Friday, December 3, 2010

ഓർമ്മയിലെ വളപ്പൊട്ടുകൾ...

ഇലഞ്ഞിപ്പൂക്കൾ കൊഴിയുമാ
അമ്പലമുറ്റത്തിനരുകിലെ കാവിൽ
വിളക്കുവയ്ക്കുവാനെത്തിയ സന്ധ്യകൾ
തൊടുവിച്ച സിന്ദൂരക്കുറിയിന്നോർമ്മയായ്

നാഗക്കളങ്ങളും സർപ്പം പാട്ടും
ഇന്നലേകളുടേതു മാത്രമാകവേ
ഉടുക്കിലുണരും നാദപ്രപഞ്ചവും
തോറ്റം പാട്ടുകളും അങ്ങകലേ കേൾക്കുന്നുവോ

അന്യമായ് തീർന്നൊരാ വയലേലകളിൽ
കൊയ്ത്തുപാട്ടിൻ താളത്തിനായ് കാതോർത്തു ഞാൻ
കാറ്റിലുലയും മുളങ്കാടിൻ സംഗീതമോടെ
പാടും കുയിലിനായ് കാത്തിരിക്കാം

തൊടികൾ തോറും തേടിയലഞ്ഞൊരു
തുമ്പയും മുക്കുറ്റിയും കാണ്മതിനിന്നെങ്ങു പോകും
കാറ്റൊന്നു വീശിയാൽ മാമ്പഴം പൊഴിക്കുന്ന തേന്മാവിലൊരു
ഊഞ്ഞാല കെട്ടുവാൻ മോഹിച്ചിടുന്നു വൃഥാ

തിരുവാതിരപ്പാട്ടിൽ ഈണമുയരും
ധനുമാസക്കുളിരിൽ നീന്തി തുടിക്കുമോർമ്മയിൽ
ചുവടു വയ്ക്കുവാൻ നടുമിറ്റമില്ലെന്നറിവിൽ
പൊയ്പോയ കാലത്തിൻ ഗതകാലസ്മരണകൾ തെളിയുന്നു

Thursday, November 25, 2010

പ്രിയമേറിയതെങ്ങിനെ....

നിറമിഴിയിൽ കുതിർന്നൊരെൻ
സ്വപ്നത്തിൻ പീലികൾ പെറുക്കി
മുറിവേറ്റു പിടയുമീ ചിറകുകൾ ഒതുക്കി
ജീവതാളം നീ നല്കിയതെങ്ങിനെ

മധുകണമില്ലാത്ത പൂവായ് തീരവേ
മഞ്ഞുതുള്ളി പോലും തേനാക്കിയതെങ്ങിനെ
മധുപനണയാത്ത കാട്ടുപൂവിന്നരികിൽ
മണമേതുമില്ലാതെ നീയണഞ്ഞതെങ്ങിനെ

പുഞ്ചിരി പോലും മറന്നൊരാ ചുണ്ടുകളിൽ
മുരളികയൂതുവാൻ നല്കിയതെങ്ങിനെ
ഹോമാഗ്നിയായ് പുകഞ്ഞൊരു മനസ്സിൽ
കുളിർമഴയായ് പെയ്തിറങ്ങിയതെങ്ങിനെ

ഒഴുകാനിനിയും ബാക്കി നില്കുമീ കണ്ണീർതുള്ളികൾ
കൈകുടന്നയിലൊതുക്കി മുത്തായ് മാറ്റിയതെങ്ങിനെ
അകലെ തിളങ്ങുമീ മിഴിനീർ മുത്തുകൾ
നിൻ വിരൽ തുമ്പിനാൽ തുടച്ചതെങ്ങിനെ

കൊഴിഞ്ഞു പോയൊരാ സ്വപ്നത്തിൻ
മയിൽ പീലിതുണ്ടുകൾ പെറുക്കിയെടുത്തതെങ്ങിനെ
കാണാമറയിത്തിരുന്നിട്ടുമൊന്നു കാണാതെ തന്നെ
ഇത്രമേൽ പ്രിയമേറിയതായ് തീർന്നതെങ്ങിനെ...

Sunday, October 31, 2010

ഇനിയും തരുമോ...

