Tuesday, September 25, 2012

ഒരു മോഹം..

കൊഴിഞ്ഞ പൂക്കളെപ്പോല്‍  കഴിഞ്ഞ ബാല്യത്തെപ്പോല്‍  ചിറകറ്റ ശലഭത്തെപ്പോല്‍  തിരിച്ചു പോകാനാകാത്ത നിമിഷങ്ങളേ കാണുന്നതൊക്കെയും കണ്ടുവെന്നോ കേള്ക്കുന്നതൊക്കെയും കേട്ടുവെന്നോ പറയേണ്ടതൊക്കെയും പറഞ്ഞുവെന്നോ മൌനമിനിയും ബാക്കിയെന്നോ കിനാവിന്‍ തീരത്തുനിന്നും  ഒഴുകിയെത്തും ഗാനമായ് മനസ്സിന്റെ ജാലകവാതിലില്‍  മുട്ടിവിളിക്കും ചകോരമായ് നിലാവിനെ സ്നേഹിക്കും ആമ്പലായ് കൊളുത്താത്ത വിളക്കിലെ നാളമായ് എഴുതാത്ത കഥയിലെ നായികയായ് അലിഞ്ഞിടുവാനൊരു മോഹം 

Monday, September 24, 2012

വെറുതെ...

സത്യങ്ങള്‍ക്കു മുന്നില്‍  വാക്കുകളന്യമായപ്പോള്‍  മൊഴിയൊന്നും ചൊല്ലിടാതെ പഴിയെത്ര കേട്ടു ഞാന്‍  ചലിക്കാത്ത നാവുമായ് കിടന്നു പോയപ്പോള്‍  വഴിമാറി പൊയവരെല്ലാം  പാഴ്വാക്കുമായണഞ്ഞതെന്തേ പ്രാര്‍ത്ഥനപോലുമില്ലാതെ മരണത്തിനു കാതോര്‍ക്കും  എന്നുടെ ജീവനായ് പൂങ്കണ്ണീരെന്തിനിപ്പോള്‍ ?

Sunday, September 23, 2012

എങ്ങുപോയ്...

ദൂരെ നില്‍ക്കും മുകില്‍ മാലകളേ തോരാത്ത കണ്ണീര്‍മഴയത്തു നിന്നും തീരാത്ത ദു:ഖമെനിക്കായ് നല്കി കാണാതെ പോകുവതെങ്ങു നീ ഒരു കൊച്ചുസ്വപ്നമെനിക്കായ് നല്‍കി കാണാത്ത തീരത്ത് നീ പോയതെന്തേ ഉറങ്ങാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി ഉണങ്ങാത്ത മുറിവുകള്‍ തന്നതെന്തേ സ്നേഹത്തിന്‍ തീരത്തു നിന്നുമെന്നെ കാണാകടലിന്‍ നടുവിലെറിഞ്ഞതെന്തേ അവിവേകമൊന്നും ചെയ്യാതെ തന്നെ അകലങ്ങളിലേക്കെന്നെ എറിഞ്ഞതെന്തേ കാണുകില്ലാരുമീ കണ്ണുനീര്‍ പൂക്കള്‍ കേള്‍ക്കുകില്ലാരുമീ തേങ്ങലുകള്‍ എന്നിട്ടുമെന്തിനായ് കൈവെടിഞ്ഞു കാണാമറയത്ത് പോയ്മറഞ്ഞു

Monday, September 17, 2012

ഇനിയും...

പിഴച്ചു പോയതെവിടെയെന്‍ ചുവടുകള്‍  പതറാതെ പോകുവാനാകില്ലിനിയും  ചിതറാതെ വീഴുവതെന്‍ കണ്ണീര്‍കണങ്ങള്‍  തുടയ്ക്കാതെ പോകുവതെങ്ങു നീ ഹൃദയം നുറുങ്ങും വേദനയാല്‍  വഴിമാറി പോകുവാന്‍ ശ്രമിച്ചീടിലും  തെളിഞ്ഞു നില്പതെന്‍ മനതാരില്‍  നിര്‍മ്മലസ്നേഹത്തിന്‍ നിറവസന്തം  കരയുവാനിനി കണ്ണുനീരില്ലെന്‍ കൈവശം  കരയാതെ ഞാനൊന്നു മയങ്ങീടട്ടെ ചുട്ടുപൊള്ളുവതെന്‍ മനമിന്നും  കരിഞ്ഞു പോകുവതെന്‍ സ്വപ്നങ്ങള്‍  നിറങ്ങളേഴും ചാലിച്ചിനിയും വരച്ചീടാം  ചാരുതയാര്‍ന്ന വര്‍ണ്ണ ചിത്രങ്ങള്‍  നിനവോടെ ഞാനൊന്നു ചൊല്ലിടട്ടെ നീയെന്നുമെന്‍ ഹൃത്തടത്തില്‍ വസിപ്പൂ