Friday, December 27, 2013

പ്രണയമേ...



പരിഭവമേതുമില്ലാതെ
പിന്തുടരുവാനാകാതെ
പ്രണയസങ്കല്പഗീതിയുമായ്
പിന്നെയും തേടുവതെന്തിനായ്

പകലെന്ന സത്യത്തെ കാണാതെ
പിരിയുവാന്‍ വെമ്പും മനസ്സില്‍
പ്രണയത്തിന്‍ തീവ്രതയറിയുമ്പോള്‍
പിണങ്ങുവാനാകാതെ പിടയുമല്ലോ

പ്രകടമാക്കുവാനാകാത്ത ചിന്തകള്‍
പകുത്തുനല്കുവാനാകാതെ
പതിരായ് പൊഴിച്ചു കളയുവാന്‍
പ്രണയമിനിയും മാഞ്ഞുവോ...

Sunday, July 28, 2013

ആശ്വാസമായ്....

കരയുവാനാകാതെ, ചിരിക്കുവാനറിയാതെ നോവില്‍ പിടയും കുഞ്ഞിളംപൈതലിന്‍  രോദനം കാതിലലയടിക്കവേ ഞാനെന്ന ഭാവവും ഇല്ലാതെയാകും  വേദനയെന്നു ചൊല്ലുവാനറിയാതെ നൊന്തു പിടയും ജീവനെ കണ്ടിടുമ്പോള്‍  സ്വാര്‍ത്ഥമാം മോഹങ്ങള്‍ മാത്രമായി നേടിയതൊക്കെയും പാഴ് വേലയെന്നറിയാം  പാഴ്ജന്മമെന്നു ശപിക്കാതെ സ്നേഹ സ്വാന്തനം പകര്‍ന്നേകിയാല്‍  ജീവ കാരുണ്യ സ്പര്‍ശമായ് പുനര്‍ജന്മമേകുവാന്‍ നന്മയിനിയും ബാക്കിയത്രേ സ്വര്‍ഗവും നരകവും ഇവിടെയല്ലേ ദൈവവും ചെകുത്താനും നമ്മളിലല്ലോ കണ്മുന്നില്‍ കാണും കണ്ണീര്‍ തുടയ്ക്കുമെങ്കില്‍  നമ്മിലും ഈശ്വരന്‍ കുടികൊള്ളും  കാണാതെ പോകുന്ന നൊമ്പരങ്ങള്‍  പിന്‍ വിളിയുമായ് പിന്തുടരവേ പിന്നിട്ട പാതകള്‍ ഏതെന്നറിയാതെ മനസ്സിന്‍ വാതിലുകല്‍ കൊട്ടിയടക്കരുതേ കേഴും മനസ്സുകള്‍ക്കൊരു സ്വാന്തനമായ് നൊമ്പരപ്പൂവിനു പുഞ്ചിരിയേകി വിധിയെന്നു ചൊല്ലി വഴിമാറി പോകാതെ പിടയും ജീവനുകള്‍ക്കാശ്വാസമേകാം 

Tuesday, July 16, 2013

ഇനിയും....

പറയുവാനാകാത്ത നൊമ്പരങ്ങള്‍  കണ്ണീരിനുള്ളിലൊളിപ്പിക്കവേ അറിഞ്ഞിട്ടും അറിയാതെ പോകവേ നീയെന്നെ അറിയുന്നില്ലെന്നു നടിക്കുന്നുവോ നിലാപ്പക്ഷിയായ് ഇരുളില്‍ കേഴവേ നൊമ്പരമുണര്‍ത്തും ഗാനം കേള്‍ക്കാതെ നിഴലിനെ തോല്‍പ്പിക്കുമൊരു പൌര്‍ണ്ണമിയായ് തെളിഞ്ഞീടുമോ പെയ്തൊഴിയാത്ത മഴമേഘമായ് പകലിനെ ഇരുളലയാല്‍ മൂടവേ തെളിഞ്ഞു നില്ക്കുമാ മിന്നാമിന്നിയായ് ഇത്തിരി വെട്ടം പകര്‍ന്നേകുമോ മഴ നനഞ്ഞൊരു ശലഭമായ് പറന്നുയരാനാകാതെ പിടക്കവേ ഒരു നനുത്ത കാറ്റായെന്നെ തലോടി ചിറകുകള്‍ പറക്കമുറ്റതാക്കില്ലേ കാതോര്‍ത്തിരിക്കാമിനിയും  നിന്‍ വേണുഗാനമരികിലെത്തുവാന്‍  ഇനിയും വഴിമാറി പോകരുതേ ഇടറുന്ന സ്പന്ദനം അറിയാതിരിക്കരുതേ വിരഹത്തിന്‍ കണ്ണീരൊഴുക്കും  സന്ധ്യ തന്‍ നിലയ്ക്കാത്ത തേങ്ങലുകള്‍  ഉണര്‍ത്തു പാട്ടായ് മാറ്റുവാന്‍  ഇനിയും നീയെന്നരികിലെത്തുകില്ലേ

Wednesday, July 10, 2013

ഓര്‍മ്മയായ്...

