Friday, March 29, 2013

ഉയരുവാനായ്...

ഓര്‍മ്മകളേറെ ബാക്കിയാക്കി സ്വപ്ങ്ങള്‍ മാത്രം പകുത്ത് തന്ന് കാണാമറയത്തെന്നെ തനിച്ചാക്കി ആരുമറിയാതെ പോയതെന്തിനായ് നിലത്തെത്തും മുന്നെ മാഞ്ഞുപോയ മഴയായ് നീയെന്നെ പുണര്‍ന്നതെന്തേ വിടരുവാന്‍ വിതുമ്പിയ പൂമൊട്ടായ് നിന്‍ കുളിരലയില്‍ അലിഞ്ഞതല്ലേ പെയ്യാത്ത വര്‍ഷമേഘം മാറി നില്‍ക്കേ നിഴലലയായ് നീയെന്നും കൂടെയില്ലേ തീരാത്ത മോഹങ്ങള്‍ ബാക്കി നില്‍ക്കേ നിറനിലാവായ് നീയെന്നെ പൊതിയുകില്ലേ ഒഴുകാത്ത നദിയിലെ അല പോലെ തകരാത്ത തന്ത്രിയിലെ നാദമായ് കിനാവിന്റെ പേടകം തുറന്നു വച്ച് മധുവൂറും ചഷകം നുകര്‍ന്നിരിക്കാം നുകരാത്ത തേനിന്റെ മധുരവുമായ് ഉടയാത്ത സ്വപ്നത്തിന്‍ നിറങ്ങളില്‍ പാടാത്ത ഗാനത്തിന്‍ ഈണവുമായ് പുതിയൊരു ലോകം പടുത്തുയര്‍ത്താം...

Wednesday, March 13, 2013

അറിയുന്നുവോ...

അറിയുന്നുവെന്നും ആ മൌനത്തിന്‍  സാന്ദ്രമാം മൊഴികളെ അറിയാതെ പോകുവതില്ല നിന്‍ ഹൃദയ സ്പന്ദനത്തെ പ്രിയമേറെയെന്നു ചൊല്ലിയത് വെറും വാക്കല്ലെന്നറിഞ്ഞിട്ടും  പറയുവാനാകതില്ലയെന്‍  മനസ്സിന്‍ നേരുകളെ ഓര്‍മ്മകള്‍ മാടി വിളിച്ചിടുമ്പോള്‍  തെളിയുന്ന സുവര്‍ണ്ണ നിമിഷങ്ങളില്‍  കിനാവിന്‍ തീരത്തണഞ്ഞിടാം  നിന്‍ മോഹമായലിഞ്ഞു തീരാം  ഇല കൊഴിയും മര്‍മ്മരത്താല്‍  സ്നേഹ ഗീതികള്‍ പാടിടാം  കൊഴിയുന്ന പൂക്കളെ കൊരുത്തെടുത്ത് സ്നേഹമാല്യം ചാര്‍ത്തിടാം  തുളുമ്പുന്ന കണ്ണീരൊളിച്ചു വെച്ച് നിറഞ്ഞ പുഞ്ചിരി പകര്‍ന്നു തരാം  നിലാവിലും തെളിയുന്ന നിഴല്‍ പോലെ എന്നും നിന്നോടൊപ്പം കൂട്ട് നില്ക്കാം

Tuesday, March 12, 2013

നേരറിയാതെ...

വിരിയാത്ത താമരപൂവിനെ പോല്‍ ഇതള്‍ വിരിയാതെ കൂമ്പി നിന്നതെന്തേ; തീയില്‍ കുരുത്ത കരുത്തുമായ് വന്നിട്ടും ഈ വെയിലില്‍ വാടി കരിഞ്ഞതെന്തേ? കിന്നാരമേറെ ചൊല്ലിപ്പറഞ്ഞിട്ടും ആരുമേയല്ലാതെ തീര്‍ന്നതെന്തേ; കാലമാം കാമുകന്‍ കൈയൊപ്പു ചാര്‍ത്തിയ സുന്ദര സ്വപ്നമേ നീയെവിടെ, കാണുവാനേറെ കൊതിച്ച നേരത്ത് കാണാമറയത്ത് നിന്നതല്ലേ; കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നപ്പോള്‍ മൌനമായ് അകന്നു പോയതല്ലേ, ആരോ ചൊല്ലിയ പരിഭവമൊക്കെയും ആരോപണമായ് മാറ്റിയതെന്തേ; നോവുമിടനെഞ്ചിന്‍ നൊമ്പരമറിയാതെ നേരിനെ തേടി പോയതെവിടെ?

Sunday, March 10, 2013

എന്തിനെന്നോ...

ഉള്ളം വിങ്ങി പിടയുമ്പോഴും  കരയുവാനാകാതെ പോയ മനസ്സേ, നിന്‍ പുഞ്ചിരിയിന്നു വിടരാതെ പുഴുക്കുത്തേറ്റ പൂവായതറിയുന്നുവോ നിശ്ശബ്ദമാം കാലൊച്ചയുമായ് മരണത്തിന്‍ കാലപാശവുമായ് കടന്നെത്തി കവര്‍ന്നെടുത്തതറിയാതെ മിഴിയൊന്നു ചിമ്മുവാന്‍ കാത്തിരുന്നേറെ ആശ്രയമറ്റ അഗതിയായ് തീരവേ കരയുവാന്‍ മറന്നു പോയതെത്ര പേര്‍ ആര്‍ത്തലയ്ക്കും തിരമാല കണക്കേ പതം പറഞ്ഞു കരഞ്ഞവരേറെ ഒരു ജന്മം പൂര്‍ണ്ണമായെന്നോ നിന്‍ നിഴലിനി പിന്തുടരുന്നതാരെയെന്നോ; മുന്നോട്ടു പോകും വഴിയില്‍  ഇരുള്‍ വീണതെന്തിനെന്നോ പിന്തിരിഞ്ഞൊന്നു നോക്കിയെന്നാല്‍  ഇടറി പോകുമോ നിന്‍ പാദങ്ങള്‍ , പതറാതെ മുന്നേറുവാന്‍ വഴികാട്ടിയായ് മുന്‍പേ നടന്നെന്നോര്‍ക്കുക ചിതറി തെറിച്ച സ്വപ്നങ്ങള്‍  ചിതലരിക്കാത്ത ഓര്‍മ്മയാക്കി ചില്ലുകൂട്ടില്‍ അടച്ചു വെയ്ക്കാതെ ചരിത്രത്താളില്‍ എഴുതി ചേര്‍ക്കാം