Monday, February 7, 2011

കൺചിമ്മാതെ...

നീലവാനിൽ മേഘത്തേരുകൾ പാഞ്ഞിടുമ്പോൾ
സാന്ധ്യതാരകം കൺചിമ്മിയതെന്തേ
വിളക്കുവയ്ക്കുവാനെത്തിയ ദേവസുന്ദരികൾ തൻ
പുഞ്ചിരിയിൽ കണ്ണുകളഞ്ചിയതോ

കളിവാക്കു ചൊല്ലുവാൻ അരികിലെത്തും
തിങ്കൾ കിടാവിനെ കണ്ടതിനാലോ
കളകളം പൊഴിക്കുന്നൊരീ കായൽതിരകളുടെ
നൂപുരധ്വനി കേട്ടതിനാലോ

കഥകളിലൂം കവിതയിലും നിറയുന്ന
നിളയുടെ നെടുവീർപ്പുകൾ അറിഞ്ഞതിനാലോ
തുഞ്ചൻ പറമ്പിലെ കിളിതത്ത തൻ
സ്വരരാഗ സംഗീതം കാതിലിമ്പമായ് തീർന്നതിനാലോ

ഇരുളിൻ യാമങ്ങളിൽ ഉയർന്നു കേട്ടൊരു നിലവിളി
ബധിര കർണ്ണങ്ങളിൽ അലിഞ്ഞില്ലാതായതിനാലോ
പിടഞ്ഞു പോയൊരു ജീവന്റെ തുടിപ്പുകൾ
നിലച്ചുപോയതറിഞ്ഞതിനാലോ

നിസംഗതയാൽ പൊലിഞ്ഞു പോയൊരു ജീവനായ്
ഇനിയൊരു ജീവനെ നഷ്ടമാക്കാതെ
ഇനിയും കണ്ണിമയൊന്നു ചിമ്മാതെ
കാവലായ് കാത്തിരിക്കുവതാണോ....

No comments:

Post a Comment