Saturday, December 22, 2012

അരുതേ...

മന്ത്രിക്കും സ്വരമായ് ഉയരാത്ത താളമായ് അടങ്ങാത്ത ദാഹമായ് ഉറങ്ങാത്ത മൌനമായ് തളരാത്ത മനസ്സുമായ് അലിവിന്റെ തീരമായ് കിനാവിന്റെ നോവുമായ് അകന്നു നില്പതെന്തേ ഉരുകുന്ന മനസ്സിന്നുള്ളില്‍  പാല്‍നിലാവായ് പെയ്യവേ അറിയുന്നുവോ ശോകം  മൂകമായ് പാടുവതിന്നും  പറയാതെ പോയ നിമിഷത്തില്‍ അകലുവാനാകാതെ ഇനിയും  വഴിമാറി പോയതോ അതോ നീ അറിയാതെ പോയതോ ഇനിയുമീ മൌനം തുടരുകയോ കണ്ണീര്‍കയത്തിലെന്നെ താഴ്ത്തുകയോ നിയതി തന്‍ കളിപ്പാട്ടമാകവേ നോവില്‍ തനിച്ചാക്കരുതേ

ഉണര്‍ന്നിടാം...

നിരന്നു നില്‍ക്കും താരകള്‍ പോലും  കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കവേ അധമന്മാര്‍ കവര്‍ന്നെടുത്ത മാനം  നോക്കുകുത്തിയായ് തീര്‍ന്നതെന്തേ ലക്ഷ്‌മീദേവിയായ് നാരിയെ പൂജിച്ചും  ഭൂമീദേവിയായ് സ്ത്രീയെ വണങ്ങവേ വിലക്കുവാനാരുമില്ലാതെ അധപതിച്ചുവോ നമ്മുടെ നാടും  കരയുവാനാകാതെ പിടഞ്ഞൊരാ ജീവനെ ആവൃതമാക്കുവാന്‍ മടിച്ചതെന്തേ നോവില്‍ പിടയും അനാവൃതമാം മാംസത്തിനും  വില പറയുവാന്‍ തുടിച്ചുവോ മാനസം  കഥകളേറെ മിനഞ്ഞുവെങ്കിലും  കവിതകളേറെ പിറന്നുവെങ്കിലും  പരിദേവനമേറെ നല്കിയെങ്കിലും  നാഴികയ്ക്കുള്ളില്‍ ചിത്രം മായുവതില്ലേ ശിക്ഷകള്‍ പരിരക്ഷയായ് മാറാതെ ദുര്‍ജ്ജനങ്ങള്‍ സജ്ജനങ്ങളായ് തീരവേ പിറക്കും പെണ്‍കുഞ്ഞുങ്ങള്‍ അബലയാകാതെ ഉണര്‍ന്നിടാം നമുക്കൊന്നായ് മുന്നേറാം 

Friday, December 21, 2012

നിയമത്തിന്‍ വഴി..

ഇടനെഞ്ചിന്‍ തേങ്ങലുകള്‍  മാത്രം ബാക്കിയാക്കി അകലെ നില്ക്കും നൊമ്പരമേ നിന്നെയാരും അറിയാതെ പോകയോ അഗ്നിയില്‍ പുകയുമെന്‍ മനസ്സിനെ അരണിയായ് തീര്‍ക്കുവാനെത്തിയ നെറികേടിന്‍ ജന്മത്തെ ശപിക്കുവാന്‍  സീതയായ് ജന്മമെടുക്കേണമോ കളിചിരിമാറാത്ത പൈതലിന്‍  ഉടലിലും നഖക്ഷതമേല്‍ക്കവേ ജനയിതാവിന്‍ ദൌത്യം മറന്നൊരു മനുജനെ കഴുവിലേറ്റുവാനാകുകില്ലേ നൊന്തു പിടയും ജീവനെ കാണ്‍കവേ ചിത്രമെടുക്കാന്‍ തുനിയും കാണികളെ അരുതേയെന്ന വിലക്കുവാനാകാത്ത അധികാരവര്‍ഗ്ഗത്തിന്‍ അസ്ഥിത്വമെവിടെ നിയമങ്ങളേറെയുണ്ടെന്നാലും  നിയമലംഘനങ്ങളതിലേറെയാകവേ പണിതുയര്‍ത്താമൊരു നിയമസംഹിതയിവിടെ നിയമത്തിന്‍ വഴിയെന്നും  ജയിച്ചീടുവാന്‍ 

Monday, December 10, 2012

അറിയാതെ...

ചൊല്ലുവാനേറെ ബാക്കിവെച്ചു കദനത്തിന്‍ ഊരാക്കുടുക്കില്‍  മൌനമാം വാചാലത കടമെടുത്ത് നിസംഗയായ് തീര്‍ന്നതെന്തേ പതറുന്ന മനസ്സിന്‍ നോവുകളറിയാതെ കിനാക്കള്‍ ചുറ്റും നിറഞ്ഞുവോ ചുറ്റോടു ചുറ്റിനും നോക്കുന്നേരം  നിനവുകള്‍ നോവുകളായ് മാറുന്നുവോ ഒരുനേരം അന്നമില്ലാതെ ഉഴറും  കുഞ്ഞു പൈതങ്ങള്‍ തന്‍ തേങ്ങലുകള്‍  കേള്‍ക്കുവാനാകാതെ പാഴാക്കും  അരിമണികള്‍ക്കും നോവുന്നുവോ മഴയെത്ര പെയ്തൊഴിഞ്ഞാലും  വിത്തൊന്നു മണ്ണില്‍ ബാക്കിയില്ലാതെ ഒരു പുല്‍നാമ്പെങ്കിലും  പുതിയതായ് പിറവിയെടുക്കുമോ കണ്ണീരുണങ്ങിയ കവിളുകളില്‍  സായം സന്ധ്യ ചായം പൂശുന്നുവോ കാണാമറയത്തു നിന്നും കനിവിന്റെ നിലാവല ഒഴുകിയെത്തുമെന്നോ

Sunday, December 2, 2012

വേണമെന്നോ....