നാഗകാവിലെ കല്‍വിളക്കില്‍  കിന്നാരം ചൊല്ലും ദീപനാളങ്ങളേ കാറ്റിന്‍ കരങ്ങളാല്‍ അണയരുതേ ഇരുളിന്‍ വെളിച്ചമായ് തെളിയേണമേ കുരുതിക്കായ് തെളിഞ്ഞു നില്ക്കും  നാഗക്കളത്തിന്‍ ദിവ്യമാം  മഞ്ഞളാടിയ നാഗരൂപം  മങ്ങാതെ മായാതെ നില്ക്കേണമേ കുരുത്തോല തോരണ പന്തലൊരുക്കി ചേലൊത്ത അമ്പലം പണിതുയര്‍ത്തി പുള്ളുവപാട്ടിന്‍ താളമോടെ ദേവ പ്രീതിയ്ക്കായ് അര്‍പ്പിതമാകാം  നാടിന്‍ നന്മയ്ക്കായ് ഒത്തൊരുമിക്കും  കളംപാട്ടിന്‍ നാദമിന്നോര്‍മ്മയായ് പുള്ളോര്‍കുടത്തിന്‍ ശബ്ദം പോലും  അന്യമായ് തീര്‍ന്നുവോ മനസ്സുകളില്‍ 

Monday, July 1, 2013

ആകുമോ...

കനലുകളെരിയുന്ന മനസ്സിന്‍ നെരിപ്പോടില്‍  കാലമാം മാന്ത്രികന്‍  കൈയൊപ്പു ചാര്‍ത്തവേ കരിഞ്ഞുപോയൊരു സ്വപ്നങ്ങളൊക്കെയും  തരളിതമായിനിയും  പീലി വിടര്‍ത്തുമോ മഴമേഘക്കീറുകള്‍  വഴിതെറ്റിപോകാതെ ഊഷരയാം ഭൂമിയെ തളിരണിയിക്കുമോ പതിരുകള്‍ നിറഞ്ഞ കാണാക്കിനാക്കള്‍  കതിരുകള്‍ വിടര്‍ന്ന പൂവാടിയാകുമോ നിറങ്ങള്‍ മാഞ്ഞൊരു വാര്‍മഴവില്ലിനെ വര്‍ണ്ണചിത്രം നിറയും  ക്യാന്‍വാസിലാക്കുമോ

Thursday, June 6, 2013

നൊമ്പരക്കാറ്റ്...

മഴത്തുള്ളികിലുക്കത്തില്‍ അലിഞ്ഞു പോയ നോവിന്റെ തേങ്ങലുകള്‍ കേള്‍ക്കാതെ കാറ്റിന്‍ മര്‍മ്മരമെന്നോര്‍ക്കവേ ഉലയായ് തീര്‍ന്നൊരു മനസ്സിന്നു നെരിപ്പോടായ് പുകയവേ നനവില്‍ കുതിര്‍ന്നലിഞ്ഞിട്ടും കനലായ് തീര്‍ന്നതെങ്ങിനെ വാടിക്കരിഞ്ഞു വീണതെല്ലാം പുതുജീവനോടുയിര്‍ത്തെണീറ്റിതല്ലോ താളം തെറ്റിയ കാറ്റിന്‍ കരങ്ങളാല്‍ നിലതെറ്റി നിപതിക്കയല്ലേ മാഞ്ഞുപോയൊരു പൊന്‍താരകം ദൂരെ നിന്നും മാടി വിളിക്കുന്നുവോ കാണാതെ പോയൊരു കണ്ണീര്‍തുള്ളി ഓളമായി ചുറ്റിയൊഴുകുകയല്ലേ കാണാക്കിനാവിന്‍ തീരങ്ങള്‍ തേടി ദൂരേയ്ക്ക് നീയിനി പോകുമോ അകതാരില്‍ വിരിഞ്ഞൊരു നൊമ്പരപൂവിനെ ആരും കാണാതിനിയും സൂക്ഷിക്കുമോ..

Sunday, May 26, 2013

മഴയൊന്നു പെയ്താല്‍ ......

വെയിലത്ത് വാടാതെ നിന്നൊരു ചെമ്പകം കാറ്റിന്‍ തഴുകലില്‍ കൊഴിയുവതെങ്ങിനെ നിഴല്‍ പടര്‍ന്നൊരു വീഥിയാകെ ചെമ്പക പരവതാനിയായ് മാറിയതെങ്ങിനെ വേരുകള്‍ ആഴ്ന്നൊരു മണ്ണിന്‍ നനവ് ഇല്ലാതെ പോകവേ കരിഞ്ഞു വീണതാകാം തളിരിട്ട ചില്ലകള്‍ കരിഞ്ഞുണങ്ങവേ മഴതുള്ളിയിങ്ങിറ്റു വീഴുവാന്‍ മനവും ഭൂമിയും ദാഹിക്കയല്ലോ തെളിഞ്ഞ വാനിടമൊന്നു കറുക്കവേ കാര്‍മേഘത്തെയുറ്റു നോക്കുന്നു മരവും മനുജനും ഒന്നുപോലെ മഴവില്ലൊന്നു തെളിഞ്ഞു മായവേ മാരിയൊന്നു പെയ്തൊഴിയവേ തളിരണിയും വൃക്ഷലതാതികള്‍ കുളിരണിയും ഭൂമി ദേവിയും കളിവള്ളമൊഴുക്കും കുഞ്ഞു മനസ്സില്‍ കുടിവെള്ളമില്ലെന്നാധിയില്ല വറുതി തന്‍ നോവുമില്ല മഴയൊന്നു മാറി പോയാല്‍ വറുതിയിലാകും മനുജര്‍ മഴയൊന്നു മാറാതെ നിന്നാലും ദുരിതങ്ങള്‍ക്കറുതിയില്ലയല്ലോ.