താരാട്ടിനീണമിന്നുമെൻ
ചുണ്ടിൽ തത്തിക്കളിക്കവേ
നീറുന്നൊരോർമ്മകൾ ബാക്കിയാക്കി
ജീവനെന്നിൽ നിലനില്കവേ

വിധിയുമായ് പൊരുതുമെൻ
മനസ്സിനെയിനിയും നോവിക്കാതെ
ചിറകുമുറിഞ്ഞൊരു പറവയായ് മാറ്റാതെ
പ്രാണൻ വെടിയുവാൻ കനിയേണമേ

കനവുകളെല്ലാം കനലുകളാക്കി
മിഴിനീർ മാത്രം സ്വന്തമേകി നീ
കുഞ്ഞിളം കിളികളേയും കൂടെ കൂട്ടി
പാതി ഉയിരെന്നിൽ ബാക്കിവെച്ചതെന്തിനായ്

ഒരു ജന്മം കൂടെ തന്നെന്നാലും
കൊതിതീരെ ഞാനൊന്നു കണ്ടതില്ല
മതിവരുവോളം സ്നേഹം നുകർന്നതില്ല
പുനർജനിച്ചീടുമെങ്കിൽ നിന്നരികിലായ് ഞാനണയാം...

Saturday, October 23, 2010

ജീവിത ഭാവം...

നിറയുമീ മൗനത്തിൻ വാചാലതയിൽ
സ്നേഹഗീതത്തിനായ് കാതോർക്കവേ
ചുറ്റോടുമൊന്നു കണ്ണോടിക്കവേ
കാണുന്നതേറെയും ദീനഭാവം

പായുന്ന വാഹനക്കുരുക്കിനുള്ളിൽ
പിടഞ്ഞു വീഴുന്നതേറെ ജീവിതങ്ങൾ
വാക്കുകൾ തന്നർത്ഥം അനർത്ഥമായാൽ
ഹോമിച്ചിടുന്നു തൻ പാതിയേയും

നഷ്ടബോധത്തിൻ കയത്തിൽ മുങ്ങി
കുരുതി കഴിക്കുന്നു കുഞ്ഞു മക്കളേയും
യൗവനത്തിളപ്പിനുള്ളീൽ ആഡംബരപ്പെരുമയ്ക്കായ്
വിഴിവിട്ട ജീവിതം തേടിടുന്നു

സമ്പത്തിൻ പുറകേ പായും മനുജൻ
വഴിതെറ്റി പാഞ്ഞിടുമ്പോൾ
നിത്യജീവിതത്തിനായലയും ജീവിതങ്ങളെ
വഴികാട്ടുവാനിന്നാരുമേയില്ല പാരിൽ

Sunday, October 17, 2010

പെയ്തു തീരാത്ത മഴ.

ഏറെ നാളുകൾക്കു ശേഷം ഇന്നാ ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം പകച്ചു എന്നതാണു സത്യം. ഒരിക്കലും അന്വേഷിക്കില്ലെന്നു കരുതിയ ആളുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ റിസീവറും പിടിച്ചു ഈ ലോകം മറന്നു നിന്നു പോയി. ഇന്നും ഓർക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു നിമിഷം പതറി. ഒന്നു കാണാൻ മനസ്സു തുടിക്കയാണെന്ന് അറിയിക്കാതെ തന്നെ കാണാൻ വരുമെന്ന് അറിയിച്ചപ്പോൾ ആരും കാണാതെ കേൾക്കാതെ ഒന്നുറക്കെ കരയണമെന്നാഗ്രഹിച്ചു. അതെ അവനെന്റെ എല്ലാമായിരുന്നു..

ആരുമില്ലാതെ തനിച്ചായ നിമിഷങ്ങളിലെല്ലാം കൈതന്നു കൂടെവന്നു ഒരു നിഴൽ പോലെ എന്നെ അവൻ കാത്തു സൂക്ഷിച്ചത് ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല. ഏതോ നിയോഗം പോലെ അവനെനിക്കു സുഹൃത്തായി എന്നും എന്റെ കണ്ണുനീർ തുടക്കാൻ കൂടെയുണ്ടായിരുന്നു. അവന്റെ ജീവിതം നഷ്ടമാകുമെന്നു തോന്നിയപ്പോൾ അവനിൽ നിന്നും അകലുവാൻ ഞാൻ തന്നെയാണു ശ്രമമാരംഭിച്ചത്. ഒരു കുടുംബമായി തീരുമ്പോൾ എന്നെ മറക്കുവാൻ ആകുമെന്ന എന്റെ പ്രതീക്ഷ വൃഥാവിലാകയാണു. ആരുമില്ലതെ വീണ്ടും ഞാൻ തനിച്ചായെന്നറിഞ്ഞാൽ അവൻ തിരിച്ചുപോകില്ലെന്നു എനിക്കുറപ്പാണു. വേണ്ട, അവനൊന്നും അറിയേണ്ട. എന്റെ കണ്ണുനീർ എനിക്കുമാത്രം സ്വന്തമായിരിക്കട്ടെ.

എത്രനേരമായ് ഫോൺ ബെല്ലടിക്കുന്നു. ഒന്നാ ശബ്ദം കേൾക്കുവാൻ എനിക്കു ശക്തിയില്ല. ആ മഴയുടെ ഇരമ്പത്തിൽ ഒന്നും നോക്കാതെ ഞാൻ ഇറങ്ങി നടന്നു, അവനെന്റെ കണ്ണുനീർ തുള്ളീകൾ ഇനിയും കാണാതിരിക്കാൻ, എന്റെ തേങ്ങലുകൾ കേൾക്കാതിരിക്കാൻ ഇനിയെന്നെ കാണാതിരിക്കാൻ...

കാറ്റായ്, മഴയായ്...

ആ കത്തു നെഞ്ചോടു ചേർത്തു ഞാൻ, ഒരു സ്വപ്നത്തിലെന്ന പോലെ ഒരുപാടുനേരം ഈ ലോകത്തെ മറന്നു തന്നെ നിന്നു.

അവൻ വരുന്നു.. ഒരുപാടു നാളത്തെ ആഗ്രഹം പൂവണിയുവാൻ പോകുന്നു.
നേരിട്ടൊന്നു കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല.. പക്ഷെ ഇന്നവൻ എന്റെ എല്ലാമാണു. കാണാതെ പറയാതെ എല്ലാം അറിയുന്ന ജീവന്റെ അംശമായി മ​‍ാറിയ അവൻ നേരിൽ വരുന്നു. കണ്ണോടു കണ്ണു കാണുവാൻ കാതോടു കാതോരം കിന്നാരമോതുവാൻ ഇനിയും ദിവസങ്ങൾക്കുള്ളിൽ അവനെത്തും.

പുതിയ ലോകത്തിലെ ഒറ്റപ്പെടലിനുള്ളിൽ ഒരു സ്വാന്തനമായ് ആശ്രയമായ് അവൻ മാറിയതെപ്പോഴാണു. എവിടെയും തിക്കും തിരക്കും നിറഞ്ഞ ജീവിതങ്ങളുടെ പാച്ചിലിനുള്ളിൽ നിന്നും ഒറ്റപ്പെടുവാൻ ശ്രമിച്ചിരുന്ന എന്റെ ഉൾവലിയൽ അവനും അനുഭവിച്ചിരുന്നപ്പോൾ നെറ്റിന്റെ ലോകത്തിലൂടെ പരസ്പരം കൂട്ടുകൂടാൻ ഇഷ്ടപെടുകയായിരുന്നു.

പരസ്പരം ആശ്വാസമാകുമായിരുന്നപ്പോൾ അറിയാതെ തന്നെ കൂടുതൽ അറിയുവാൻ ശ്രമിക്കയായിരുന്നു. കാറ്റായ്, മഴയായ്, കഥയായ്, കവിതയായ് ഒക്കെ അവ്നെന്നെ ആശ്വസിപ്പിച്ചപ്പോൾ എല്ലാം അവനെന്നു തന്നെ മനസ്സിൽ നിശ്ചയിച്ചുറപ്പിക്കയായിരുന്നു. ഇന്നിതാ കടൽ കടനു അവൻ വരുന്നു...

