Friday, July 27, 2012

പരിഭവമില്ലാതെ..

എത്ര പരിഭവമോതിയിട്ടും പിരിയാനാകില്ല നിന്നെയൊട്ടും മറക്കുവതില്ലയിനിയീ ജന്മത്തില്‍ മാറ്റിനിര്‍ത്തീടുമെന്നാകിലും കാതോര്‍ത്തിരുപ്പതെന്നും നിന്‍ മൃദുസ്വരത്തിനായ് കാത്തിരുപ്പിന്നൊടുവില്‍ മായാതെ നീ പോയിടല്ലെ മൃദു മന്ത്രണം കേള്‍ക്കവേ അറിയുന്നു നിന്‍ സാമീപ്യം അറിയാതെ പോകുവതെന്തേ ഇനിയും നിന്‍ പ്രിയ സഖിയെ പ്രിയമോടെ നിന്നരുകിലണയവേ കണ്ടിട്ടും കാണാതെ പോകുവതെന്തേ നിനക്കായ് പാടുമീ ദേവസംഗീതം കേള്‍ക്കാത്ത ഗാനമായ് തീരുമോ നിലക്കാത്ത ഗാനത്തിന്‍ ശ്രുതിയായ് തളരാത്ത പാദത്തിന്‍ നടനമായ് തകരാത്ത ജീവിത രാഗമായ് എന്നും നിനക്കായ് തെളിഞ്ഞു നില്‍ക്കാം.

Saturday, July 21, 2012

തീരാ വ്യഥകള്‍...

രാമായണശീലുകളുയരും കര്‍ക്കിടകം പെയ്തിറങ്ങവേ നാലമ്പല ദര്‍ശന പുണ്യത്തിനായ് ഭക്തലക്ഷങ്ങള്‍ അലയവേ ആര്‍ത്തുപെയ്ത മഴ തന്‍ തുള്ളിയൊന്നുപോലും പുറത്താകാത്ത കൂരയ്ക്കുള്ളില്‍ ചുരുണ്ടുകൂടും ജീവിതങ്ങള്‍ നാമം പോലും മറന്നു പോകവേ ചുറ്റോടു ചുറ്റിനും വെള്ളമൊഴുകവേ ദാഹമകറ്റുവാനില്ലൊരു തുള്ളി പോലും കൂരിരുള്‍ മാത്രം ചുറ്റിലും പരക്കവേ തിരിനാളം ഒന്നുപോലുമില്ല വെട്ടമേകുവാന്‍ മേഘത്തേരിനിടയില്‍ വെള്ളിവെളിച്ചമുതിര്‍ക്കും മിന്നല്‍ പിണരിന്‍ തെളിച്ചത്തില്‍ കണ്ണിമയില്‍ തിളങ്ങുന്ന മുത്തുകള്‍ കണ്ണുനീരോ മഴത്തുള്ളിയോയെന്നറിവതില്ല തീരാത്ത മഴയില്‍ തോരാത്ത കണ്ണീരുമായ് കാത്തിരിക്കയാണിത്തിരി അമ്പിളി വെട്ടത്തിനായ് പുണ്യമേകും ശക്തിയെ പ്രാര്‍ത്ഥിക്കാന്‍ നാമമുരുവിടുവാന്‍ ശേഷിയേതുമില്ലയല്ലോ

Sunday, July 8, 2012

കനലായ്...

എരിയും കനലില്‍ വീണൊരു ശലഭമാണിന്നു ഞാന്‍ പറന്നുയരുവാനാകാതെ കരിഞ്ഞതിന്നെന്‍ ചിറകുകള്‍ ഏഴഴകുള്ള ചിറകുകളിന്നില്ലയെന്നില്‍ പാറി പറക്കുവാന്‍ മോഹമുണ്ടെന്നാകിലും വിധിയെന്നു ചൊല്ലി ഇഴഞ്ഞു നീങ്ങവേ ചിറകറ്റുപോയ മോഹവും നഷ്ടമായ് രാവിന്റെ വിരിമാറില്‍ മയങ്ങി കിടക്കുമ്പോള്‍ പറന്നുയരാന്‍ മോഹിച്ച സ്വപ്നമേ നിന്‍ ചിറകുമിന്നു കരിഞ്ഞുവോ പറന്നുയരുവാനാകാതെ പിടയുമ്പോള്‍ കാണാമറയത്തു നിന്നുമെന്നും തളരാതെ തകരാതെ കൂടെവന്നെന്‍ ചാരത്തു നിന്നെങ്ങും പോകരുതേ

Friday, July 6, 2012

എന്തിനായ്..

എവിടെയോ കളഞ്ഞുപോയ സ്നേഹവുമായ് നീയെന്നരികില്‍ വന്നുചേര്‍ന്നതെന്തിനായ് ആരുമറിയാതെന്നില്‍ മയങ്ങികിടന്നൊരു സ്നേഹം സ്വായത്തമാക്കിയതെന്തിനായ് നെഞ്ചിലെ നോവുകള്‍ ആരുമറിയാതെ ഇനിയും കാത്തുസൂക്ഷിച്ചതെന്തിനായ് കാണാമറയത്തു നിന്നുമെത്തുമെന്നോര്‍ത്ത് സൂര്യനെ കാത്തിരിപ്പതെന്തിനായ് വാചാലമായ നിമിഷങ്ങളെന്നില്‍  പകര്‍ന്നുനല്‍കിയ സ്വാന്തനത്തിനായ് സ്വപ്നങ്ങള്‍ തന്‍ നിറച്ചാര്‍ത്തില്‍  കിനാവിന്‍ കൊട്ടാരം പണിതതെന്തിനായ് കണ്ണീരില്‍ കുതിര്‍ന്നൊരെന്‍ മോഹങ്ങള്‍  വിലപേശി വാങ്ങിയതെന്തിനായ് വഴിമാറി പോയൊരെന്റെ ചിന്തകള്‍ക്ക് ചിറകുകള്‍ നല്കിയതെന്തിനായ് അറിയുന്നുവോ നീയെനിക്കേകിയ സ്നേഹ സ്വാന്തനത്തിന്‍ തൂവല്‍സ്പര്‍ശം  ഇനിയുമറിയാതെ നീ പോകുന്നുവോ എന്നെ പുണരുന്ന നൊമ്പരത്തിന്‍ കാഠിന്യം