Saturday, September 17, 2011

നിഴലായ്

നിഴലിനെ നോക്കി നെടുവീര്‍പ്പിടവേ
അറിയുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ
വീണ്ടുമെത്തും സൂര്യോദയത്തിനായ്
കാത്തിരിക്കുന്നെന്‍ നിഴലിനെ കാണുവാന്‍

മൃദുവായ തലോടലില്‍ തരളിതമാകവേ
അലിഞ്ഞുചേരുന്നിതായെന്‍ ജീവന്റെ താളമായ്
പകുത്തു നല്കുവാനാകാതെ പിടയുന്നു മാനസം 
അരികത്തണയുവാനാകാതെ തളരുന്നു മോഹവും 

ഉരുകി തീരുവാനാകാതെന്‍ ജന്മമിനിയും 
ഉറച്ചു പോയതെങ്ങിനെ ശിലയായ്
നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുവാനായ്
ചിരിക്കുവാന്‍ പഠിച്ചിടട്ടെ ഇനിയെങ്കിലും
 
ഉത്തരമേകുവാനാകാത്ത ചോദ്യങ്ങളിനിയും 
തൊടുത്തെന്നെ പരാജിതയാക്കരുതേ
മൌനമായുത്തരം നല്കീടുവാനാകാതെ
ഉഴലുന്ന നിഴലിനെ വ്യര്‍ത്ഥമായ് ശപിക്കരുതേ

Sunday, September 4, 2011

ഓണപ്പൂവേ നീയെവിടെ...



പൊന്നിന്‍ ചിങ്ങം വിരുന്നിനെത്തി
ഓണപ്പൂവേ നീയും വരില്ലേ
കാക്കപ്പൂവും മുക്കുറ്റിയും 
കാണാകാഴ്ചകള്‍ മാത്രമായോ

വയല്‍ വരമ്പിന്‍ ഓരത്തും 
കുളപ്പടവിന്‍ കടവത്തും 
തിരഞ്ഞേറെ നടന്നിട്ടും 
നീ മാത്രമിതെങ്ങു പോയ്

പൂക്കളമൊരുങ്ങും നാളുകളായി
പൂക്കാലമിനിയും വന്നില്ലല്ലോ
കാശിത്തുമ്പയ്ക്കും പിണക്കമായോ
തുമ്പപ്പൂവിനും പരിഭവമോ

കൊയ്ത്തുപാട്ടിന്‍ താളമുയരും 
പുന്നെല്ലിന്‍ പാടമിന്നു വിസ്മയമായ്
ഓണപ്പൂവിളി കേട്ടുണരും 
ഗ്രാമഭം ഗിയിന്നു വിസ്മൃതിയായ്

ഓണത്തപ്പനെ വരവേല്ക്കാന്‍ 
ഓണപ്പുറ്റവയുമായൊരുങ്ങീടാന്‍
ഓലപ്പന്തു കളിച്ചീടാന്‍
ഓണപ്പൂവേ നീയെവിടെ...
എന്നോമല്‍പ്പൂവേ നീയെവിടെ....