അകലെ നിന്നു തന്നെ അവന്റെ നിറഞ്ഞ പുഞ്ചിരി തിരിച്ചറിയാം.. നെറ്റിൽ കണ്ട രൂപം തിരിച്ചറിയാൻ ഒരു വിഷമവുമുണ്ടായില്ല, ഈ ലൊക്കത്തെ മറന്നു അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങുമ്പോഴെക്കും അമ്മയുടെ വിളിയെത്തി...

മോളേ... വീണ്ടൂം ആ വിളിയെത്തിയപ്പോൾ പരിസരബൊധത്താൽ കണ്മിഴിച്ചു...
അവനെവിടെ....ഇരുണ്ടൂ മൂടിയ ആകാശം രാവേറെയായ പ്രതീതി നല്കുന്നല്ലോ. ഒരു എഴുത്തുണ്ട് എന്ന അമ്മയുടെ വാക്കാണു, കണ്ടതെല്ലാം സ്വപ്നമെന്ന് മനസ്സിലാക്കിയതു. മനോഹരമായ കവർ തുറന്നപ്പ്പ്പോൾ എല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്നൊരിക്കൽ കൂടി ആഗ്രഹിച്ചു.. അതെന്റെ പ്രിയപ്പെട്ടവന്റെ കല്യാണക്കുറിയായിരുന്നു.

ഉറക്കെ മുഴങ്ങിയ മേഘഗർജ്ജനത്തേക്കാളേറെ ഉച്ചതിൽ എന്റെ ഹൃദയമിടിപ്പ് കേൾക്കാം. ആർത്തലച്ചു വരുന്ന മഴയേക്കാൾ ശക്തിയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ആ കത്തും നെഞ്ചോടു ചേർത്ത് പിന്നെയും ഞാൻ നിന്നു.. ആരും കാണാതെ ആരും കേൾക്കാതെ ഞാനിനിയെങ്കിലും ഒന്നുറക്കെ കരയട്ടെ

Thursday, October 7, 2010

അറിഞ്ഞില്ല ഞാൻ.....

അകന്നു പോകും വഴിയെ,
പിന്തുടരുവാൻ ആരുമല്ലെന്നറിഞ്ഞില്ല ഞാൻ
നെരിപ്പോടായ് മാറുന്നൊരു മനം
ചാറ്റൽ മഴയിൽ ഈറനാകുന്നതു വൃഥാവിലെന്നറിഞ്ഞില്ല

എല്ലാം അറിയാതെ അറിഞ്ഞെന്നു ഭാവിച്ചു ഞാൻ
ഒന്നും അറിഞ്ഞില്ലെന്ന സത്യം ചിരിക്കുന്നിതാ
തളിരിടുവാൻ ഹേതുവായെന്നോർത്തു ഞാൻ
പുതു വല്ലരി പടർന്നേറിയതറിഞ്ഞില്ല

പൂക്കളേറെ വിരിഞ്ഞുവെന്നാകിലും
പൂക്കാരി മാത്രമായ് തീർന്നതറിഞ്ഞില്ല
പൂമാലയൊന്നു കെട്ടി തന്നിട്ടും
പൂക്കളെന്റെ സ്വന്തമല്ലെന്നറിഞ്ഞില്ല

നെഞ്ചോടു ചേർത്തു കൂരിരുളിലും
വഴികാട്ടിയായ് കൂടെ വന്നിട്ടും
തിളക്കമേറിയ വെളിച്ചമെത്തിയപ്പോൾ
കരിന്തിരിയാക്കി മാറിയതുമറിഞ്ഞില്ല

Tuesday, September 7, 2010

മറുമൊഴിയില്ല....

ഉണങ്ങാത്ത മുറിവുകളെന്നിൽ
ഇനിയും ബാക്കി നില്ക്കവേ
ശാപവാക്കുകളുരുവിട്ടെന്നെ
നോവിക്കുവതെന്തിനു നീ

ജന്മമേകിയ നീയരികിലിരുന്നിട്ടും
നിയതി തൻ തീരത്തു കാത്തിരുന്നു,
കാണാമറയത്തുള്ളൊരു ജനയിതാവെൻ
അരികിലെത്തുമെന്നു നിനച്ചു ഞാൻ

അഭിശപ്തമായതു നിൻ ജന്മമോ
അതൊ നിൻ ശാപമായ് തീർന്നൊരെൻ ജനനമോ
മറുമൊഴിയില്ലയെനിക്കിന്നു
നിന്നോടുര ചെയ്യുവാൻ

സഫലമീ ജന്മം
നീയെന്നെ അറിയുകിൽ
കനിവായ് നീയേകിയ ജന്മം
നിനക്കായ് തന്നെ നല്കീടാം

ആരുമറിയാതെ ഒഴുകിവീണ
കണ്ണുനീർത്തുള്ളികളാൽ
വാർത്തെടുത്ത മുത്തുകൾ
കാണിക്കയായ് അർപ്പിച്ചിടാം

Thursday, August 26, 2010

മധു നിറഞ്ഞൊരു പൂക്കാലം...





പുലർകാല മഞ്ഞുതുള്ളിയേന്തി
വിരിഞ്ഞു നില്ക്കും മലരേ
നിന്നുടെ പൂന്തേൻ നുകരുവാൻ
മധുപനിങ്ങു വന്നു ചേർന്നുവോ

വെയിലേറ്റു കൊഴിഞ്ഞുവീഴും പൂവേ
നിന്നിലെ മധുവെല്ലാം തീർന്നതല്ലേ
വിടരും മുമ്പേ പുഴുക്കുത്തേറ്റ മുകുളമേ
നീ വിടരാതെ തന്നെ കൊഴിയുകയല്ലേ

വിടർന്നു നിന്നാൽ നിന്നെ
തേടിയെത്തും വണ്ടുകൾ
കൊഴിയുകയാണെങ്കിൽ
നിനക്കായ് പാറുകയില്ലീ ചിറകുകൾ

വിടരാതെ കൊഴിയുമീ ജന്മതിൻ
നൊമ്പരമറിയാതെ പാറി പോകും കരിവണ്ടേ
നല്കുവാനാകുമോ നിനക്കിനിയും
മധു നിറഞ്ഞൊരു പൂക്കാലം...

Monday, August 2, 2010

പ്രണയമായ്....

വിടരും മോഹമായ്
ഉണരും താളമായ്
ഉയരും ഗാനമായ്
നീയെന്നിൽ നിറയവേ

വിടരാത്ത പൂവിൻ മധു പോലെ
ഉയരാത്ത ഗാനത്തിൻ ശ്രുതി പോലെ
കൊഴിയാത്ത പൂവിൻ മണം പോലെ
പ്രണയമെന്നെ പുണരുന്നു

കാതിൽ തേന്മഴയായ്
കരളിൽ വസന്തമായ്
നിനവിൽ പൊൻ വെയിലായ്
നിന്നിൽ ഞാനലിഞ്ഞീടാം

പുലരിയിൽ ഭൂപാളമായ്
സായന്തനത്തിൻ ശൊഭയായ്
നിശയുടെ സംഗീതമായ്
നിന്നിലെ കിനാവായ് തെളിഞ്ഞിടാം

പ്രണയാർദ്രമാം നിമിഷങ്ങളിൽ
പ്രണയഗീതികൾ പാടിടാം
പ്രണയമഴയായ് പെയ്തിറങ്ങാം
പ്രിയമുള്ളതെല്ലാം കൈമാറാം.

Friday, July 30, 2010

അച്ഛനില്ലാതെ...

അമ്മ തൻ ചുടു കണ്ണീരൊപ്പുവാൻ
നീട്ടുമെൻ കുഞ്ഞു കരങ്ങൾ
മാറോടു ചേർത്തു വിതുമ്പുമെന്നമ്മയോടു
ഞാനെന്തു ചോല്ലേണ്ടു

ഈ ലോക വീഥിയിൽ വഴികാട്ടിയായ്
മുന്നിൽ നടന്നൊരച്ഛനിന്നെൻ
ലോകത്തു നിന്നും മാഞ്ഞു പോകവേ
ഓർക്കുവാനകതില്ലയീ നൊമ്പരങ്ങൾ