മോഹങ്ങളേറെ ബാക്കി നില്ക്കേ സ്വപ്നക്കൂട്ടില്‍ നിന്നും പാറിയകന്നൊരു കനവുകളേ നിനവുകള്‍ നിനക്കപ്രാപ്യമെന്നോ കഴിഞ്ഞു പോയ നിമിഷങ്ങളും കൊഴിഞ്ഞു വീണ പൂക്കളും തിരിച്ചെത്തുകില്ലെന്നറിഞ്ഞു തന്നെ പിന്നോട്ടു പോകുവാന്‍ മോഹിക്കുന്നുവോ കാണാതെ പോയ കാഴ്ചകളും കേള്‍ക്കാതെ പോയ വാക്കുകളും ഹൃദയ സ്പന്ദനമായ് നേടുവാനായ് ഇനിയുമേറെ ദൂരം താണ്ടണമോ

Thursday, November 29, 2012

പാഴ്ജന്മമല്ലിത്...

നൊമ്പരപ്പൂവിന്‍ ഇതള്‍ കൊഴിയവേ ചുണ്ടിലൂറും നറുചിരി മായവേ അറിയാതെ പോകുന്നുവോ താളം തെറ്റിയ ഹൃദയ സ്പന്ദനം  നോവിന്റെ ലോകത്തു പിടയവേ കാത്തിരുന്നൊരു മോചനത്തിനായ് ജീവന്റെ തുടിപ്പില്ലാതാകവേ താഴ്ന്നു പോകുന്നിതാ നിലയില്ലാകയത്തില്‍  മുന്നോട്ടു നോക്കവേ കൂരിരുള്‍ മാത്രം  ഇല്ലൊരു കൂരയും തല ചായ്ക്കുവാന്‍  കൈയൊന്നു നീട്ടിയാല്‍ എത്തിപ്പിടിച്ചിടാം  ബലിമൃഗമായ് ജീവിച്ചു തീര്‍ക്കാം  മൂന്നു പെണ്‍കുരുന്നിനെ ചേര്‍ത്തുപിടിക്കവേ അറിയുന്നു ഞാനെന്‍ ഉള്ളം പുകയുന്നത് നിധികാക്കും ഭൂതമെന്ന പോല്‍  ഇനിയെങ്ങുപോയ് അഭയം തേടിടും  കാണുന്നവര്‍ക്കൊക്കെയും സഹതാപമേറിടും  കാഴ്ചവസ്തുവായ് തീര്‍ത്തിടും പത്രങ്ങള്‍  അനാഥരായ് തീരുവാന്‍ യോഗമായെങ്കിലും  പാഴ്ജന്മമല്ലിതെന്നോര്‍ക്കുക നിങ്ങളും  അറ്റുപോയിട്ടില്ലിവിടെ സ്നേഹ സ്വാന്തനം  നേടിയെന്‍ കുഞ്ഞുമക്കള്‍ സുരക്ഷാ കവചം  സ്നേഹം നിറഞ്ഞ മനസ്സിന്‍ കാരുണ്യം  പകര്‍ന്നേകിയെനിക്കുമൊരു ജീവിതം 

Friday, November 23, 2012

വൃഥാവില്‍...

ഇലഞ്ഞി പൂക്കളാല്‍  പരവതാനി വിരിച്ച ഇടവഴിയും  പവിഴമല്ലി പൂവുകള്‍ കളം വരച്ച കാവിലെ നാഗത്തറയും  പരല്‍മീനുകള്‍ ഓടിക്കളിക്കും  ആമ്പല്‍ നിറഞ്ഞ അമ്പലക്കുളവും  വേലിത്തലക്കലെത്തി നോക്കും  മഞ്ഞപട്ടുടുത്ത കോളാമ്പി പൂക്കളും  നറുമണം പരത്തി വിരിഞ്ഞു നില്ക്കും  തൈമുല്ലയും തെച്ചിപൂക്കളും  വയല്‍പൂക്കളെ ഉമ്മവെയ്ക്കും  നിറമേഴും പകര്‍ന്ന ശലഭങ്ങളും  മുളങ്കാട്ടില്‍ കിന്നാരമോതും  വാചാലരാം വണ്ണാത്തിക്കിളികളും  കാറ്റിന്‍ കരങ്ങളാല്‍ തലോലമാടും  ഹരിതാഭയാര്‍ന്ന നെല്‍ക്കതിരുകളും  മനസ്സിനെ മോഹിപ്പിക്കവേ പിന്നിട്ട വഴിയിലെക്കൊന്നു കാലചക്രം പിറകോട്ടു പോകുവാന്‍  വൃഥാവില്‍ മോഹിക്കയായ്...

Wednesday, November 21, 2012

വാചാലം ...

ഉറങ്ങാത്ത മനസ്സില്‍  ഉണരുന്ന നോവുകള്‍  ഉരുകുന്ന ജീവനില്‍  നെരിപ്പോടായ് മാറവേ കാണാത്ത കാഴ്ചകള്‍  കാണുമെന്നറിയാതെ കേള്‍ക്കാത്ത വാക്കുകള്‍  കേള്‍ക്കുമെന്നറിയാതെ കാണാമറയത്തൊളിക്കുവാന്‍  വെമ്പും മനസ്സുകള്‍  ഹൃദയനൊമ്പരം അറിയാതെ കാണാതീരത്തൊളിക്കുമോ വാക്കുകളന്യമാകവേ ഉരിയാടാതെ പോകയാല്‍  സ്നേഹമെന്ന മന്ത്രത്തിന്‍  സൌഹൃദം അന്യമാകവേ മൌനത്തിന്‍ മൂടുപടം മാറ്റി പറയാതെ പോകരുതേ നിന്നുള്ളില്‍ തെളിഞ്ഞ വചന മന്ത്രങ്ങള്‍ 

Monday, November 19, 2012

നോവും കാഴ്ച…

ഇതള്‍ കൊഴിഞ്ഞ പൂവിനെ പോല്‍ ചിറകൊടിഞ്ഞ പറവയെ പോല്‍ ഉറവയില്ലാത്ത അരുവിയെ പോല്‍ ജീവനറ്റ ശരീരമായ് മാറിയതെങ്ങിനെ കണ്ണൊന്നു തെറ്റിയ നേരമെന്നുടെ ബധിരകര്‍ണ്ണങ്ങളിലെത്തിയില്ലൊരു ചീറിപ്പായുമാ തീവണ്ടി തന്നുടെ നിലവിളിയുമട്ടഹാസവും നാമസങ്കീര്‍ത്തനം ചൊല്ലിതീരാതെ പുത്തരിപ്പായസമുണ്ണുവാനാകാതെ ചിതറിപ്പോയൊരാ ശരീരമിന്നൊരു നോവും കാഴ്ചയായ് മാറിയല്ലോ നിലച്ചു പോയൊരു ജീവിതരാഗം ഉണരുവനാകാ തെ ഉറങ്ങിയതല്ലേ കാത്തിരിക്കും മനസ്സുകള്‍ ദുഖസാഗരത്തില്‍ ആറാടിയല്ലോ

Wednesday, November 7, 2012

നിന്നിലലിയുവാന്‍...

