Sunday, February 24, 2013

കേഴുകയാണിന്നും ..

വര്‍ഷ മേഘങ്ങള്‍ പെയ്യുവാനാകാതെ, വീശിയെത്തിയ കാറ്റില്‍ അകന്നു പോകവേ, കരിഞ്ഞു വീഴും ഇലകളും പൂക്കളും ഒരുക്കുന്ന പൂക്കളം മൃത്യുവായ് തീരവേ, കേഴുന്ന ഭൂവിന്‍ നോവിന്‍ രോദനം ഭൂചലനമോ പ്രളയമോ എന്നറിയുന്നുവോ അഗ്നിയായ് ജ്വലിച്ചൊരു സൂര്യനെ നോക്കി തപിച്ചിടും മനസ്സുമായ് പരിതപിക്കവേ, വരണ്ട നാവിലിറ്റിക്കുവാന്‍  ദാഹജലത്തിനായ് കേഴവേ, വരണ്ടുണങ്ങിയ നീര്‍ച്ചാലുകള്‍  മനസ്സില്‍ നനവേകുമോ? കത്തിക്കാളും വെയിലില്‍  വെന്തുരുകും മനസ്സുമായ്, വേഴമ്പലെന്ന പോലെ കേഴുക മാത്രമാണിന്നു ഞാന്‍ 

Sunday, February 17, 2013

തളിരണിയവേ...

വേനലില്‍ കരിയും ഇലകളെ പോല്‍  തളിരണിയാത്ത ചില്ലകളെ പോല്‍  പേറ്റുനോവിന്‍ നൊമ്പരമറിയാത്ത ഹതഭാഗ്യയാം സ്ത്രീജന്മത്തില്‍  കാരിരുമ്പിന്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ വാള്‍ത്തലയായ് മാറവേ മുറിവേറ്റു പിടയുന്ന മനസ്സിന്‍ നോവുകള്‍  ചോരയൊന്നും ചിന്താതെ നീറുന്നതാകവേ വരമായ് കിട്ടുന്ന പൊന്‍കുരുന്നിനെ ജീവരക്തം നല്കി സ്വന്തമാക്കവേ മതഭ്രാന്തിനാല്‍ അലയുന്നവരറിയുന്നില്ല ഇവിടമാണീശ്വര സന്നിധാനം  ജന്മം നല്‍കുവാനായില്ലയെങ്കിലും  ജന്മമേകിയവരേക്കാള്‍ ഉന്നതരിവര്‍  നല്കുകില്ലൊരു നൊമ്പരമൊരു നാളിലും  ജന്മസാഫല്യമായ് തീര്‍ത്തൊരു ജീവിതത്തില്‍ 

Friday, February 15, 2013

സ്വപ്നമായ്....

സ്വപ്നങ്ങളില്ലാത്ത ലോകത്തു നിന്നും സ്വപ്നം കാണുവാനെത്തിയ നിനക്കായ് സ്വപ്നക്കൂടൊന്നൊരുക്കി വച്ചു ഞാന്‍ സ്വപ്നമായ് വിരിഞ്ഞു നില്‍ക്കാം പറയാത്ത നൊമ്പരങ്ങളറിഞ്ഞു തന്നെ പ്രിയമേറും സ്വപ്നമായ് കൂടെ നില്‍ക്കാം അടരാത്ത കണ്ണുനീര്‍ തുള്ളി പോലെ നിന്നിലെ മോഹമായ് തുളുമ്പി നില്‍ക്കാം തഴുകാതെ പോകുന്ന കാറ്റു പോലെ ഓളങ്ങളില്ലാതൊഴുകുന്ന പുഴ പോലെ രാഗഭാവങ്ങളില്ലാത്ത ഗാനം പോലെ ആരുമേയറിയാതെ നിന്നിലലിഞ്ഞു ചേരാം കനലുകള്‍ പുകയുന്ന മനവുമായ് കണ്ണീരിലെഴുതിയ സ്വപ്നവുമായ് കരയുവാന്‍ മറന്ന മനസ്സുകളില്‍ സ്നേഹ സ്വാന്തനമായ് തെളിഞ്ഞു നില്ക്കാം