Thursday, November 29, 2012

പാഴ്ജന്മമല്ലിത്...

നൊമ്പരപ്പൂവിന്‍ ഇതള്‍ കൊഴിയവേ ചുണ്ടിലൂറും നറുചിരി മായവേ അറിയാതെ പോകുന്നുവോ താളം തെറ്റിയ ഹൃദയ സ്പന്ദനം  നോവിന്റെ ലോകത്തു പിടയവേ കാത്തിരുന്നൊരു മോചനത്തിനായ് ജീവന്റെ തുടിപ്പില്ലാതാകവേ താഴ്ന്നു പോകുന്നിതാ നിലയില്ലാകയത്തില്‍  മുന്നോട്ടു നോക്കവേ കൂരിരുള്‍ മാത്രം  ഇല്ലൊരു കൂരയും തല ചായ്ക്കുവാന്‍  കൈയൊന്നു നീട്ടിയാല്‍ എത്തിപ്പിടിച്ചിടാം  ബലിമൃഗമായ് ജീവിച്ചു തീര്‍ക്കാം  മൂന്നു പെണ്‍കുരുന്നിനെ ചേര്‍ത്തുപിടിക്കവേ അറിയുന്നു ഞാനെന്‍ ഉള്ളം പുകയുന്നത് നിധികാക്കും ഭൂതമെന്ന പോല്‍  ഇനിയെങ്ങുപോയ് അഭയം തേടിടും  കാണുന്നവര്‍ക്കൊക്കെയും സഹതാപമേറിടും  കാഴ്ചവസ്തുവായ് തീര്‍ത്തിടും പത്രങ്ങള്‍  അനാഥരായ് തീരുവാന്‍ യോഗമായെങ്കിലും  പാഴ്ജന്മമല്ലിതെന്നോര്‍ക്കുക നിങ്ങളും  അറ്റുപോയിട്ടില്ലിവിടെ സ്നേഹ സ്വാന്തനം  നേടിയെന്‍ കുഞ്ഞുമക്കള്‍ സുരക്ഷാ കവചം  സ്നേഹം നിറഞ്ഞ മനസ്സിന്‍ കാരുണ്യം  പകര്‍ന്നേകിയെനിക്കുമൊരു ജീവിതം 

Friday, November 23, 2012

വൃഥാവില്‍...

ഇലഞ്ഞി പൂക്കളാല്‍  പരവതാനി വിരിച്ച ഇടവഴിയും  പവിഴമല്ലി പൂവുകള്‍ കളം വരച്ച കാവിലെ നാഗത്തറയും  പരല്‍മീനുകള്‍ ഓടിക്കളിക്കും  ആമ്പല്‍ നിറഞ്ഞ അമ്പലക്കുളവും  വേലിത്തലക്കലെത്തി നോക്കും  മഞ്ഞപട്ടുടുത്ത കോളാമ്പി പൂക്കളും  നറുമണം പരത്തി വിരിഞ്ഞു നില്ക്കും  തൈമുല്ലയും തെച്ചിപൂക്കളും  വയല്‍പൂക്കളെ ഉമ്മവെയ്ക്കും  നിറമേഴും പകര്‍ന്ന ശലഭങ്ങളും  മുളങ്കാട്ടില്‍ കിന്നാരമോതും  വാചാലരാം വണ്ണാത്തിക്കിളികളും  കാറ്റിന്‍ കരങ്ങളാല്‍ തലോലമാടും  ഹരിതാഭയാര്‍ന്ന നെല്‍ക്കതിരുകളും  മനസ്സിനെ മോഹിപ്പിക്കവേ പിന്നിട്ട വഴിയിലെക്കൊന്നു കാലചക്രം പിറകോട്ടു പോകുവാന്‍  വൃഥാവില്‍ മോഹിക്കയായ്...

Wednesday, November 21, 2012

വാചാലം ...

ഉറങ്ങാത്ത മനസ്സില്‍  ഉണരുന്ന നോവുകള്‍  ഉരുകുന്ന ജീവനില്‍  നെരിപ്പോടായ് മാറവേ കാണാത്ത കാഴ്ചകള്‍  കാണുമെന്നറിയാതെ കേള്‍ക്കാത്ത വാക്കുകള്‍  കേള്‍ക്കുമെന്നറിയാതെ കാണാമറയത്തൊളിക്കുവാന്‍  വെമ്പും മനസ്സുകള്‍  ഹൃദയനൊമ്പരം അറിയാതെ കാണാതീരത്തൊളിക്കുമോ വാക്കുകളന്യമാകവേ ഉരിയാടാതെ പോകയാല്‍  സ്നേഹമെന്ന മന്ത്രത്തിന്‍  സൌഹൃദം അന്യമാകവേ മൌനത്തിന്‍ മൂടുപടം മാറ്റി പറയാതെ പോകരുതേ നിന്നുള്ളില്‍ തെളിഞ്ഞ വചന മന്ത്രങ്ങള്‍ 

Monday, November 19, 2012

നോവും കാഴ്ച…

ഇതള്‍ കൊഴിഞ്ഞ പൂവിനെ പോല്‍ ചിറകൊടിഞ്ഞ പറവയെ പോല്‍ ഉറവയില്ലാത്ത അരുവിയെ പോല്‍ ജീവനറ്റ ശരീരമായ് മാറിയതെങ്ങിനെ കണ്ണൊന്നു തെറ്റിയ നേരമെന്നുടെ ബധിരകര്‍ണ്ണങ്ങളിലെത്തിയില്ലൊരു ചീറിപ്പായുമാ തീവണ്ടി തന്നുടെ നിലവിളിയുമട്ടഹാസവും നാമസങ്കീര്‍ത്തനം ചൊല്ലിതീരാതെ പുത്തരിപ്പായസമുണ്ണുവാനാകാതെ ചിതറിപ്പോയൊരാ ശരീരമിന്നൊരു നോവും കാഴ്ചയായ് മാറിയല്ലോ നിലച്ചു പോയൊരു ജീവിതരാഗം ഉണരുവനാകാ തെ ഉറങ്ങിയതല്ലേ കാത്തിരിക്കും മനസ്സുകള്‍ ദുഖസാഗരത്തില്‍ ആറാടിയല്ലോ

Wednesday, November 7, 2012

നിന്നിലലിയുവാന്‍...

നിണമണിഞ്ഞ ഹൃദയത്തിന്‍  നൊമ്പരമറിയിക്കാതെ ആരുമറിയാതെ പറന്നകന്ന വേഴാമ്പലായ് തിമിര്‍ത്തു പെയ്യും മഴയില്‍  നനഞ്ഞു കുളിര്‍ക്കവേ ചിറകു കുടയുന്ന വണ്ണാത്തിക്കിളിയായ് വെയിലത്തു വാടാത്ത മഴയത്തു കൊഴിയാത്ത നറുമുള്ളുകള്‍ നിറഞ്ഞ തൊട്ടാവാടിയായ് രാവിന്‍ വിരിമാറില്‍  ഒളിയേകും നിലാമഴയായ് നിശയെ മദിപ്പിക്കും  പൂത്തുലഞ്ഞ നിശാഗന്ധിയായ് തൂമഞ്ഞിന്‍ കുളിരേകും  ഹിമശൃംഗമായ് കനിവാര്‍ന്ന ഹൃദയതാളമായ് നിന്നിലലിഞ്ഞു ചേര്‍ന്നിടട്ടെ