Wednesday, January 19, 2011

വെൺ പിറാവേ...

മനസ്സിന്റെ ജാലകവാതിലിനരികിൽ
ചിറകിട്ടടിച്ചൊരു വെൺ പിറാവേ
ഉടഞ്ഞു വീണൊരു ചില്ലുജാലകത്തിലൂടെ
ആരും കാണാതെൻ ചാരേ നീയെന്തിനായ് വന്നു

മുറിവൊന്നുമേല്ക്കാതെ പറന്നു വന്ന നിനക്കെൻ
ഇരുൾ തിങ്ങിയ ജാലകവാതിലിനാൽ മുറിവേകിയോ
തമസ്സു മുറ്റിയ വഴിയിലൊരിത്തിരി വെട്ടമായ്
വന്നൊരു മിന്നാമിനുങ്ങിന്നെങ്ങു പോയ്

നിണമാർന്ന ചിറകുമായ് നീയെൻ നെഞ്ചിൽ കുറുകി ചേരവേ
മുൾമുനയേറ്റപോലെൻ നെഞ്ചകം നീറിപിടയുന്നു
ഇനിയുമിവിടെ നിണമിറ്റു വീഴാതെ
ശാന്തി തൻ ദൂതുമായ് നീ പറന്നുയരാമോ...

Tuesday, January 11, 2011

അറിവിൻ നാദമായ്....

കരയില്ല ഞാനിനി എത്ര നൊന്തെന്നാലും
എന്നും കാണ്മതീ കണ്ണീരു വറ്റിയൊരു ഉറവ മാത്രം
ചടുലമാം വാക്കുകളെന്നിൽ പതിക്കുമ്പോൾ
ചാട്ടവാറടിയേറ്റു പുളഞ്ഞതെൻ മനം

ദാനമായ് കിട്ടിയൊരു ജന്മത്തിൻ
ശേഷിപ്പു ഞാനിങ്ങു നല്കീടട്ടെ
തീരാ പ്രണയത്തിൻ തീരത്തു നിന്നും
ശേഷക്രിയയ്ക്കുള്ള കറുക നാമ്പൊന്നു നുള്ളീടട്ടെ

കണക്കുകളെല്ലാം പിഴച്ചിടുമ്പോൾ
കൂട്ടലും കിഴിക്കലും പിഴകൾ മാത്രം
അറിവിന്റെ നാദമായ് തീർന്നുവെന്നാൽ
അറിയാതെ തന്നെ നമിച്ചു കൊള്ളാം