Sunday, April 21, 2013
തൃശ്ശിവപേരൂരിന്റെ പൂരം വരവായ്....
പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം അരങ്ങു തകര്‍ക്കുകയാണ്. കണ്ണും മനസ്സും മെയ്യും അലിഞ്ഞു ചേരുന്ന ഈ നാദ വര്‍ണ്ണ വിസ്മയത്തില്‍ ഒരിക്കല്‍ പങ്കു ചേര്‍ന്നവര്‍ അടുത്ത പൂരത്തിനായി കാത്തിരിക്കുക തന്നെ ചെയ്യും.
ഇന്നു അവധി ദിനമായ ഞായര്‍ കൂടിയായപ്പോള്‍ ഏവരും ആ നാദ വര്‍ണ്ണ വിസ്മയത്തില്‍ അലിഞ്ഞു ചേരുകയാണ്. മാധ്യമങ്ങളിലൂടെ വാചാലരാകുന്നവര്‍ പോലും വാക്കുകള്‍ക്ക് അപ്രാപ്യമായ ആ നാദ പ്രപഞ്ചത്തിനു മുന്നില്‍ മൂകസാക്ഷികള്‍ ആകുകയാണ്.
വെയിലിന്റെ ചൂടിനെ വകവയ്ക്കാതെ ചെറു പൂരങ്ങളുടെ എഴുന്നള്ളിപ്പുകള്‍ക്കൊപ്പം വടക്കുംനാഥനെ വണങ്ങി മഠത്തില്‍ വരവിന്റെ താളപ്പെരുമയ്ക്കായ് കാതോര്‍ക്കുവാന്‍, ആ നാദലയത്തില്‍ അലിഞ്ഞു ചേരുവാന്‍ ഒഴുകുകയാണ്.
പാറമേക്കാവ് ഭഗവതിയെ പുറത്തേക്കെഴുന്നള്ളിച്ചുള്ള മേളത്തില്‍ ലയിച്ചു ചേര്‍ന്നു വേണം ഇലഞ്ഞിത്തറയിലെത്തി ഇലഞ്ഞിത്തറ മേളത്തിനു സാക്ഷ്യം വഹിക്കാന്‍ . പൂഴിയിട്ടാല്‍ പോലും താഴെ വീഴാത്തത്ര ജന സഹസ്രത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ എല്ലാ മനസ്സും കാതും ആ മേളവിസ്മയത്തില്‍ ഒന്നായലിഞു ചേരുന്ന കാഴ്ച അവര്‍ണ്ണനീയം മാത്രം.
ആ മേള വിസ്മയത്തില്‍ നിന്നും മനസ്സിനെ സ്വതന്ത്രമാക്കി തെക്കെ ഗോപുര നടയിലൂടെ പുറത്തേക്കെത്തിയാല്‍ പ്രസിദ്ധമായ തെക്കോട്ടിറക്കം കാണാം. ആദ്യം പാറമേക്കാവ് ഭഗവതിയും പതിനഞ്ച് ആനകളും തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങി ശക്തന്‍ തമ്പുരാനെ വലം വെച്ചു വന്നു വടക്കുംനാഥനെ നോക്കി നില്ക്കുമ്പോഴേക്കും തിരുവമ്പാടി കണ്ണന്റെ കോലത്തില്‍ തിരുവമ്പാടി ഭഗവതിയും പതിനഞ്ച് ആനകളോടു കൂടി നേരെ അഭിമുഖമായി നിലകൊള്ളും. തുടര്‍ന്നാണു വര്‍ണ്ണങ്ങള്‍ മിന്നി മറയുന്ന കുടമാറ്റം.
ആരോഗ്യകരമായ മല്‍സരത്തിലൂടെ കാണികളുടെ കണ്ണഞ്ചിപ്പിക്കുന്ന വിവിധ തരം വര്‍ണ്ണകുടകള്‍ ഇരു കൂട്ടരും മാറി മാറി ഉയര്‍ത്തുന്നതോടെ കാണികളിലെ ആവേശം ആരവമായി ഉയരുകയായ്, ആ ആവേശത്തിനു മാറ്റു കൂട്ടുവാന്‍ മേളവും ഉയര്‍ന്നു പൊങ്ങുമ്പോള്‍ നാം ഒരോരുത്തരും അതില്‍ അറിയാതെ അലിഞ്ഞു ചേരും. 1-1.30 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ആ വര്‍ണ്ണ വിസ്മയത്തിനു അസ്തമയ സൂര്യന്‍ പൊന്‍പ്രഭയേകുമ്പോള്‍ ഇതാണു പൂരമെന്നു ഓരോ മനസ്സും പറഞ്ഞു പോകും. ആ വര്‍ണ്ണകാഴ്ചക്കൊടുവില്‍ ഏവരും പിരിഞ്ഞു പോകുമ്പോള്‍ മാനത്തെ വര്‍ണ്ണവിസ്മയത്തിനുള്ള കാത്തിരിപ്പ് തുടങ്ങുകയായ്. അതിന്റെ മുന്നോടിയെന്ന നിലയില്‍ ഒരു ചെറിയ വെടിക്കെട്ട് നടക്കും.
പിന്നെയും കാത്തിരിപ്പ് തുടരുമ്പോള്‍ വീണ്ടും ചെറു പൂരങ്ങള്‍ വരവായ്. പുലര്‍ച്ചെ 3 മണിയൊടെ ഉള്ള ഇരുളിനെ വെളിച്ചമാക്കി മാറ്റുന്ന ആകാശ കാഴ്ചയില്‍ ആ ശബ്ദഘോഷത്തില്‍ ഏതു കുംഭകര്‍ണ്ണനും ഉറക്കമെണീറ്റ് പോകും. പിന്നെ മണിക്കൂറുകളോളം നീളുന്ന ശബ്ദ വര്‍ണ്ണ കാഴ്ചകള്‍ ഒരു വര്ഷത്തിന്റെ കാത്തിരിപ്പിന്റെ പ്രതീക്ഷയാണ്. ആ വര്‍ണ്ണ വിശേഷങ്ങളുമായി മടങ്ങുമ്പോഴേക്കും ഉപചാരം ചൊല്ലി പിരിയുന്നതിനായി പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും വടക്കുംനാഥന്റെ തിരുമുറ്റത്തേക്ക് പുറപ്പെടുകയായി. അതാണു തൃശ്ശൂരുകാരുടെ പൂരം.
അതിഥികളെല്ലാം തിരിച്ചു പോയി നാട്ടുകാര്‍ക്ക് കാണാനുള്ള ഈ പൂരത്തില്‍ കുടമാറ്റവും വെടിക്കെട്ടും ചെറിയ തോതില്‍ ആവര്‍ത്തിക്കുന്നു. അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന വാഗ്ദാനവുമായി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഒരു വര്‍ഷത്തെ പ്രയത്നത്തിനു സാഫല്യമായ്.
ഈ പൂര വിസ്മയത്തിനായ് വീണ്ടൂം പ്രതീക്ഷയോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പ് തുടരുകയായ്.... എത്ര കണ്ടാലും എത്ര കേട്ടാലും മതി വരാത്ത പൂരപെരുമയ്ക്ക് ഇനിയും സാക്ഷ്യം വഹിക്കാമെന്ന പ്രതീക്ഷയോടെ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment