Thursday, November 25, 2010

പ്രിയമേറിയതെങ്ങിനെ....

നിറമിഴിയിൽ കുതിർന്നൊരെൻ
സ്വപ്നത്തിൻ പീലികൾ പെറുക്കി
മുറിവേറ്റു പിടയുമീ ചിറകുകൾ ഒതുക്കി
ജീവതാളം നീ നല്കിയതെങ്ങിനെ

മധുകണമില്ലാത്ത പൂവായ് തീരവേ
മഞ്ഞുതുള്ളി പോലും തേനാക്കിയതെങ്ങിനെ
മധുപനണയാത്ത കാട്ടുപൂവിന്നരികിൽ
മണമേതുമില്ലാതെ നീയണഞ്ഞതെങ്ങിനെ

പുഞ്ചിരി പോലും മറന്നൊരാ ചുണ്ടുകളിൽ
മുരളികയൂതുവാൻ നല്കിയതെങ്ങിനെ
ഹോമാഗ്നിയായ് പുകഞ്ഞൊരു മനസ്സിൽ
കുളിർമഴയായ് പെയ്തിറങ്ങിയതെങ്ങിനെ

ഒഴുകാനിനിയും ബാക്കി നില്കുമീ കണ്ണീർതുള്ളികൾ
കൈകുടന്നയിലൊതുക്കി മുത്തായ് മാറ്റിയതെങ്ങിനെ
അകലെ തിളങ്ങുമീ മിഴിനീർ മുത്തുകൾ
നിൻ വിരൽ തുമ്പിനാൽ തുടച്ചതെങ്ങിനെ

കൊഴിഞ്ഞു പോയൊരാ സ്വപ്നത്തിൻ
മയിൽ പീലിതുണ്ടുകൾ പെറുക്കിയെടുത്തതെങ്ങിനെ
കാണാമറയിത്തിരുന്നിട്ടുമൊന്നു കാണാതെ തന്നെ
ഇത്രമേൽ പ്രിയമേറിയതായ് തീർന്നതെങ്ങിനെ...

1 comment: