Monday, October 22, 2012

തിരുമുമ്പില്‍ ...

കാര്‍മുകില്‍വര്‍ണ്ണാ മണിവര്‍ണ്ണാ കാണുവാനേറെ മോഹിച്ചു ഞാന്‍ നിര്‍മാല്യ ദര്‍ശനം പുണ്യമായി തിരുവാകച്ചാര്‍ത്തും കണ്ടു വന്നു തൂവെണ്ണ തന്നില്‍ തുലാഭാരമേറി മഞ്ചാടിക്കുരുക്കളും വാരിയെടുത്തു അണമുറിയാത്ത പ്രവാഹത്തില്‍ അലിയുവാന്‍ ഞാനുമൊരുക്കമായി തിരുമുന്നിലെത്തവേ കാണുന്നു നിന്നുടെ ആരുമറിയാത്ത കള്ളനോട്ടം എന്നിലേക്കെത്തുന്ന കള്ളപുഞ്ചിരിയാല്‍ മനമറിയാതെ തന്നെ മയങ്ങി പോയി കാണുവാനെന്നും കൊതിക്കുന്നു ഞാനും കാണുന്നുവെന്നും കാണ്മതിലൊക്കെയും ചുറ്റോടു ചുറ്റിനും നൊക്കുന്ന നേരത്ത് നീയെന്ന സത്യം നിറഞ്ഞു നില്‍ക്കുന്നു

Friday, October 19, 2012

നോവുമായ്...

കനലായ് എരിയുമീ മനസ്സിന്‍ നെരിപ്പോടില്‍  ഒരു കുന്നു മോഹങ്ങള്‍  പുകയുന്നുവോ മഞ്ചാടിക്കുരു പോല്‍  പെറുക്കിയ സ്വപ്നങ്ങള്‍  പെയ്യാത്ത മഴപോല്‍  കാറ്റിലകന്നു പോകുമോ മാഞ്ഞുപോകും സന്ധ്യതന്‍  ശോണിമ കാണാതെ പോകയോ നാളെയെത്തും പുലരി തന്‍  അരുണിമ തേടി പോകയോ നിദ്രതന്‍ തീരത്ത് ചേക്കേറുവാന്‍  പാടുവാന്‍ മറന്നൊരു രാപ്പാടിയായ് മാറുമോ മുറിവേറ്റു വീണൊരു ശലഭത്തെപ്പോല്‍  ഇഴയുവാനാകാതെ നോവുമായ് പീടഞ്ഞീടുമോ കാണാക്കിനാവിന്‍  ലോകത്തു നിന്നും  ആരും കേള്‍ക്കാത്ത ഗാനമായ് വന്നിടുമോ

Saturday, October 13, 2012

എന്തിനെന്നറിയാതെ...

എന്തിനെന്നറിയാതെ... പെയ്തൊഴിഞ്ഞ മഴയില്‍ ഈറനണിഞ്ഞ ഭൂവിന്‍ മൃദുസ്മേരം കാണാതെ നീ പോയതെന്തിനായ് ആ നനവില്‍ നിന്നും പറന്നുയരുവനാകാതെ കൊഴിഞ്ഞ ചിറകുമായ് ഇഴഞ്ഞുപോയതെന്തിനായ് മാഞ്ഞുപോകും വസന്തമായ് മോഹിപ്പിച്ചതെന്തിനായ് കിനാവിന്റെ തീരത്തു നിന്നും വിളിച്ചുണര്‍ത്തിയതെന്തിനായ് കൈവിട്ടുപോയ പട്ടത്തിനായ് കേഴും മനസ്സു പോല്‍ പൊയ്പോയ നിമിഷങ്ങള്‍ക്കായ് വ്യമോഹിച്ചതെന്തിനായ് ചിപ്പിയൊന്നിതില്‍ സൂക്ഷിച്ച മുത്തിനെ കൈമോശം വന്നതറിയാതെ മന്ദഹസിച്ചതെന്തിനായ് എന്തിനെന്നറിയാതെ ഉള്ളില്‍ കരഞ്ഞിട്ടും തളരുന്ന മനസ്സിനെ ചിരികൊണ്ടു മൂടിയതെന്തിനായ്

മൌനമായ്...

നിനവായ് നിഴലായ് നിലയ്ക്കാത്ത ഗാനമായ് മൃദുവായ് തഴുകുന്ന അഴലിന്‍ കണമായ് എഴുതുവാനാകാത്ത അക്ഷരപൂക്കളായ് പാടുവാനാകാത്ത കവിത തന്‍ രാഗമായ് കരയുവാനാകാത്ത മനസ്സിന്‍ നോവുമായ് വിടരുവാനാകാത്ത പൂവിന്‍ നൊമ്പരമായ് തഴുകാതെ പോകുന്ന ഇളം കാറ്റു പോലെ ഇരുളില്‍ തെളിയാത്ത തിരിനാളം പോലെ കണ്ണീരിലലിയാത്ത കരിങ്കല്ലു പോലെ കാണുവാനാകാത്ത സ്വപ്നങ്ങള്‍ പോലെ നിറങ്ങള്‍ മാഞ്ഞൊരു വര്‍ണ്ണചിത്രമായ് അറിയാതെ പോകുമോ ഈ മൌനനൊമ്പരം ..

Tuesday, October 9, 2012

നീയെന്‍ സംഗീതം ...

ഹൃദയമുരളിയിലുയരും ഗാനമാകവേ അറിയാതെ നീയെന്‍ ജീവന്റെ സംഗീതമായ് കണ്ണീരുണങ്ങാത്ത കവിളത്തു നിന്നുടെ ചുംബനമേല്ക്കവേ മഞ്ഞുകണമായലിയാം രാഗമുണരാത്ത രുദ്ര വീണയിതില്‍ കാംബോജിയായ് നീയുണര്‍ന്നുവോ നിലയ്ക്കാത്ത ഗാനമായ് മായാത്ത ചിത്രമായ് ഇരുളിന്‍ നിലാവായ് നീയരികിലണയുമോ