Tuesday, May 21, 2013

വര്‍ണ്ണചിത്രം....

നിറഞ്ഞമൌനത്തിന്‍ പൊരുളറിയാതെ അടര്‍ന്നു വീഴും കണ്ണീരറിയാതെ പിടഞ്ഞു തീരും മനസ്സിന്‍ നോവുകള്‍ ഉടഞ്ഞ കണ്ണാടി പോല്‍ ചിതറിയതെന്തേ തീരാത്ത മൌനത്തില്‍ മുങ്ങിയതെന്തേ തോരാത്ത കണ്ണീരു പകര്‍ന്നേകുവാനോ കിനാവിന്റെ തീരത്തിലെത്തി നോക്കുവാന്‍ നിദ്ര തന്‍ ജാലകം തുറന്നുവെന്നോ വിടരാതെ പോയ സുമങ്ങളൊക്കെയും വാടാതെ തന്നെ കൊഴിഞ്ഞുവെന്നോ ചിലമ്പാതെ ചിലുമ്പുന്ന കാറ്റിന്‍ മര്‍മ്മരം കൊലുസ്സിന്‍ കലമ്പല്‍ മറച്ചുവെന്നോ ഒരുവട്ടം കൂടിയാ ഇടവഴിയിലൂടെ ഓടിക്കളിക്കുവാന്‍ മോഹിക്കവേ നിറങ്ങളെല്ലാം മാഞ്ഞുപോയൊരു വര്‍ണ്ണ ചിത്രമായ് മാറുന്നു

Thursday, May 9, 2013

ഓര്‍ക്കുക നീ.

.. പുകയുന്ന മനസ്സിന്നുള്ളില്‍  എരിയും കനവുകള്‍ക്ക് ഒരു പിടി അന്നത്തിന്റെ വേവുന്ന ചൂടുണ്ടായിരുന്നു കനലുകള്‍ പുകയുമ്പോള്‍  ഉയരുന്ന തേങ്ങലുകള്‍  ചുരത്താത്ത മുലപ്പാലിന്‍  മുറവിളിയായ് മാറുന്നു മറയ്ക്കുവാനാകാത്ത ഒതുങ്ങിയ വയറും  അരചാണ്‍ തുണിയും  ഗതികേടെന്നറിയുക നീ എയറൊബിക്സിന്‍ താളമില്ലാതെ അഴകേറും അളവുകളായ് മാറ്റുന്നതീ ദാരിദ്ര്യമാകവേ ദൈവത്തിന്‍ അസമത്വമെന്നോ ഉള്ളവര്‍ക്കെല്ലാം പിന്നെയും  വാരിക്കൊടുക്കവേ ഷുഗറും പ്രഷറും കൊളസ്ട്രോളും  തിന്നുവാനാകാതെ വലയ്ക്കുകയായ് യാചിച്ചു നേടിയ കഞ്ഞിക്കുള്ളില്‍  അമ്മ തന്‍ കണ്ണീരുപ്പു കലരവേ അമൃതായ് മാറുന്നതറിയുന്നുവോ ഒരു വറ്റുമില്ലാത്ത തെളിവെള്ളം  കുറ്റവും ദോഷവും തേടിപ്പിടിക്കവേ കാണുവാനൊന്നു കണ്ണു തുറക്കുക ഒരു നേരം പോലും അന്നമില്ലാതെ കേഴുന്ന കുഞ്ഞിളം മുഖമൊന്നോര്‍ക്ക നീ...

Sunday, May 5, 2013

കാണാതീരത്തില്‍ ,,,

കണ്ണീരും കിനാക്കളും  കൈകോര്‍ത്ത് ചിരിക്കവേ വീണ്ടും മഴവില്ലഴകുമായ് വസന്തം വിരുന്നെത്തുകില്ലേ കരയുവാന്‍ മറന്ന കണ്‍കളില്‍  സ്വപ്നം പീലി വിടര്‍ത്തുകില്ലേ കദനം തഴുകിയ ചുണ്ടുകള്‍  നറുപുഞ്ചിരിയുമായ് വിടരുകയില്ലേ പാടുവാന്‍ മറന്ന മൌനഗീതങ്ങള്‍  ഗാനവിപഞ്ചികയായ് ഉയരുകയില്ലേ താളം മറന്ന പാദങ്ങള്‍  ചടുല നൃത്തത്തില്‍ മറന്നാടുകില്ലേ കാലം മറന്നു പൂത്ത കൊന്നപോലെ പൂക്കാ മരത്തില്‍ പൂ വിടരുകില്ലേ കദനത്തിന്‍ കൂരിരുള്‍ മാഞ്ഞുപോയ് കനവിന്‍ നിലാവല തെളിയുകില്ലേ കാണാത്ത തീരത്തു നിന്നുമെന്നും  കരുണ തന്‍ ദീപം തെളിഞ്ഞിടട്ടെ തോരാത്ത കണ്ണീരു തുടയ്ക്കുവാനായ് കാരുണ്യസ്പര്‍ശമായ് തീര്‍ന്നിടട്ടെ

Sunday, April 21, 2013

തൃശ്ശിവപേരൂരിന്റെ പൂരം വരവായ്....