നിണമണിഞ്ഞ ഹൃദയത്തിന്‍  നൊമ്പരമറിയിക്കാതെ ആരുമറിയാതെ പറന്നകന്ന വേഴാമ്പലായ് തിമിര്‍ത്തു പെയ്യും മഴയില്‍  നനഞ്ഞു കുളിര്‍ക്കവേ ചിറകു കുടയുന്ന വണ്ണാത്തിക്കിളിയായ് വെയിലത്തു വാടാത്ത മഴയത്തു കൊഴിയാത്ത നറുമുള്ളുകള്‍ നിറഞ്ഞ തൊട്ടാവാടിയായ് രാവിന്‍ വിരിമാറില്‍  ഒളിയേകും നിലാമഴയായ് നിശയെ മദിപ്പിക്കും  പൂത്തുലഞ്ഞ നിശാഗന്ധിയായ് തൂമഞ്ഞിന്‍ കുളിരേകും  ഹിമശൃംഗമായ് കനിവാര്‍ന്ന ഹൃദയതാളമായ് നിന്നിലലിഞ്ഞു ചേര്‍ന്നിടട്ടെ

Monday, October 22, 2012

തിരുമുമ്പില്‍ ...

കാര്‍മുകില്‍വര്‍ണ്ണാ മണിവര്‍ണ്ണാ കാണുവാനേറെ മോഹിച്ചു ഞാന്‍ നിര്‍മാല്യ ദര്‍ശനം പുണ്യമായി തിരുവാകച്ചാര്‍ത്തും കണ്ടു വന്നു തൂവെണ്ണ തന്നില്‍ തുലാഭാരമേറി മഞ്ചാടിക്കുരുക്കളും വാരിയെടുത്തു അണമുറിയാത്ത പ്രവാഹത്തില്‍ അലിയുവാന്‍ ഞാനുമൊരുക്കമായി തിരുമുന്നിലെത്തവേ കാണുന്നു നിന്നുടെ ആരുമറിയാത്ത കള്ളനോട്ടം എന്നിലേക്കെത്തുന്ന കള്ളപുഞ്ചിരിയാല്‍ മനമറിയാതെ തന്നെ മയങ്ങി പോയി കാണുവാനെന്നും കൊതിക്കുന്നു ഞാനും കാണുന്നുവെന്നും കാണ്മതിലൊക്കെയും ചുറ്റോടു ചുറ്റിനും നൊക്കുന്ന നേരത്ത് നീയെന്ന സത്യം നിറഞ്ഞു നില്‍ക്കുന്നു

Friday, October 19, 2012

നോവുമായ്...

കനലായ് എരിയുമീ മനസ്സിന്‍ നെരിപ്പോടില്‍  ഒരു കുന്നു മോഹങ്ങള്‍  പുകയുന്നുവോ മഞ്ചാടിക്കുരു പോല്‍  പെറുക്കിയ സ്വപ്നങ്ങള്‍  പെയ്യാത്ത മഴപോല്‍  കാറ്റിലകന്നു പോകുമോ മാഞ്ഞുപോകും സന്ധ്യതന്‍  ശോണിമ കാണാതെ പോകയോ നാളെയെത്തും പുലരി തന്‍  അരുണിമ തേടി പോകയോ നിദ്രതന്‍ തീരത്ത് ചേക്കേറുവാന്‍  പാടുവാന്‍ മറന്നൊരു രാപ്പാടിയായ് മാറുമോ മുറിവേറ്റു വീണൊരു ശലഭത്തെപ്പോല്‍  ഇഴയുവാനാകാതെ നോവുമായ് പീടഞ്ഞീടുമോ കാണാക്കിനാവിന്‍  ലോകത്തു നിന്നും  ആരും കേള്‍ക്കാത്ത ഗാനമായ് വന്നിടുമോ

Saturday, October 13, 2012

എന്തിനെന്നറിയാതെ...

എന്തിനെന്നറിയാതെ... പെയ്തൊഴിഞ്ഞ മഴയില്‍ ഈറനണിഞ്ഞ ഭൂവിന്‍ മൃദുസ്മേരം കാണാതെ നീ പോയതെന്തിനായ് ആ നനവില്‍ നിന്നും പറന്നുയരുവനാകാതെ കൊഴിഞ്ഞ ചിറകുമായ് ഇഴഞ്ഞുപോയതെന്തിനായ് മാഞ്ഞുപോകും വസന്തമായ് മോഹിപ്പിച്ചതെന്തിനായ് കിനാവിന്റെ തീരത്തു നിന്നും വിളിച്ചുണര്‍ത്തിയതെന്തിനായ് കൈവിട്ടുപോയ പട്ടത്തിനായ് കേഴും മനസ്സു പോല്‍ പൊയ്പോയ നിമിഷങ്ങള്‍ക്കായ് വ്യമോഹിച്ചതെന്തിനായ് ചിപ്പിയൊന്നിതില്‍ സൂക്ഷിച്ച മുത്തിനെ കൈമോശം വന്നതറിയാതെ മന്ദഹസിച്ചതെന്തിനായ് എന്തിനെന്നറിയാതെ ഉള്ളില്‍ കരഞ്ഞിട്ടും തളരുന്ന മനസ്സിനെ ചിരികൊണ്ടു മൂടിയതെന്തിനായ്

മൌനമായ്...

