമോ
ശ്രീരാഗമെന്തെന്നറിയാതെ തന്നെയും
നിനക്കായ് ഞാനിനിയും പാട്ടു മൂളാം

നിൻ വേണുവിലുയരും ഗാന കല്ലോലിനിയിൽ
എല്ലാം മറന്നു ഞാൻ നടനമാടാം
പ്രിയനേ നിൻ സ്നേഹ സ്വന്തനത്തിലലിയാൻ
ജന്മങ്ങളിനിയും തപസ്സു ചെയ്യാം.

Monday, May 2, 2011

ഇനി വരികയില്ലെന്നറിവിലും...

ഈ ഇളംകാറ്റിൽ കൊഴിഞ്ഞൊരു
പാതി വിടർന്നൊരു പെൺപൂവേ
കൊടുങ്കാറ്റിലുലയാതെയിപ്പോൾ
തളർന്നുപോയതെന്തേ നീ

നിറമാർന്ന സ്വപ്നങ്ങൾ നെയ്തൊരുക്കി
കൂടൊന്നു കൂട്ടിയതല്ലേ നീ
മംഗല്യപൊന്നൊന്നു ചാർത്തീടുവാൻ
കളികൂട്ടുകാരനുമൊരുക്കമായതല്ലേ

കടിഞ്ഞാണില്ലാത്ത കുതിരയായ്
മാറിയൊരു മനസ്സിൻ വ്യാമോഹത്താൽ
നോവുകൾ മാത്രം ബാക്കിയേകി
ഈ ജീവിതമെന്തിനു തച്ചുടച്ചു

മനമൊന്നു കൈവിട്ടു പോയതിനാൽ
ജീവനെ കളിപ്പാട്ടമായ് മാറ്റിയതെന്തിനായ്
സങ്കടകണ്ണീരിൽ മുങ്ങുന്നൊരമ്മ തൻ
തേങ്ങലുകൾ നീയിനി കേൾപ്പതുണ്ടോ

ജന്മമേകിയ മനസ്സുകൾക്ക്
ശപിക്കുവാനാകില്ലൊരിക്കലും
നിറകണ്ണുകളുമായ് കാത്തിരിക്കുമിനിയും
നീയിനി വരികയില്ലെന്നറിവിലും...