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം അരങ്ങു തകര്‍ക്കുകയാണ്. കണ്ണും മനസ്സും മെയ്യും അലിഞ്ഞു ചേരുന്ന ഈ നാദ വര്‍ണ്ണ വിസ്മയത്തില്‍ ഒരിക്കല്‍ പങ്കു ചേര്‍ന്നവര്‍ അടുത്ത പൂരത്തിനായി കാത്തിരിക്കുക തന്നെ ചെയ്യും. ഇന്നു അവധി ദിനമായ ഞായര്‍ കൂടിയായപ്പോള്‍ ഏവരും ആ നാദ വര്‍ണ്ണ വിസ്മയത്തില്‍ അലിഞ്ഞു ചേരുകയാണ്. മാധ്യമങ്ങളിലൂടെ വാചാലരാകുന്നവര്‍ പോലും വാക്കുകള്‍ക്ക് അപ്രാപ്യമായ ആ നാദ പ്രപഞ്ചത്തിനു മുന്നില്‍ മൂകസാക്ഷികള്‍ ആകുകയാണ്. വെയിലിന്റെ ചൂടിനെ വകവയ്ക്കാതെ ചെറു പൂരങ്ങളുടെ എഴുന്നള്ളിപ്പുകള്‍ക്കൊപ്പം വടക്കുംനാഥനെ വണങ്ങി മഠത്തില്‍ വരവിന്റെ താളപ്പെരുമയ്ക്കായ് കാതോര്‍ക്കുവാന്‍, ആ നാദലയത്തില്‍ അലിഞ്ഞു ചേരുവാന്‍ ഒഴുകുകയാണ്. പാറമേക്കാവ് ഭഗവതിയെ പുറത്തേക്കെഴുന്നള്ളിച്ചുള്ള മേളത്തില്‍ ലയിച്ചു ചേര്‍ന്നു വേണം ഇലഞ്ഞിത്തറയിലെത്തി ഇലഞ്ഞിത്തറ മേളത്തിനു സാക്ഷ്യം വഹിക്കാന്‍ . പൂഴിയിട്ടാല്‍ പോലും താഴെ വീഴാത്തത്ര ജന സഹസ്രത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ എല്ലാ മനസ്സും കാതും ആ മേളവിസ്മയത്തില്‍ ഒന്നായലിഞു ചേരുന്ന കാഴ്ച അവര്‍ണ്ണനീയം മാത്രം. ആ മേള വിസ്മയത്തില്‍ നിന്നും മനസ്സിനെ സ്വതന്ത്രമാക്കി തെക്കെ ഗോപുര നടയിലൂടെ പുറത്തേക്കെത്തിയാല്‍ പ്രസിദ്ധമായ തെക്കോട്ടിറക്കം കാണാം. ആദ്യം പാറമേക്കാവ് ഭഗവതിയും പതിനഞ്ച് ആനകളും തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങി ശക്തന്‍ തമ്പുരാനെ വലം വെച്ചു വന്നു വടക്കുംനാഥനെ നോക്കി നില്ക്കുമ്പോഴേക്കും തിരുവമ്പാടി കണ്ണന്റെ കോലത്തില്‍ തിരുവമ്പാടി ഭഗവതിയും പതിനഞ്ച് ആനകളോടു കൂടി നേരെ അഭിമുഖമായി നിലകൊള്ളും. തുടര്‍ന്നാണു വര്‍ണ്ണങ്ങള്‍ മിന്നി മറയുന്ന കുടമാറ്റം. ആരോഗ്യകരമായ മല്‍സരത്തിലൂടെ കാണികളുടെ കണ്ണഞ്ചിപ്പിക്കുന്ന വിവിധ തരം വര്‍ണ്ണകുടകള്‍ ഇരു കൂട്ടരും മാറി മാറി ഉയര്‍ത്തുന്നതോടെ കാണികളിലെ ആവേശം ആരവമായി ഉയരുകയായ്, ആ ആവേശത്തിനു മാറ്റു കൂട്ടുവാന്‍ മേളവും ഉയര്‍ന്നു പൊങ്ങുമ്പോള്‍ നാം ഒരോരുത്തരും അതില്‍ അറിയാതെ അലിഞ്ഞു ചേരും. 1-1.30 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ആ വര്‍ണ്ണ വിസ്മയത്തിനു അസ്തമയ സൂര്യന്‍ പൊന്‍പ്രഭയേകുമ്പോള്‍ ഇതാണു പൂരമെന്നു ഓരോ മനസ്സും പറഞ്ഞു പോകും. ആ വര്‍ണ്ണകാഴ്ചക്കൊടുവില്‍ ഏവരും പിരിഞ്ഞു പോകുമ്പോള്‍ മാനത്തെ വര്‍ണ്ണവിസ്മയത്തിനുള്ള കാത്തിരിപ്പ് തുടങ്ങുകയായ്. അതിന്റെ മുന്നോടിയെന്ന നിലയില്‍ ഒരു ചെറിയ വെടിക്കെട്ട് നടക്കും. പിന്നെയും കാത്തിരിപ്പ് തുടരുമ്പോള്‍ വീണ്ടും ചെറു പൂരങ്ങള്‍ വരവായ്. പുലര്‍ച്ചെ 3 മണിയൊടെ ഉള്ള ഇരുളിനെ വെളിച്ചമാക്കി മാറ്റുന്ന ആകാശ കാഴ്ചയില്‍ ആ ശബ്ദഘോഷത്തില്‍ ഏതു കുംഭകര്‍ണ്ണനും ഉറക്കമെണീറ്റ് പോകും. പിന്നെ മണിക്കൂറുകളോളം നീളുന്ന ശബ്ദ വര്‍ണ്ണ കാഴ്ചകള്‍ ഒരു വര്ഷത്തിന്റെ കാത്തിരിപ്പിന്റെ പ്രതീക്ഷയാണ്. ആ വര്‍ണ്ണ വിശേഷങ്ങളുമായി മടങ്ങുമ്പോഴേക്കും ഉപചാരം ചൊല്ലി പിരിയുന്നതിനായി പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും വടക്കുംനാഥന്റെ തിരുമുറ്റത്തേക്ക് പുറപ്പെടുകയായി. അതാണു തൃശ്ശൂരുകാരുടെ പൂരം. അതിഥികളെല്ലാം തിരിച്ചു പോയി നാട്ടുകാര്‍ക്ക് കാണാനുള്ള ഈ പൂരത്തില്‍ കുടമാറ്റവും വെടിക്കെട്ടും ചെറിയ തോതില്‍ ആവര്‍ത്തിക്കുന്നു. അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന വാഗ്ദാനവുമായി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഒരു വര്‍ഷത്തെ പ്രയത്നത്തിനു സാഫല്യമായ്. ഈ പൂര വിസ്മയത്തിനായ് വീണ്ടൂം പ്രതീക്ഷയോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പ് തുടരുകയായ്.... എത്ര കണ്ടാലും എത്ര കേട്ടാലും മതി വരാത്ത പൂരപെരുമയ്ക്ക് ഇനിയും സാക്ഷ്യം വഹിക്കാമെന്ന പ്രതീക്ഷയോടെ ...

