Sunday, November 13, 2011

നോക്കുകുത്തി...

സ്വപ്നക്കൂടൊരുക്കി കാത്തിരുന്നതെന്‍
ശവമഞ്ചമിറക്കാനായിരുന്നുവോ
ഉള്ളതുകോണ്ടോണമൊരുക്കിയൊരമ്മയെ
കണ്ണീര്‍കായലില്‍ തള്ളുവാനോ

മോഹനവാഗ്ദാനമൊന്നും നല്കിയില്ല ഞാന്‍
മോഹങ്ങളൊക്കെ മനസ്സിലൊളിപ്പിച്ചതല്ലാതെ
വിശന്നു തളര്‍ന്നപ്പോളൊക്കെ ഞാനോര്‍ത്തതെന്‍
തളരാതെ പൊരുതുമെന്‍ അമ്മയെ മാത്രം

ദിവസക്കൂലിയില്‍ നിന്നുമെടുത്ത നാണയത്തുട്ടുകള്‍
കിലുക്കാതെ കാത്തുവച്ചതെന്തിനായി
ജീവന്‍ വെടിഞ്ഞൊരെന്‍ ദേഹത്തിനിനിയും
നാണം മറയ്ക്കും കച്ചയൊരുക്കുവാനോ

ശക്തിയൊന്നിനുമില്ലാതെ തളര്‍ന്നു പോകവേ
കേട്ടില്ലയാരുമേ ഉച്ചത്തിലുയര്‍ന്നയെന്‍ നിലവിളികള്‍
കണ്ണീരില്‍ കുതിര്‍ന്നൊരെന്‍ ജല്പനമുയരവേ
ഇവിടെ നഷ്ടമായതോയെന്‍ മാനവും ജീവനും

മൃഗതൃഷ്ണയ്ക്കിരയായൊരെന്‍ ജീവനു പകരമായ്
നല്കിയതോ ഈ തൂക്കുമരം
ആരാച്ചാരില്ലാത്തയീ നാട്ടില്‍
ഈ കഴുമരവും വെറും നോക്കുകുത്തിയല്ലേ

No comments:

Post a Comment