നിനവായ് നിഴലായ് നിലയ്ക്കാത്ത ഗാനമായ് മൃദുവായ് തഴുകുന്ന അഴലിന്‍ കണമായ് എഴുതുവാനാകാത്ത അക്ഷരപൂക്കളായ് പാടുവാനാകാത്ത കവിത തന്‍ രാഗമായ് കരയുവാനാകാത്ത മനസ്സിന്‍ നോവുമായ് വിടരുവാനാകാത്ത പൂവിന്‍ നൊമ്പരമായ് തഴുകാതെ പോകുന്ന ഇളം കാറ്റു പോലെ ഇരുളില്‍ തെളിയാത്ത തിരിനാളം പോലെ കണ്ണീരിലലിയാത്ത കരിങ്കല്ലു പോലെ കാണുവാനാകാത്ത സ്വപ്നങ്ങള്‍ പോലെ നിറങ്ങള്‍ മാഞ്ഞൊരു വര്‍ണ്ണചിത്രമായ് അറിയാതെ പോകുമോ ഈ മൌനനൊമ്പരം ..

Tuesday, October 9, 2012

നീയെന്‍ സംഗീതം ...

ഹൃദയമുരളിയിലുയരും ഗാനമാകവേ അറിയാതെ നീയെന്‍ ജീവന്റെ സംഗീതമായ് കണ്ണീരുണങ്ങാത്ത കവിളത്തു നിന്നുടെ ചുംബനമേല്ക്കവേ മഞ്ഞുകണമായലിയാം രാഗമുണരാത്ത രുദ്ര വീണയിതില്‍ കാംബോജിയായ് നീയുണര്‍ന്നുവോ നിലയ്ക്കാത്ത ഗാനമായ് മായാത്ത ചിത്രമായ് ഇരുളിന്‍ നിലാവായ് നീയരികിലണയുമോ

Tuesday, September 25, 2012

ഒരു മോഹം..

കൊഴിഞ്ഞ പൂക്കളെപ്പോല്‍  കഴിഞ്ഞ ബാല്യത്തെപ്പോല്‍  ചിറകറ്റ ശലഭത്തെപ്പോല്‍  തിരിച്ചു പോകാനാകാത്ത നിമിഷങ്ങളേ കാണുന്നതൊക്കെയും കണ്ടുവെന്നോ കേള്ക്കുന്നതൊക്കെയും കേട്ടുവെന്നോ പറയേണ്ടതൊക്കെയും പറഞ്ഞുവെന്നോ മൌനമിനിയും ബാക്കിയെന്നോ കിനാവിന്‍ തീരത്തുനിന്നും  ഒഴുകിയെത്തും ഗാനമായ് മനസ്സിന്റെ ജാലകവാതിലില്‍  മുട്ടിവിളിക്കും ചകോരമായ് നിലാവിനെ സ്നേഹിക്കും ആമ്പലായ് കൊളുത്താത്ത വിളക്കിലെ നാളമായ് എഴുതാത്ത കഥയിലെ നായികയായ് അലിഞ്ഞിടുവാനൊരു മോഹം 

Monday, September 24, 2012

വെറുതെ...

സത്യങ്ങള്‍ക്കു മുന്നില്‍  വാക്കുകളന്യമായപ്പോള്‍  മൊഴിയൊന്നും ചൊല്ലിടാതെ പഴിയെത്ര കേട്ടു ഞാന്‍  ചലിക്കാത്ത നാവുമായ് കിടന്നു പോയപ്പോള്‍  വഴിമാറി പൊയവരെല്ലാം  പാഴ്വാക്കുമായണഞ്ഞതെന്തേ പ്രാര്‍ത്ഥനപോലുമില്ലാതെ മരണത്തിനു കാതോര്‍ക്കും  എന്നുടെ ജീവനായ് പൂങ്കണ്ണീരെന്തിനിപ്പോള്‍ ?

Sunday, September 23, 2012

എങ്ങുപോയ്...

ദൂരെ നില്‍ക്കും മുകില്‍ മാലകളേ തോരാത്ത കണ്ണീര്‍മഴയത്തു നിന്നും തീരാത്ത ദു:ഖമെനിക്കായ് നല്കി കാണാതെ പോകുവതെങ്ങു നീ ഒരു കൊച്ചുസ്വപ്നമെനിക്കായ് നല്‍കി കാണാത്ത തീരത്ത് നീ പോയതെന്തേ ഉറങ്ങാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി ഉണങ്ങാത്ത മുറിവുകള്‍ തന്നതെന്തേ സ്നേഹത്തിന്‍ തീരത്തു നിന്നുമെന്നെ കാണാകടലിന്‍ നടുവിലെറിഞ്ഞതെന്തേ അവിവേകമൊന്നും ചെയ്യാതെ തന്നെ അകലങ്ങളിലേക്കെന്നെ എറിഞ്ഞതെന്തേ കാണുകില്ലാരുമീ കണ്ണുനീര്‍ പൂക്കള്‍ കേള്‍ക്കുകില്ലാരുമീ തേങ്ങലുകള്‍ എന്നിട്ടുമെന്തിനായ് കൈവെടിഞ്ഞു കാണാമറയത്ത് പോയ്മറഞ്ഞു

Monday, September 17, 2012

ഇനിയും...

പിഴച്ചു പോയതെവിടെയെന്‍ ചുവടുകള്‍  പതറാതെ പോകുവാനാകില്ലിനിയും  ചിതറാതെ വീഴുവതെന്‍ കണ്ണീര്‍കണങ്ങള്‍  തുടയ്ക്കാതെ പോകുവതെങ്ങു നീ ഹൃദയം നുറുങ്ങും വേദനയാല്‍  വഴിമാറി പോകുവാന്‍ ശ്രമിച്ചീടിലും  തെളിഞ്ഞു നില്പതെന്‍ മനതാരില്‍  നിര്‍മ്മലസ്നേഹത്തിന്‍ നിറവസന്തം  കരയുവാനിനി കണ്ണുനീരില്ലെന്‍ കൈവശം  കരയാതെ ഞാനൊന്നു മയങ്ങീടട്ടെ ചുട്ടുപൊള്ളുവതെന്‍ മനമിന്നും  കരിഞ്ഞു പോകുവതെന്‍ സ്വപ്നങ്ങള്‍  നിറങ്ങളേഴും ചാലിച്ചിനിയും വരച്ചീടാം  ചാരുതയാര്‍ന്ന വര്‍ണ്ണ ചിത്രങ്ങള്‍  നിനവോടെ ഞാനൊന്നു ചൊല്ലിടട്ടെ നീയെന്നുമെന്‍ ഹൃത്തടത്തില്‍ വസിപ്പൂ