Saturday, April 20, 2013

പകരമാകില്ല...

അസ്തമയ സൂര്യനെ പ്രാപിക്കവേ ചുവന്നു പോയൊരു കടലലകളേ കാറ്റിന്‍ കരങ്ങളറിഞ്ഞില്ലല്ലോ നിന്നില്‍ ഒളിപ്പിച്ചു വച്ചൊരു കുടിലത വിരിയും മുന്‍പേ ഞെട്ടറ്റു വീണൊരു പൂവിന്നിതള്‍ കവര്‍ന്നെടുക്കും  ചോണനുറുമ്പേ, നീയും കേട്ടതില്ലേ ഹൃദയമുരുകും തേങ്ങലുകള്‍  അരുതെന്നു വിലപിക്കാനാകാത്ത നിഷ്കളങ്ക ബാല്യത്തിന്‍ കൌതുകങ്ങള്‍  പിച്ചിയെറിഞ്ഞ കരാള ഹസ്തമേ കഷ്ടം; നിന്നെ താതനെന്നുര ചെയ്യുവാന്‍, ചിതറി തെറിച്ച വളപ്പൊട്ടുകളും  ഉടയാതെ പോയൊരു പാവക്കുട്ടിയും  നെഞ്ചോടടുക്കി പതം പറയുന്നൊരമ്മ തന്‍  കണ്ണീരിനു പകരമേകാന്‍ എന്തിരിപ്പൂ കാലം മായ്ക്കും വേദനയെന്നു ചൊല്ലിയാലും  അമ്മ തന്‍ നെഞ്ചിലെ തീയണയുകില്ലൊരു നാളിലും  എത്ര ജന്മം പിറവിയെടുത്താലുമീ ചിതറിതെറിച്ച സ്വപ്ങ്ങള്‍ക്ക് പകരമാകില്ലൊന്നും 

Saturday, April 6, 2013

അറിയുക നീ....

നോവിന്‍ ഇരുളലയാല്‍  സ്വയമൊരു കൂടൊരുക്കി ആരുമറിയാതെ മിഴിനീരൊഴുക്കും  വെണ്‍പിറാവേ കരയരുതേ ആരിലും നന്മയെ കാണുവാന്‍  ഉള്‍ക്കണ്ണു തുറന്നീടുവാനാകുകില്ലേ കണ്ണടച്ചാല്‍ ഇരുളാകുമെങ്കിലും  പകലെന്ന സത്യത്തെ അറിയുക നീ ആരോ പറഞ്ഞ വാക്കുകള്‍ക്കര്‍ത്ഥമേകാതെ അറിയാത്ത സത്യത്തെ തിരയുകില്ലേ കേള്‍ക്കുവതൊക്കെയും സത്യമെന്നു നിനക്കാതെ കാണുന്ന കാഴ്ച തന്‍ സത്യമറിയുക നീ മൊഴികള്‍ നോവിന്‍ കൂരമ്പാക്കാതെ സുസ്മിതത്താല്‍ സ്വാന്തനമേകിയെന്നാല്‍  നിന്ദിക്കയില്ലൊരു നാളിലുമെങ്കിലും  എന്നും വന്ദനം സ്വായത്തമാക്കീടാം 

Friday, March 29, 2013

ഉയരുവാനായ്...