കളിപ്പന്തുമായെത്തുമെൻ അച്ഛനെ
കാത്തിരിപ്പതു വൃഥാവിലീ ജന്മം
എന്നറിവിൽ ഉരുകി തീരവേ
ഇടറി വീഴുന്നീ ജീവിത യാത്രയിൽ

കൊഴിഞ്ഞു പോയൊരു നാളുകൾ തൻ
ഓർമ്മ പെറുക്കി വച്ചെൻ അമ്മയ്ക്കു
കരയുവാനിനി കണ്ണീർ ബാക്കിയില്ല
താങ്ങുവാനെൻ കൈകൾക്കു ശക്തിയുമില്ല

വിധിയെന്നു ചൊല്ലി പിരിയുന്നെല്ലാരും
എന്നച്ഛനെ നഷ്ടമാക്കിയതേതു വിധി
അമ്മ തൻ പ്രാർത്ഥന വ്യർത്ഥമാക്കിയതേതു വിധി
ആലംബഹീനരായ് തീർത്തതേതു വിധി

വിധിയെ പഴിക്കുവാൻ മാത്രമായ്
ബാക്കിയായൊരു ജന്മത്തിൽ പ്രാർത്ഥിച്ചിടട്ടെ
എന്നച്ഛൻ തന്നുടെ ഭാഗ്യസുതനായ് പിറക്കുവാൻ
ഇനിയുമൊരു ജന്മം നല്കീടുമോ

Saturday, July 3, 2010

നീയണഞ്ഞെങ്കിൽ....




മാരിവില്ലിൽ ഏഴഴകുമായ് നീയണഞ്ഞെങ്കിൽ
പീലിവിടർത്തിയാടും മാമയിലായ് മാറിയേനേ
മധുതേടും വണ്ടായ് നീ മാറുമെങ്കിലൊരു
മണമുതിരും മലരായ് ഞാൻ വിരിഞ്ഞു നില്ക്കാം

തലോടുവാനെത്തും കാറ്റായ് നീ തഴുകുമെങ്കിലൊരു
വെണ്മുകിലായ് ഞാനിന്നു മാറിയേനെ
മൗനരാഗമിന്നെന്നിൽ ചിറകടിച്ചെങ്കിൽ
ശ്രീരാഗമായ് ഞാനുണർന്നേനെ

മഴമേഘമുകിലായ് നീ പെയ്തണയുകിൽ
വേഴാമ്പലായ് ദാഹമകറ്റിയേനെ
നിറകതിരായ് നീ പൂത്തുലയുകിൽ
പുത്തരിപായസമായ് മധുരമേകാം

രാഗ വിപഞ്ചികയായ് നീയെന്നെ പുണർന്നുവെങ്കിൽ
മണിവീണ നിനക്കായ് മീട്ടിയേനെ
കിനാവായ് നീയെന്നിൽ പടർന്നേറിയെങ്കിൽ
നിലാവായ് നിന്നിൽ അലിഞ്ഞേനെ

Tuesday, June 29, 2010

മഴയുടെ കിന്നാരം ...

A man throws his fishing net into the ocean on the shores of Chetumal June 26, 2010. Tropical Storm Alex was close to making landfall in nearby Belize on Saturday as it dumped rain on Guatemala and Mexico's Yucatan peninsula, the U.S. National Hurricane Center said. A tropical storm warning was in effect for the coast of Belize and the east coast of the Yucatan Peninsula from Chetumal to Cancun. REUTERS/Gerardo Garcia (MEXICO - Tags: ENVIRONMENT TRAVEL IMAGES OF THE DAY)

കടലാസുതോണിയൊന്നൊരുക്കി
നീ കാത്തിരുന്ന നേരം
ഇളംകാറ്റിനലയിൽ
നിന്നരുകിൽ വന്നണഞ്ഞില്ലേ

കുളിർ പകർന്നു പെയ്തിറങ്ങിയപ്പോൾ
പുതുജീവനേന്തി ലതകൾ തളിരണിഞ്ഞതല്ലേ
പൂത്തുലഞ്ഞീടുമീ മന്ദാരപൂക്കളും
ഇലഞ്ഞിപൂക്കളും നനവിൽ കുതിർന്നുവല്ലോ

കൊഴിയുവാൻ കാത്തുനിന്നൊരീ പനീർപൂക്കൾ
ഇതളുകളായ് ഒഴുകി വന്നല്ലോ
കാവും തൊടിയും തളിർത്തുവല്ലോ
തോടും കുളവും നിറഞ്ഞുവല്ലോ

അരുവികൾ പുഴകളായ് മാറിയല്ലോ
പുഴകളിൽ ഓളമായ് അലിഞ്ഞതല്ലേ
മനസ്സും ഭൂമിയും തണവറിഞ്ഞതില്ലേ
ഇനിയും നിലയ്ക്കാതെ പെയ്തീടണമോ...

Sunday, June 27, 2010

അമ്മതൊട്ടിൽ




ചിപ്പിയിൽ സൂക്ഷിച്ചൊരു മുത്തിനെ
അമ്മതൊട്ടിലിൽ കൈവിട്ടതെന്തേ
ആ പിഞ്ചിളം ചുണ്ടുകൾ വിതുമ്പിയപ്പോൾ
നിൻ മാറിടം ചുരന്നതറിഞ്ഞതില്ലേ

നെഞ്ചോടു ചേർക്കേണ്ട കുഞ്ഞിനെ
എന്തിനായ് നീ കൈയൊഴിഞ്ഞു
രക്തവും ജീവനുമേകി നിൻ ഭാഗമായ്
പേറ്റുനോവറിഞ്ഞു ജന്മമേകിയതല്ലേ

അമ്മിഞ്ഞപാൽ നുകരുവാനാകാത്ത
എന്തപരാധംചെയ്തതീ ഇളം പൈതൽ
നെഞ്ചകം നീറി നീ കൈവെടിഞ്ഞെന്നാലും
അമ്മതൊട്ടിലിൽ രക്ഷയേകുമെന്നോർത്തുവോ

നല്കുവാനാകാത്ത ആ വാൽസല്യം
എങ്ങിനെ നേടുമെന്നോർത്തുവോ നീ
ജന്മമേകുവാനാകാതെ നീറും മനസ്സുകൾ
അമ്മയായ് തീരുന്നതറിയുന്നുവോ നീ !!

Monday, June 21, 2010

നോവിച്ചിടാതെ...

കൊഴിഞ്ഞ കനവുകൾ തേടി വീണ്ടും
നീ എന്തിനു വെറുതെ അലയുന്നു
വരുകില്ലെന്നു ചൊല്ലി പിരിഞ്ഞു പോയതോർത്തു
ഏറെ നാൾ നെഞ്ചുരുകി കരഞ്ഞതല്ലേ

മരീചികയെന്തെന്നറിയാതെ നിന്നിൽ നിന്നും
അകലേക്കായ് ചിറകു വിരിച്ചു പറന്നതല്ലേ
ഇനിയൂം നിൻ മനസ്സിൻ തേങ്ങലുകൾ
ആരെയുമറിയിക്കാതെ അടക്കുകില്ലേ


കരയും മനസ്സിനെ നോവിക്കാതെ നീ
മനസ്സു തുറന്നൊന്നു ചിരിച്ചിടാമോ
നിഴലായ് നിന്നെ പിന്തുടരുമീ സ്നേഹ സ്വാന്തനം
നിലയ്ക്കാതിരിക്കുവാൻ ശ്രമിച്ചിടുമോ...

Sunday, May 9, 2010

സ്നേഹ ചിത്രം ...

കാണുവാനേറെ കൊതിക്കുന്നമ്മേ
നെഞ്ചോടു ചേര്‍ത്തൊന്നു പുല്കീടട്ടെ
അമ്മിഞ്ഞപാലിന്‍ മണമറിയും മുന്‍പേ
എന്നെ തനിച്ചാക്കി നീയെങ്ങു പോയി

ശാപവാക്കുകളേറെ കേള്‍ക്കുവാന്‍ മാത്രമായ്‌
എന്തിനീ ജന്മമെനിക്കേകി നീ
വാത്സല്യമെന്തെന്നറിയാതെ വളര്‍ന്നു പോയ്‌
ഇന്നും നിന്നെ തിരയുന്നു ഞാന്‍