Thursday, August 2, 2012

ഇരുള്‍ മറ നീക്കി

പൊന്‍വീണയായ് പാടുവാന്‍ മോഹിച്ചുവെങ്കിലുമിന്നു ഞാനൊരു തന്ത്രികള്‍ പൊട്ടിത്തകര്‍ന്ന മണ്‍വീണയായ് മാറിയതെന്തേ കൊഴിഞ്ഞ പൂവിന്നിതളുകള്‍ തേടി വന്നണയുകില്ലൊരു കരിവണ്ടും വിടരാന്‍ വിതുമ്പും പൂമൊട്ടു തേടി പറന്നകലുകയാണേതൊരു ശലഭവും നിറങ്ങളെല്ലാം മങ്ങിയ ചിത്രങ്ങള്‍ മാഞ്ഞു പോകുവതല്ലയോ വീണ്ടുമൊരു ചിത്രം വരച്ചീടുവാന്‍ നിറക്കൂട്ടിനിയും മെനഞ്ഞിടുമോ നിശയുടെ നിശ്ശബ്ദമാം നിമിഷങ്ങളില്‍ വാചാലമാം മനസ്സുകളില്‍ വിരിഞ്ഞു നില്‍പ്പത് കവിതയോ കഥനമേറും കഥകളോ മനസ്സിന്‍ മണ്‍ചിരാതില്‍ കൊളുത്തി വെയ്ക്കാം തിരിനാളം തെളിഞ്ഞിടട്ടെ ഇരുള്‍മറ നീക്കി പൊന്‍ പ്രഭയേകും ദിവ്യ പ്രകാശം

Friday, July 27, 2012

പരിഭവമില്ലാതെ..

എത്ര പരിഭവമോതിയിട്ടും പിരിയാനാകില്ല നിന്നെയൊട്ടും മറക്കുവതില്ലയിനിയീ ജന്മത്തില്‍ മാറ്റിനിര്‍ത്തീടുമെന്നാകിലും കാതോര്‍ത്തിരുപ്പതെന്നും നിന്‍ മൃദുസ്വരത്തിനായ് കാത്തിരുപ്പിന്നൊടുവില്‍ മായാതെ നീ പോയിടല്ലെ മൃദു മന്ത്രണം കേള്‍ക്കവേ അറിയുന്നു നിന്‍ സാമീപ്യം അറിയാതെ പോകുവതെന്തേ ഇനിയും നിന്‍ പ്രിയ സഖിയെ പ്രിയമോടെ നിന്നരുകിലണയവേ കണ്ടിട്ടും കാണാതെ പോകുവതെന്തേ നിനക്കായ് പാടുമീ ദേവസംഗീതം കേള്‍ക്കാത്ത ഗാനമായ് തീരുമോ നിലക്കാത്ത ഗാനത്തിന്‍ ശ്രുതിയായ് തളരാത്ത പാദത്തിന്‍ നടനമായ് തകരാത്ത ജീവിത രാഗമായ് എന്നും നിനക്കായ് തെളിഞ്ഞു നില്‍ക്കാം.

Saturday, July 21, 2012

തീരാ വ്യഥകള്‍...

രാമായണശീലുകളുയരും കര്‍ക്കിടകം പെയ്തിറങ്ങവേ നാലമ്പല ദര്‍ശന പുണ്യത്തിനായ് ഭക്തലക്ഷങ്ങള്‍ അലയവേ ആര്‍ത്തുപെയ്ത മഴ തന്‍ തുള്ളിയൊന്നുപോലും പുറത്താകാത്ത കൂരയ്ക്കുള്ളില്‍ ചുരുണ്ടുകൂടും ജീവിതങ്ങള്‍ നാമം പോലും മറന്നു പോകവേ ചുറ്റോടു ചുറ്റിനും വെള്ളമൊഴുകവേ ദാഹമകറ്റുവാനില്ലൊരു തുള്ളി പോലും കൂരിരുള്‍ മാത്രം ചുറ്റിലും പരക്കവേ തിരിനാളം ഒന്നുപോലുമില്ല വെട്ടമേകുവാന്‍ മേഘത്തേരിനിടയില്‍ വെള്ളിവെളിച്ചമുതിര്‍ക്കും മിന്നല്‍ പിണരിന്‍ തെളിച്ചത്തില്‍ കണ്ണിമയില്‍ തിളങ്ങുന്ന മുത്തുകള്‍ കണ്ണുനീരോ മഴത്തുള്ളിയോയെന്നറിവതില്ല തീരാത്ത മഴയില്‍ തോരാത്ത കണ്ണീരുമായ് കാത്തിരിക്കയാണിത്തിരി അമ്പിളി വെട്ടത്തിനായ് പുണ്യമേകും ശക്തിയെ പ്രാര്‍ത്ഥിക്കാന്‍ നാമമുരുവിടുവാന്‍ ശേഷിയേതുമില്ലയല്ലോ

Sunday, July 8, 2012

കനലായ്...

എരിയും കനലില്‍ വീണൊരു ശലഭമാണിന്നു ഞാന്‍ പറന്നുയരുവാനാകാതെ കരിഞ്ഞതിന്നെന്‍ ചിറകുകള്‍ ഏഴഴകുള്ള ചിറകുകളിന്നില്ലയെന്നില്‍ പാറി പറക്കുവാന്‍ മോഹമുണ്ടെന്നാകിലും വിധിയെന്നു ചൊല്ലി ഇഴഞ്ഞു നീങ്ങവേ ചിറകറ്റുപോയ മോഹവും നഷ്ടമായ് രാവിന്റെ വിരിമാറില്‍ മയങ്ങി കിടക്കുമ്പോള്‍ പറന്നുയരാന്‍ മോഹിച്ച സ്വപ്നമേ നിന്‍ ചിറകുമിന്നു കരിഞ്ഞുവോ പറന്നുയരുവാനാകാതെ പിടയുമ്പോള്‍ കാണാമറയത്തു നിന്നുമെന്നും തളരാതെ തകരാതെ കൂടെവന്നെന്‍ ചാരത്തു നിന്നെങ്ങും പോകരുതേ

Friday, July 6, 2012

എന്തിനായ്..