ഓര്‍മ്മകളേറെ ബാക്കിയാക്കി സ്വപ്ങ്ങള്‍ മാത്രം പകുത്ത് തന്ന് കാണാമറയത്തെന്നെ തനിച്ചാക്കി ആരുമറിയാതെ പോയതെന്തിനായ് നിലത്തെത്തും മുന്നെ മാഞ്ഞുപോയ മഴയായ് നീയെന്നെ പുണര്‍ന്നതെന്തേ വിടരുവാന്‍ വിതുമ്പിയ പൂമൊട്ടായ് നിന്‍ കുളിരലയില്‍ അലിഞ്ഞതല്ലേ പെയ്യാത്ത വര്‍ഷമേഘം മാറി നില്‍ക്കേ നിഴലലയായ് നീയെന്നും കൂടെയില്ലേ തീരാത്ത മോഹങ്ങള്‍ ബാക്കി നില്‍ക്കേ നിറനിലാവായ് നീയെന്നെ പൊതിയുകില്ലേ ഒഴുകാത്ത നദിയിലെ അല പോലെ തകരാത്ത തന്ത്രിയിലെ നാദമായ് കിനാവിന്റെ പേടകം തുറന്നു വച്ച് മധുവൂറും ചഷകം നുകര്‍ന്നിരിക്കാം നുകരാത്ത തേനിന്റെ മധുരവുമായ് ഉടയാത്ത സ്വപ്നത്തിന്‍ നിറങ്ങളില്‍ പാടാത്ത ഗാനത്തിന്‍ ഈണവുമായ് പുതിയൊരു ലോകം പടുത്തുയര്‍ത്താം...

Wednesday, March 13, 2013

അറിയുന്നുവോ...

അറിയുന്നുവെന്നും ആ മൌനത്തിന്‍  സാന്ദ്രമാം മൊഴികളെ അറിയാതെ പോകുവതില്ല നിന്‍ ഹൃദയ സ്പന്ദനത്തെ പ്രിയമേറെയെന്നു ചൊല്ലിയത് വെറും വാക്കല്ലെന്നറിഞ്ഞിട്ടും  പറയുവാനാകതില്ലയെന്‍  മനസ്സിന്‍ നേരുകളെ ഓര്‍മ്മകള്‍ മാടി വിളിച്ചിടുമ്പോള്‍  തെളിയുന്ന സുവര്‍ണ്ണ നിമിഷങ്ങളില്‍  കിനാവിന്‍ തീരത്തണഞ്ഞിടാം  നിന്‍ മോഹമായലിഞ്ഞു തീരാം  ഇല കൊഴിയും മര്‍മ്മരത്താല്‍  സ്നേഹ ഗീതികള്‍ പാടിടാം  കൊഴിയുന്ന പൂക്കളെ കൊരുത്തെടുത്ത് സ്നേഹമാല്യം ചാര്‍ത്തിടാം  തുളുമ്പുന്ന കണ്ണീരൊളിച്ചു വെച്ച് നിറഞ്ഞ പുഞ്ചിരി പകര്‍ന്നു തരാം  നിലാവിലും തെളിയുന്ന നിഴല്‍ പോലെ എന്നും നിന്നോടൊപ്പം കൂട്ട് നില്ക്കാം

Tuesday, March 12, 2013

നേരറിയാതെ...

വിരിയാത്ത താമരപൂവിനെ പോല്‍ ഇതള്‍ വിരിയാതെ കൂമ്പി നിന്നതെന്തേ; തീയില്‍ കുരുത്ത കരുത്തുമായ് വന്നിട്ടും ഈ വെയിലില്‍ വാടി കരിഞ്ഞതെന്തേ? കിന്നാരമേറെ ചൊല്ലിപ്പറഞ്ഞിട്ടും ആരുമേയല്ലാതെ തീര്‍ന്നതെന്തേ; കാലമാം കാമുകന്‍ കൈയൊപ്പു ചാര്‍ത്തിയ സുന്ദര സ്വപ്നമേ നീയെവിടെ, കാണുവാനേറെ കൊതിച്ച നേരത്ത് കാണാമറയത്ത് നിന്നതല്ലേ; കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നപ്പോള്‍ മൌനമായ് അകന്നു പോയതല്ലേ, ആരോ ചൊല്ലിയ പരിഭവമൊക്കെയും ആരോപണമായ് മാറ്റിയതെന്തേ; നോവുമിടനെഞ്ചിന്‍ നൊമ്പരമറിയാതെ നേരിനെ തേടി പോയതെവിടെ?

Sunday, March 10, 2013

എന്തിനെന്നോ...

ഉള്ളം വിങ്ങി പിടയുമ്പോഴും  കരയുവാനാകാതെ പോയ മനസ്സേ, നിന്‍ പുഞ്ചിരിയിന്നു വിടരാതെ പുഴുക്കുത്തേറ്റ പൂവായതറിയുന്നുവോ നിശ്ശബ്ദമാം കാലൊച്ചയുമായ് മരണത്തിന്‍ കാലപാശവുമായ് കടന്നെത്തി കവര്‍ന്നെടുത്തതറിയാതെ മിഴിയൊന്നു ചിമ്മുവാന്‍ കാത്തിരുന്നേറെ ആശ്രയമറ്റ അഗതിയായ് തീരവേ കരയുവാന്‍ മറന്നു പോയതെത്ര പേര്‍ ആര്‍ത്തലയ്ക്കും തിരമാല കണക്കേ പതം പറഞ്ഞു കരഞ്ഞവരേറെ ഒരു ജന്മം പൂര്‍ണ്ണമായെന്നോ നിന്‍ നിഴലിനി പിന്തുടരുന്നതാരെയെന്നോ; മുന്നോട്ടു പോകും വഴിയില്‍  ഇരുള്‍ വീണതെന്തിനെന്നോ പിന്തിരിഞ്ഞൊന്നു നോക്കിയെന്നാല്‍  ഇടറി പോകുമോ നിന്‍ പാദങ്ങള്‍ , പതറാതെ മുന്നേറുവാന്‍ വഴികാട്ടിയായ് മുന്‍പേ നടന്നെന്നോര്‍ക്കുക ചിതറി തെറിച്ച സ്വപ്നങ്ങള്‍  ചിതലരിക്കാത്ത ഓര്‍മ്മയാക്കി ചില്ലുകൂട്ടില്‍ അടച്ചു വെയ്ക്കാതെ ചരിത്രത്താളില്‍ എഴുതി ചേര്‍ക്കാം 

Sunday, February 24, 2013

കേഴുകയാണിന്നും ..

വര്‍ഷ മേഘങ്ങള്‍ പെയ്യുവാനാകാതെ, വീശിയെത്തിയ കാറ്റില്‍ അകന്നു പോകവേ, കരിഞ്ഞു വീഴും ഇലകളും പൂക്കളും ഒരുക്കുന്ന പൂക്കളം മൃത്യുവായ് തീരവേ, കേഴുന്ന ഭൂവിന്‍ നോവിന്‍ രോദനം ഭൂചലനമോ പ്രളയമോ എന്നറിയുന്നുവോ അഗ്നിയായ് ജ്വലിച്ചൊരു സൂര്യനെ നോക്കി തപിച്ചിടും മനസ്സുമായ് പരിതപിക്കവേ, വരണ്ട നാവിലിറ്റിക്കുവാന്‍  ദാഹജലത്തിനായ് കേഴവേ, വരണ്ടുണങ്ങിയ നീര്‍ച്ചാലുകള്‍  മനസ്സില്‍ നനവേകുമോ? കത്തിക്കാളും വെയിലില്‍  വെന്തുരുകും മനസ്സുമായ്, വേഴമ്പലെന്ന പോലെ കേഴുക മാത്രമാണിന്നു ഞാന്‍ 

Sunday, February 17, 2013

തളിരണിയവേ...

വേനലില്‍ കരിയും ഇലകളെ പോല്‍  തളിരണിയാത്ത ചില്ലകളെ പോല്‍  പേറ്റുനോവിന്‍ നൊമ്പരമറിയാത്ത ഹതഭാഗ്യയാം സ്ത്രീജന്മത്തില്‍  കാരിരുമ്പിന്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ വാള്‍ത്തലയായ് മാറവേ മുറിവേറ്റു പിടയുന്ന മനസ്സിന്‍ നോവുകള്‍  ചോരയൊന്നും ചിന്താതെ നീറുന്നതാകവേ വരമായ് കിട്ടുന്ന പൊന്‍കുരുന്നിനെ ജീവരക്തം നല്കി സ്വന്തമാക്കവേ മതഭ്രാന്തിനാല്‍ അലയുന്നവരറിയുന്നില്ല ഇവിടമാണീശ്വര സന്നിധാനം  ജന്മം നല്‍കുവാനായില്ലയെങ്കിലും  ജന്മമേകിയവരേക്കാള്‍ ഉന്നതരിവര്‍  നല്കുകില്ലൊരു നൊമ്പരമൊരു നാളിലും  ജന്മസാഫല്യമായ് തീര്‍ത്തൊരു ജീവിതത്തില്‍ 

Friday, February 15, 2013

സ്വപ്നമായ്....

സ്വപ്നങ്ങളില്ലാത്ത ലോകത്തു നിന്നും സ്വപ്നം കാണുവാനെത്തിയ നിനക്കായ് സ്വപ്നക്കൂടൊന്നൊരുക്കി വച്ചു ഞാന്‍ സ്വപ്നമായ് വിരിഞ്ഞു നില്‍ക്കാം പറയാത്ത നൊമ്പരങ്ങളറിഞ്ഞു തന്നെ പ്രിയമേറും സ്വപ്നമായ് കൂടെ നില്‍ക്കാം അടരാത്ത കണ്ണുനീര്‍ തുള്ളി പോലെ നിന്നിലെ മോഹമായ് തുളുമ്പി നില്‍ക്കാം തഴുകാതെ പോകുന്ന കാറ്റു പോലെ ഓളങ്ങളില്ലാതൊഴുകുന്ന പുഴ പോലെ രാഗഭാവങ്ങളില്ലാത്ത ഗാനം പോലെ ആരുമേയറിയാതെ നിന്നിലലിഞ്ഞു ചേരാം കനലുകള്‍ പുകയുന്ന മനവുമായ് കണ്ണീരിലെഴുതിയ സ്വപ്നവുമായ് കരയുവാന്‍ മറന്ന മനസ്സുകളില്‍ സ്നേഹ സ്വാന്തനമായ് തെളിഞ്ഞു നില്ക്കാം

Sunday, January 20, 2013

ജന്മസാഫല്യമായ്..

കതിരവനുദിക്കും മുന്‍പേ കണികാണാനൊരുങ്ങി നില്‍ക്കും  ഉഷമലരി പൂവായ് ഞാനെന്‍  കായാമ്പൂവര്‍ണ്ണനരികിലെത്തിടട്ടെ നിര്‍മാല്യ സായൂജ്യത്തില്‍  മയങ്ങി നില്‍ക്കവേ വാകചാര്‍ത്തിന്‍ ദര്‍ശനപുണ്യം  പകര്‍ന്നേകുവാന്‍ ഞാനും വന്നിടട്ടെ ചെത്തിയും തുളസിയും മാറില്‍ ചേരവേ പാദമൊന്നു ചുംബിക്കുവാന്‍ ഞാനും വന്നിടാം  ചന്ദനചാര്‍ത്തിന്‍ സുഗന്ധവുമായ് അലിഞ്ഞുചേര്‍ന്നിടാന്‍ ഞാനുമെത്തീടാം  അഭിഷേക തെളിനീരില്‍  ഒഴുകി നീങ്ങവേ എന്നിലെ പാപഭാരമൊക്കെയും  അലിഞ്ഞുപോകുവതറിയുന്നു ഞാന്‍  ഉഷസ്സിന്‍ പൊന്‍കിരണമെത്തും മുന്‍പേ ഉണര്‍ന്നതീ ജന്മപുണ്യത്തിനായ് നാമ സങ്കീര്‍ത്തനമുയരും വേളയില്‍  നേടിടട്ടെ ഞാനീ ജന്മസാഫല്യം.

Wednesday, January 16, 2013

കണ്ണീര്‍മഴ

കടലോളം കണ്ണീര്‍  മനസ്സിലൊളിപ്പിച്ച് ഒരു ഞെട്ടിലിതള്‍വിരിഞ്ഞ ഇരു പൂക്കള്‍ക്ക് വിട ചൊല്ലവേ കാലപാശവുമായെത്തിയ യാത്രാവണ്ടി അഗ്നിക്കിരയാക്കവേ മിന്നിമായുന്നിപ്പോഴും കണ്മുന്നില്‍  ചിതറിതെറിച്ചൊരാ വളപ്പൊട്ടുകള്‍  കാണാമെന്നു വിടചൊല്ലിപോകവേ യാത്രാമൊഴിയെന്നു നിനച്ചില്ലവര്‍  ഉള്ളില്‍ പുകയും കനലുമായ് ഒരു ഗ്രാമമൊന്നടങ്കം തേങ്ങുകയായ് ഒരു നിമിഷത്തിന്‍ പാളിച്ചയില്‍  തകര്‍ന്നുപോയൊരാ കുടുംബത്തിന്‍  കണ്ണീരൊപ്പുവാനാകാതെ തളര്‍ന്നു പോകയായ് കാണികളും  വിധിയെ പഴിക്കുവാന്‍ മാത്രമായ് ബാക്കിയായൊരു പൊന്‍മകളെ നെഞ്ചോടടക്കി പിടിച്ചുകൊണ്ട് കേഴുന്നിതാ ജനയിതാക്കള്‍ 

Monday, January 14, 2013

ശ്രുതിലയ സംഗീതമായ്

തളരാത്ത മനമോടെ ഇടറാത്ത പദമൂന്നി നിഴലിനെ നോക്കാതെ മുന്നോട്ടു പോകവേ ഉയരുന്ന തേങ്ങലുകള്‍  ചങ്ങലയായ് ബന്ധിക്കവേ കരളിന്റെ നൊമ്പരം  സാഗരയലകളായ് ഉയരവേ തിരിഞ്ഞൊന്നു നോക്കാതെ നേരിന്റെ വഴികളില്‍  ചികയുന്ന മാനസമറിയുന്നു മൃതി തന്‍ മൃദു സ്പന്ദനം  അലകളുയരാത്ത അരുവിയായ് അഴലുകള്‍ മാഞ്ഞ നിനവായ് അതിരുകളില്ലാത്ത സ്നേഹമായ് അകലുവാനാകാത്ത മനസ്സുമായ് ഇടനെഞ്ചില്‍ തുടികൊട്ടും താളവുമായ് കാതരയായ് കാത്തിരിക്കവേ ശ്രുതിലയ സംഗീതമായ് പെയ്തലിഞ്ഞു ചേര്‍ന്നിടാം 

Wednesday, January 9, 2013

എങ്ങിനെ??

ഉരുകും മനസ്സിന്റെ നോവുകളറിയാതെ തകര്‍ന്ന തന്ത്രികളില്‍  രാഗം മീട്ടിയതെങ്ങിനെ മുറിവേറ്റ ചിറകുമായ് പറന്നുയരുവാനാകാതെ ഹൃദയമുരുകി കരയും  വെണ്‍പിറാവായതെങ്ങിനെ നിഴലുകള്‍ വഴിമാറും  നിശയുടെ യാമങ്ങളില്‍  പെയ്തൊഴിയാത്ത മഴയായ് തൂവാനമായ് മാറിയതെങ്ങിനെ കേള്‍ക്കാത്ത കഥകളില്‍  അറിയാത്ത വഴികളില്‍  തിരയുന്ന നേരുകള്‍  അലിഞ്ഞു തീരുന്നതെങ്ങിനെ നിനവിന്റെ നോവുമായ് അണയാത്ത സത്യമായ് വഴിത്താരകള്‍ തെളിയുമ്പോള്‍  ജീവരാഗം കേള്‍ക്കാതിരിക്കുവതെങ്ങിനെ