സ്നേഹത്തിന്‍ തലോടലുമായ്
നീയെത്തുമെന്നാശിപ്പൂ ഞാനിന്നും
കണ്ണീര്‍ തോരാത്ത നാളുകളില്‍
താരാട്ടിന്‍ ഈണത്തിനായ് കാതോര്‍ക്കയായ്

നെഞ്ചുരുകി ഞാന്‍ കരഞ്ഞീടുമ്പോള്‍
അലിവോടെ നീയെന്നെ പുണരുകില്ലേ
മിഴി വാര്‍ക്കും കണ്ണുനീര്‍ തുടയ്ക്കുവാനായ്
നിന്‍ വിരല്‍ തുമ്പൊന്നു നീട്ടുകില്ലേ

ഇനിയൊരു ജന്മമെനിക്കേകുമോ
അതിനെന്നമ്മയായ് ‌ നീ വരികയില്ലേ
ഓര്‍മ തന്‍ ചില്ല് കൂടാരത്തില്‍
പതിച്ചിടട്ടെ അമ്മ തന്‍ സ്നേഹ ചിത്രം ...

Wednesday, April 28, 2010

സത്യത്തിനായി കാത്തിരിപ്പൂ

കത്തി തീരും പകലെന്ന കണക്കെ
ഉള്ളം ഉലയായ് പുകയുമ്പോള്‍
കണ്ണീര്‍ മാത്രം ബാക്കിയാക്കി
ഇനിയും വരുവാനാകാതെ നീയെങ്ങു പോയ്‌

കാണാ ക്കിനാവിന്‍ തീരത്തു നിന്നും
ആരെയും അറിയിക്കാതെങ്ങു പോയി
സ്വപ്‌നങ്ങള്‍ ഏറെ പകര്‍ന്നു തന്നീ
മൃത്യു തന്‍ തീരം തേടിയതെന്തേ

ഓമന വാഗ്ദാന മേറെ നല്‍കി
ആ മായിക ലോകം നിന്നെയും തട്ടിയകറ്റിയോ
നെഞ്ചകം നീറി പിടഞ്ഞപ്പോള്‍
ഈ സ്നേഹ ഗീതങ്ങള്‍ നീ കേട്ടതില്ലേ

നിനക്കായ് കാത്തിരിക്കുമീ
പിഞ്ചു പൈതലിനെയും മറന്നു പോയോ
കാണുവാ നേറെ കൊതിച്ചു പോയെന്നാകിലും
കാണുവാനായതാ ചേതനയറ്റ രൂപമല്ലോ

കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കിലും
വാക്കുകള്‍ ബാക്കിയാക്കി നീ പോയതെന്തേ
സത്യങ്ങളിനിയും അന്യമാക്കി
സത്യത്തിന്‍ ലോകത്തു നീ മറഞ്ഞതെന്തേ

കണ്ണീര്‍ പൂക്കള്‍ മാത്രമേകി
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി
സത്യം അറിയുവാന്‍ കാത്തിരിപ്പൂ
ഞങ്ങള്‍ സത്യത്തിനായിനിയും കാത്തിരിപ്പൂ

Tuesday, April 6, 2010

കിനാവിൻ തീരത്ത്...

കാണാക്കിനാവിൻ തീരത്തു ചെന്നെത്തി
പിന്തിരിഞ്ഞൊന്നു നോക്കവെ
കാണുവാനാകതില്ല ആ കാലടിപ്പാടുകൾ
തിര വന്നു മായ്ച്ചു പോയതല്ലയോ

തിരികെ നടന്നീടുവാനാശിപ്പതെങ്കിലും
വഴിയാകെ മാഞ്ഞു മറഞ്ഞുപോയി
തീരത്തിനോരം ചേർന്നു നടപ്പതെങ്കിലും
തിരയൊന്നാകെ തട്ടി തെറിപ്പിക്കാതിരിക്കുവാൻ
ഇടറാതെ പദമൂന്നി നടന്നീടാം

ഇടറി വീഴാതെ നടന്നിടുവാൻ
വരുമോ സഖേ എൻ കൂടെ നീയും
തളരാതെ തുണയായ് നീ വന്നീടുകിൽ
ഈ തീരത്തിലെന്നും പദമൂന്നിടാം ...