Thursday, January 26, 2012

നീ....

സൂര്യനെ തേടിയ
സൂര്യകാന്തിപൂവിനെപോല്‍
കാറ്റിലുലയും
കതിര്‍നാമ്പുകള്‍ പോല്‍

മനസ്സില്‍ വിരിഞ്ഞൊരു
വാര്‍മഴവില്ലേ
കണ്‍കുളിര്‍ക്കെ കാണും മുന്നെ
മാഞ്ഞു നീ പോയിടല്ലേ

തെളിഞ്ഞു നില്ക്കും
സായൂജ്യമായ്
നിറഞ്ഞു കത്തും
നിലവിളക്കായ് നീ

കണ്ണീരിറ്റു വീഴാതെ
കൈക്കുമ്പിളിലൊതുക്കുവാന്‍
കനിവോടെ നീയെന്നും
കൂടെ വരില്ലേ

പെയ്തൊഴിഞ്ഞ മാനത്തെ
കരിമേഘമായ് മാറിടാതെ
നിലാവൊളിയില്‍ കുളിച്ചു നില്ക്കും
വെണ്ണക്കല്‍ ശില്പമാകില്ലേ

Thursday, January 5, 2012

ഓര്‍മ്മ തന്‍ സംഗീതം

ഇടറുന്ന മൊഴികള്‍ കേള്‍ക്കാനാകാതെ
ചിതറിതെറിച്ച ഓര്‍മ്മക്കുറിപ്പുകള്‍
ചിതലരിക്കാതെ കാത്തുകൊള്ളുവാന്‍
വൃഥാവിലൊന്നു ഞാന്‍ ശ്രമിച്ചിടാം

നോവുന്ന ഓര്‍മ്മകള്‍ തേങ്ങികരയവേ
ഇടനെഞ്ചു വിങ്ങി മോഹങ്ങള്‍ പുകയവേ
വീണ്ടുമൊരിക്കല്‍കൂടി കുയില്‍പാട്ടേറ്റു പാടി
ഈ വഴിയിലൂടെ ഞാനൊന്നു നടന്നിടാം

വെയില്‍നാളമൊളിച്ചുനോക്കും നടുമുറ്റം
ഇന്നീ ഇരുളിന്‍ പാഴ് കിനാവോ
പൂനിലാവില്‍ വിരിഞ്ഞു നിന്നൊരീ നിശാഗന്ധി
കഴിഞ്ഞുപോയ വസന്തത്തിന്‍ നിഴല്‍ മാത്രമോ

പെയ്തൊഴിഞ്ഞ മഴയുടെ മടുക്കാത്ത സംഗീതമായ്
ചിതറിത്തെറിച്ച ചിലങ്കതന്‍ നിലയ്ക്കാത്ത താളമായ്
തകര്‍ന്നു പോയൊരു തംബുരുവിന്‍ നാദമായ്
മധുരിക്കുമീ ഓര്‍മ്മകളെന്നെ തഴുകട്ടെ

കാതോര്‍ത്തിരിക്കാം ഇനിയുമാ ദേവസംഗീതത്തിനായ്
കണ്‍തുറന്നിരിക്കാം ഇനിയുമാ ലാസ്യ നടനത്തിനായ്
വരവേല്‍ക്കാം ഇനിയുമാ സ്നേഹ സാമ്രാജ്യത്തിലേക്കായ്
കണ്ണൊന്നു ചിമ്മാതെ ഇനിയും കാത്തുകൊള്ളുകില്ലേ