Sunday, July 28, 2013
ആശ്വാസമായ്....
കരയുവാനാകാതെ, ചിരിക്കുവാനറിയാതെ
നോവില്‍ പിടയും കുഞ്ഞിളംപൈതലിന്‍
രോദനം കാതിലലയടിക്കവേ
ഞാനെന്ന ഭാവവും ഇല്ലാതെയാകും
വേദനയെന്നു ചൊല്ലുവാനറിയാതെ
നൊന്തു പിടയും ജീവനെ കണ്ടിടുമ്പോള്‍
സ്വാര്‍ത്ഥമാം മോഹങ്ങള്‍ മാത്രമായി
നേടിയതൊക്കെയും പാഴ് വേലയെന്നറിയാം
പാഴ്ജന്മമെന്നു ശപിക്കാതെ
സ്നേഹ സ്വാന്തനം പകര്‍ന്നേകിയാല്‍
ജീവ കാരുണ്യ സ്പര്‍ശമായ്
പുനര്‍ജന്മമേകുവാന്‍ നന്മയിനിയും ബാക്കിയത്രേ
സ്വര്‍ഗവും നരകവും ഇവിടെയല്ലേ
ദൈവവും ചെകുത്താനും നമ്മളിലല്ലോ
കണ്മുന്നില്‍ കാണും കണ്ണീര്‍ തുടയ്ക്കുമെങ്കില്‍
നമ്മിലും ഈശ്വരന്‍ കുടികൊള്ളും
കാണാതെ പോകുന്ന നൊമ്പരങ്ങള്‍
പിന്‍ വിളിയുമായ് പിന്തുടരവേ
പിന്നിട്ട പാതകള്‍ ഏതെന്നറിയാതെ
മനസ്സിന്‍ വാതിലുകല്‍ കൊട്ടിയടക്കരുതേ
കേഴും മനസ്സുകള്‍ക്കൊരു സ്വാന്തനമായ്
നൊമ്പരപ്പൂവിനു പുഞ്ചിരിയേകി
വിധിയെന്നു ചൊല്ലി വഴിമാറി പോകാതെ
പിടയും ജീവനുകള്‍ക്കാശ്വാസമേകാം
Tuesday, July 16, 2013
ഇനിയും....
പറയുവാനാകാത്ത നൊമ്പരങ്ങള്‍
കണ്ണീരിനുള്ളിലൊളിപ്പിക്കവേ
അറിഞ്ഞിട്ടും അറിയാതെ പോകവേ
നീയെന്നെ അറിയുന്നില്ലെന്നു നടിക്കുന്നുവോ
നിലാപ്പക്ഷിയായ് ഇരുളില്‍ കേഴവേ
നൊമ്പരമുണര്‍ത്തും ഗാനം കേള്‍ക്കാതെ
നിഴലിനെ തോല്‍പ്പിക്കുമൊരു
പൌര്‍ണ്ണമിയായ് തെളിഞ്ഞീടുമോ
പെയ്തൊഴിയാത്ത മഴമേഘമായ്
പകലിനെ ഇരുളലയാല്‍ മൂടവേ
തെളിഞ്ഞു നില്ക്കുമാ മിന്നാമിന്നിയായ്
ഇത്തിരി വെട്ടം പകര്‍ന്നേകുമോ
മഴ നനഞ്ഞൊരു ശലഭമായ്
പറന്നുയരാനാകാതെ പിടക്കവേ
ഒരു നനുത്ത കാറ്റായെന്നെ തലോടി
ചിറകുകള്‍ പറക്കമുറ്റതാക്കില്ലേ
കാതോര്‍ത്തിരിക്കാമിനിയും
നിന്‍ വേണുഗാനമരികിലെത്തുവാന്‍
ഇനിയും വഴിമാറി പോകരുതേ
ഇടറുന്ന സ്പന്ദനം അറിയാതിരിക്കരുതേ
വിരഹത്തിന്‍ കണ്ണീരൊഴുക്കും
സന്ധ്യ തന്‍ നിലയ്ക്കാത്ത തേങ്ങലുകള്‍
ഉണര്‍ത്തു പാട്ടായ് മാറ്റുവാന്‍
ഇനിയും നീയെന്നരികിലെത്തുകില്ലേ
Wednesday, July 10, 2013
ഓര്‍മ്മയായ്...
നാഗകാവിലെ കല്‍വിളക്കില്‍
കിന്നാരം ചൊല്ലും ദീപനാളങ്ങളേ
കാറ്റിന്‍ കരങ്ങളാല്‍ അണയരുതേ
ഇരുളിന്‍ വെളിച്ചമായ് തെളിയേണമേ
കുരുതിക്കായ് തെളിഞ്ഞു നില്ക്കും
നാഗക്കളത്തിന്‍ ദിവ്യമാം
മഞ്ഞളാടിയ നാഗരൂപം
മങ്ങാതെ മായാതെ നില്ക്കേണമേ
കുരുത്തോല തോരണ പന്തലൊരുക്കി
ചേലൊത്ത അമ്പലം പണിതുയര്‍ത്തി
പുള്ളുവപാട്ടിന്‍ താളമോടെ
ദേവ പ്രീതിയ്ക്കായ് അര്‍പ്പിതമാകാം
നാടിന്‍ നന്മയ്ക്കായ് ഒത്തൊരുമിക്കും
കളംപാട്ടിന്‍ നാദമിന്നോര്‍മ്മയായ്
പുള്ളോര്‍കുടത്തിന്‍ ശബ്ദം പോലും
അന്യമായ് തീര്‍ന്നുവോ മനസ്സുകളില്‍
Monday, July 1, 2013
ആകുമോ...
കനലുകളെരിയുന്ന
മനസ്സിന്‍ നെരിപ്പോടില്‍
കാലമാം മാന്ത്രികന്‍
കൈയൊപ്പു ചാര്‍ത്തവേ
കരിഞ്ഞുപോയൊരു
സ്വപ്നങ്ങളൊക്കെയും
തരളിതമായിനിയും
പീലി വിടര്‍ത്തുമോ
മഴമേഘക്കീറുകള്‍
വഴിതെറ്റിപോകാതെ
ഊഷരയാം ഭൂമിയെ
തളിരണിയിക്കുമോ
പതിരുകള്‍ നിറഞ്ഞ
കാണാക്കിനാക്കള്‍
കതിരുകള്‍ വിടര്‍ന്ന
പൂവാടിയാകുമോ
നിറങ്ങള്‍ മാഞ്ഞൊരു
വാര്‍മഴവില്ലിനെ
വര്‍ണ്ണചിത്രം നിറയും
ക്യാന്‍വാസിലാക്കുമോ
Subscribe to:
Posts (Atom)