എവിടെയോ കളഞ്ഞുപോയ സ്നേഹവുമായ് നീയെന്നരികില്‍ വന്നുചേര്‍ന്നതെന്തിനായ് ആരുമറിയാതെന്നില്‍ മയങ്ങികിടന്നൊരു സ്നേഹം സ്വായത്തമാക്കിയതെന്തിനായ് നെഞ്ചിലെ നോവുകള്‍ ആരുമറിയാതെ ഇനിയും കാത്തുസൂക്ഷിച്ചതെന്തിനായ് കാണാമറയത്തു നിന്നുമെത്തുമെന്നോര്‍ത്ത് സൂര്യനെ കാത്തിരിപ്പതെന്തിനായ് വാചാലമായ നിമിഷങ്ങളെന്നില്‍  പകര്‍ന്നുനല്‍കിയ സ്വാന്തനത്തിനായ് സ്വപ്നങ്ങള്‍ തന്‍ നിറച്ചാര്‍ത്തില്‍  കിനാവിന്‍ കൊട്ടാരം പണിതതെന്തിനായ് കണ്ണീരില്‍ കുതിര്‍ന്നൊരെന്‍ മോഹങ്ങള്‍  വിലപേശി വാങ്ങിയതെന്തിനായ് വഴിമാറി പോയൊരെന്റെ ചിന്തകള്‍ക്ക് ചിറകുകള്‍ നല്കിയതെന്തിനായ് അറിയുന്നുവോ നീയെനിക്കേകിയ സ്നേഹ സ്വാന്തനത്തിന്‍ തൂവല്‍സ്പര്‍ശം  ഇനിയുമറിയാതെ നീ പോകുന്നുവോ എന്നെ പുണരുന്ന നൊമ്പരത്തിന്‍ കാഠിന്യം 

Monday, June 25, 2012

ഉണരാതെ പോകവേ...

അലയൊടുങ്ങാത്ത മനസ്സിന്‍ ദാഹമായ് അറിയാതിന്നും പാടുന്നു ഞാന്‍  അകലത്തു നില്‍ക്കവേ കേള്‍പ്പതില്ല നീ എന്നറിവിലും നിനക്കായെന്നും പാടുന്നു ഇരുളിന്‍ വഴിയില്‍ പകച്ചു നില്ക്കവേ വെളിച്ചമായ് നീ വന്നതല്ലേ അറിയാത്ത മോഹങ്ങള്‍ മനസ്സിലൊളിപ്പിച്ച് തെളിയാത്ത വീഥിയില്‍ ഒളിപ്പിച്ചതെന്തേ പറക്കുവാനുതകും ചിറകുകള്‍  അരിഞ്ഞു വീഴ്ത്തുവതെന്തിനായ് പിച്ചവെയ്ക്കുവാന്‍ പോലുമാകാതെ തട്ടി വീഴ്ത്തുവതെന്തിനായ് നിറമാര്‍ന്ന സ്വപ്നങ്ങള്‍ പകുത്തു തന്ന് മാനത്ത് കൊട്ടാരം തീര്‍ത്തു തന്ന് വേരറ്റു വീഴ്ത്തിയ പൂമരമായ് ധരണിയിലേക്കാഞ്ഞു പതിഞ്ഞുവല്ലോ ഉയരാതെ തകര്‍ന്നടിഞ്ഞ രാഗം കേള്‍പ്പതില്ലേ ഉണരാത്ത ഉയിരിന്‍ നൊമ്പരമറിയുന്നുവോ തളരാതെ പോകുവാനാശിപ്പതെങ്കിലും  തകര്‍ന്നു പോവത് നീയറിയാതെ പോകയോ

Saturday, June 16, 2012

മായാത്ത ഓര്‍മ്മയായ്....

ചിതറിത്തെറിച്ചൊരു മഴത്തുള്ളികള്‍  എന്നില്‍ നിപതിക്കുമ്പോള്‍  മനസ്സിലുയിര്‍ കൊണ്ട താപം  ആരുമറിയാതെ ആറി തണുക്കട്ടെ വഴിമാറി പോയ മഴമേഘമേ നീയെന്തിനിന്നെന്നെ പൊതിയുവാന്‍  ഇളംതെന്നലിന്‍ തലോടലുമായ് ആരെയും നോവിക്കാതെ കടന്നു വന്നു കുടയൊന്നുമില്ലാതെ ഈറനുമായ് കോലായില്‍ ഓടി കയറിയ നേരം  വാതിലിന്‍ മറവിലൊളിച്ചിരുന്നെന്നെ നെഞ്ചോടു ചേര്‍ത്തവനിന്നെവിടെ ഓര്‍മ്മകള്‍ ഓടിയൊളിക്കുന്നേരം  പിന്തിരിഞ്ഞൊന്നു നോക്കുവാനാകാതെ സ്നേഹത്തിന്‍ ശീലുകള്‍ മാത്രം മൂളി പാറിപറക്കുവാനിനിയും മോഹിക്കയായ് മാവിന്‍ ചോട്ടില്‍ ഒളിച്ചു കളിച്ചതും  മഴവെള്ളത്തില്‍ കളിവെള്ളമിറക്കി കളിച്ചതും  മഷിത്തണ്ടിനാല്‍ മായാത്തൊരോര്‍മ്മയായ് ഇന്നെന്നില്‍ ചിരി തൂകുന്നു...

Friday, June 15, 2012

കവിതയായ്,,,,

കവിതയുമായെന്‍ അരികിലെത്തി അക്ഷരലോകത്ത് പിച്ചവെച്ചു മൊഴികളിലൂടെ അലിഞ്ഞുചേര്‍ന്നു കാലൊന്നിടറാതെ കൈപിടിച്ചു ജന്മാന്തര പരിചിതമെന്നറിഞ്ഞു ഇത്രയും നാളെങ്ങൊളിച്ചിരുന്നു അറിയുന്തോറും അലിയുകയോ തമ്മിലകലാതിനിയും ഒന്നുചേരാം  വിരസമാം ജീവിത വീഥിയിതില്‍  വര്‍ണ്ണം വിതറുവാനായ് വന്നതല്ലയോ നിമിഷങ്ങളെണ്ണി കാത്തിരിക്കാം  മോഹങ്ങളുമായ് പറന്നുയരാം  സ്വപ്നങ്ങള്‍ക്കായ് നിറമേഴും നല്‍കാം  മൌനമിനിയും വാചാലമാക്കാം  മിഴികള്‍ തമ്മിലിടയുമ്പോള്‍  മൊഴികളില്ലാതെയെല്ലാം പറഞ്ഞു തരാം  വേറിട്ട സ്വപ്നങ്ങള്‍ പകുത്തു നല്‍കാം  വിണ്ണിന്‍ വാര്‍ത്തിങ്കളായ് ഉദിച്ചുയരാം  കൂരിരുള്‍ വീണാലും മിന്നാമിന്നിയായ് നിന്‍ ജീവനില്‍ വെളിച്ചമാകാം ...

Friday, June 8, 2012

മൌന നൊമ്പരം

മൌന നൊമ്പരം ... നെഞ്ചോടു ചേര്‍ത്തു ഞാനൊന്നു പുണര്‍ന്നിടട്ടെ ആരും കാണാതെയാ മണിച്ചുണ്ടിലൊരു മുത്തമിട്ടോട്ടെ കണ്മുന്നിലില്ലാത്ത നേരത്ത് കനവുകളേറെ നെയ്തിടട്ടെ കിലുക്കാംപെട്ടിയായ് തീരവേ കിലുക്കമിനിയും നിര്‍ത്തരുതേ കിനാവിന്റെ തോണിയില്‍  അക്കരെ പോകുവാന്‍ വന്നതോ നിലയില്ലാ കയത്തില്‍  മുങ്ങിതാഴുവാന്‍ എത്തിയതോ ഇടനെഞ്ചു പൊട്ടി കരഞ്ഞാലും  നീയെന്നെ അറിയാതെ പോകുമോ ഇനിയും അറിവിന്റെ നോവുകള്‍  അറിയാതെ പകര്‍ന്നേകുമോ നിന്നിലലിയുവാന്‍ കൊതിക്കവേ വിധി വന്നു ദൂറെയെറിഞ്ഞുവോ അതോ നിന്‍ മനമെന്നെ മായ്ക്കുവാന്‍ കൊതിച്ചുവോ നിണമണിയാതെയേറ്റ മുറിവുകളിനിയും  വ്രണമായ് തീരാതിരിക്കുവാന്‍  നല്‍കിടാം എന്‍ ജീവനെ എന്നും നിന്‍ സ്നേഹസ്വാന്ത്വനമായ് കാതോര്‍ത്തിരിക്കാമിനിയുമെന്നും  നിന്‍ സ്നേഹമന്ത്രണത്തിനായ് പഴിക്കില്ല നിന്നെയൊരിക്കലും  എന്‍ ജന്മം പാഴായ് തീര്‍ന്നാലും  സ്നേഹിച്ചുപോയ് നിന്നെയെന്‍  ജീവനേക്കാളേറെയെന്നും  ഇനിയും അറിയാതെ പോകയോ നീയെന്‍ മൌന നൊമ്പരം...

Thursday, May 24, 2012

നമിച്ചിടാം ..

. ചൊല്ലുവാനേറെയുണ്ടായിട്ടും മൌനം മാത്രം ബാക്കിയാക്കി ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കിനിയും ഉത്തരമേകുവാന്‍ വന്നിടുമോ പൊലിഞ്ഞു പോകുമീ പകലിനിയും രാവിന്‍ നോവെന്തറിയുമോ വെയിലേറ്റു വാടാത്ത തളിരിനിയും ഈ തീനാളമേറ്റു തളരുമോ ഉണരുവാന്‍ വൈകിയ ചിന്തകളിനിയും ഉറങ്ങാത്ത കനവായ് മാറുമോ നീയുണര്‍ത്തിയ ചിന്താശകലങ്ങള്‍ നവജീവനമേകാന്‍ ഉതകുമോ അരുംകൊലകള്‍ നടന്നുവെന്നാകിലും അറിവിന്‍റെ വാതായനം തുറന്നതല്ലേ കൊലക്കത്തികള്‍ക്ക് മൂര്‍ച്ചയേറിയെന്നാലും അറിവിന്നക്ഷരം മുറിയുന്നതല്ല കാലമെത്ര കടന്നു പോയെന്നാകിലും സത്യമെന്നും സത്യമായ് ഭവിച്ചിടും അജ്ഞത മാറ്റുമീ അറിവിന്‍ കേദാരത്തെ വിദ്യയെന്ന അമൃതുമായ് നമിച്ചിടാം ..

Thursday, April 19, 2012

ഓര്‍മ്മകള്‍ മായവേ...

ഓര്‍മ്മകള്‍ മാഞ്ഞൊരു
മനസ്സിന്നുള്ളില്‍ 
തെളിയുന്നതെല്ലാം 
ഭാവനകള്‍ മാത്രം 

അറിയാനാവുന്നതില്ല
നൊന്തു പെറ്റ മകനേയും,
കണ്മുന്നില്‍ കാണുന്നവരെല്ലാം 
മരിച്ചു മണ്ണടിഞ്ഞവര്‍ മാത്രം 

അടര്‍ന്നു വീഴുന്ന
മിഴിനീര്‍ കണങ്ങള്‍ 
തുടയ്ക്കുവാന്‍ പോലും മറന്നു
പകച്ചു നില്ക്കുവതിന്നു ഞാന്‍ 

ചിതറിത്തെറിച്ചൊരാ കുന്നികുരുക്കള്‍ 
വാരിയെടുക്കുമെന്നുണ്ണിയെ പോല്‍ 
കണ്ണൊന്നു തെറ്റിയാല്‍ 
കാട്ടുമീ വികൃതിയ്ക്കു മുന്നില്‍,

'അമ്മേ'യെന്നു വിളിച്ചു പോകവേ
കാണുമാ നിഷ്കളങ്കമാം പുഞ്ചിരിയില്‍ 
ഉരിയാടാനാകാതെ പിടഞ്ഞു പോകവേ
എന്നുടെ ഓര്‍മ്മകള്‍ പോലും മാഞ്ഞു പോകയായ് ...

Sunday, April 8, 2012

സ്വപ്നകുടീരം...

നിശ്ശബ്ദമായ്തേങ്ങും
മനസ്സിന്‍ നൊമ്പരങ്ങള്‍
അറിഞ്ഞിട്ടും അറിയില്ലെന്ന്
നടിക്കുവതെന്തിനായ്

വിരലൊന്നു മുട്ടിയാല്‍
വാടുമീ തൊട്ടാവാടി പൂവിനെ
വെയിലേറ്റു വാടുവാന്‍
അനുവദിക്കരുതേ

നിഴലുകള്‍ നീളുമീ
വെയില്‍നാളമേല്കവേ
പൊഴിയുമീ കണ്ണീര്‍മുത്തുകള്‍
വിലപേശുവാനായ് നല്കരുതേ

പൊയ്പോയ വസന്തത്തിന്‍
നഷ്ട സുഗന്ധത്തിനായ്
വീശിയകന്ന കാറ്റിനെ തേടി
വ്യര്‍ത്ഥമായ് അലയരുതേ

കിനാവിന്റെ തീരത്തിനിയും
കണ്ണീര്‍പൂക്കള്‍ വിരിയാതെ
കാണാമറയത്തു നിന്നുമൊരു
സ്വപ്നകുടീരം പണിതുയര്‍ത്താം

Friday, February 10, 2012

കെടാവിളക്ക്...


കെടാവിളക്ക്...

ഹൃത്തടത്തില്‍ സൂക്ഷിക്കുവാന്‍
ഇന്നൊരു ഛായാചിത്രമായ്,
ആള്‍ക്കൂട്ടത്തിന്‍ നായകനായ്
തനിക്കൊരു ലോകം മിനഞ്ഞെടുത്തു

തനിച്ചായെന്നു തോന്നിച്ച നിമിഷങ്ങളില്‍
ഉയര്‍ന്നു നിന്നു വാക്ശരങ്ങള്‍,
മറക്കുവാനാകില്ലൊരു നാളിലും
ഗുരുതുല്യനാം യുഗപുരുഷനെ

വാഗ്മിയാം ഋഷിവര്യനായും
ചാട്ടുളി പോല്‍ വാക്ശരമെയ്തും
പ്രിയമേറിയവര്‍ക്കേറെ പ്രാണനായും
കെടാവിളക്കായെന്നും തെളിഞ്ഞു നില്ക്കും

Thursday, January 26, 2012

നീ....

സൂര്യനെ തേടിയ
സൂര്യകാന്തിപൂവിനെപോല്‍
കാറ്റിലുലയും
കതിര്‍നാമ്പുകള്‍ പോല്‍

മനസ്സില്‍ വിരിഞ്ഞൊരു
വാര്‍മഴവില്ലേ
കണ്‍കുളിര്‍ക്കെ കാണും മുന്നെ
മാഞ്ഞു നീ പോയിടല്ലേ

തെളിഞ്ഞു നില്ക്കും
സായൂജ്യമായ്
നിറഞ്ഞു കത്തും
നിലവിളക്കായ് നീ

കണ്ണീരിറ്റു വീഴാതെ
കൈക്കുമ്പിളിലൊതുക്കുവാന്‍
കനിവോടെ നീയെന്നും
കൂടെ വരില്ലേ

പെയ്തൊഴിഞ്ഞ മാനത്തെ
കരിമേഘമായ് മാറിടാതെ
നിലാവൊളിയില്‍ കുളിച്ചു നില്ക്കും
വെണ്ണക്കല്‍ ശില്പമാകില്ലേ

Thursday, January 5, 2012

ഓര്‍മ്മ തന്‍ സംഗീതം

ഇടറുന്ന മൊഴികള്‍ കേള്‍ക്കാനാകാതെ
ചിതറിതെറിച്ച ഓര്‍മ്മക്കുറിപ്പുകള്‍
ചിതലരിക്കാതെ കാത്തുകൊള്ളുവാന്‍
വൃഥാവിലൊന്നു ഞാന്‍ ശ്രമിച്ചിടാം

നോവുന്ന ഓര്‍മ്മകള്‍ തേങ്ങികരയവേ
ഇടനെഞ്ചു വിങ്ങി മോഹങ്ങള്‍ പുകയവേ
വീണ്ടുമൊരിക്കല്‍കൂടി കുയില്‍പാട്ടേറ്റു പാടി
ഈ വഴിയിലൂടെ ഞാനൊന്നു നടന്നിടാം

വെയില്‍നാളമൊളിച്ചുനോക്കും നടുമുറ്റം
ഇന്നീ ഇരുളിന്‍ പാഴ് കിനാവോ
പൂനിലാവില്‍ വിരിഞ്ഞു നിന്നൊരീ നിശാഗന്ധി
കഴിഞ്ഞുപോയ വസന്തത്തിന്‍ നിഴല്‍ മാത്രമോ

പെയ്തൊഴിഞ്ഞ മഴയുടെ മടുക്കാത്ത സംഗീതമായ്
ചിതറിത്തെറിച്ച ചിലങ്കതന്‍ നിലയ്ക്കാത്ത താളമായ്
തകര്‍ന്നു പോയൊരു തംബുരുവിന്‍ നാദമായ്
മധുരിക്കുമീ ഓര്‍മ്മകളെന്നെ തഴുകട്ടെ

കാതോര്‍ത്തിരിക്കാം ഇനിയുമാ ദേവസംഗീതത്തിനായ്
കണ്‍തുറന്നിരിക്കാം ഇനിയുമാ ലാസ്യ നടനത്തിനായ്
വരവേല്‍ക്കാം ഇനിയുമാ സ്നേഹ സാമ്രാജ്യത്തിലേക്കായ്
കണ്ണൊന്നു ചിമ്മാതെ ഇനിയും കാത്തുകൊള്ളുകില്ലേ