Thursday, February 6, 2014

ജനുവരിയുടെ ഓര്‍മ്മയക്ക്..



പിരിയരുതിനിയൊരുനാളും
അകലരുതേ ജീവിതയാത്രയില്‍;
വിട ചൊല്ലി പോകുന്നേരം
പറഞ്ഞതാണെന്നോര്‍ക്കുന്നുവോ

മറഞ്ഞതെങ്ങു നീയിനിയും
മൊഴിയൊന്നു ചൊല്ലാതെ
പരിഭവശരങ്ങളേല്‍ക്കുവാന്‍
വഴിമാറി പോയതെങ്ങു നീ

പിറവി തന്‍ ധന്യതയേറവേ
മരണത്തെ പുല്കുവാനാകാതെ
പിടയുവതിനിയുമറിയാതെ
അകന്നു മാറി നില്പുവതെന്തേ

എന്നിലെ എന്നിലലിഞ്ഞുചേര്‍ന്ന്
സ്വായത്തമാക്കിയതെന്തിനായ്
മധുരമാം വചനങ്ങള്‍ പകരുവാനായ്
ആത്മധൈര്യം തേടുവാനോ

ഒഴുക്കാത്ത നീര്‍ത്തുള്ളികളാല്‍
നിറയുന്ന ഹൃദയ വേദനകള്‍
പകരാതെ ഞാനെന്നെ തടുത്തുനിര്‍ത്താം
അലിവോടെ നിന്നെ കാത്തിരിക്കാം

പുതിയൊരു വര്‍ഷ പുതുമയായ്
ജനുവരി തന്നോര്‍മ്മയായ്
തുളുമ്പുന്ന മിഴിനീര്‍പ്പുവുകളാല്‍
കുറിച്ചിടാം ഒരോമല്‍കാവ്യം

Tuesday, February 4, 2014

എന്തിനായ്....



കനവേറെ കാണ്മതെന്തിനായ്
കരയുവാന്‍ മാത്രമായോ
കരയുവാനാകില്ലയെങ്കിലും
കണ്ണുകള്‍ നിറയുവതെന്തിനോ

ചിറകുകള്‍ നല്‍കിയതെന്തിനോ
പറന്നകലുവാന്‍ മാത്രമായോ
ചിരിക്കുവാന്‍ മറന്നുപോകിലും
കരയുവാന്‍ അറിഞ്ഞീടുമോ

കൊഴിഞ്ഞ പൂവിന്നിതളുകള്‍
പെറുക്കിവെയ്ക്കുവതെന്തിനായ്
മലര്‍മണമില്ലാത്തൊരു മാല്യം
മിഴിനീര്‍മുത്തില്‍ കോര്‍ക്കുവാനോ..

Saturday, February 1, 2014

ഇനിയും വരുകില്ലേ...



തുളുമ്പി നില്ക്കും
മിഴിനീരിറ്റുവീഴാതെ
നിറപുഞ്ചിരിയാല്‍
മനം മയക്കവേ

നോവില്‍ പിടയും
ഹൃത്തടത്തില്‍
പുകയുന്നൊരു
ചിതയെ കാണ്മതില്ലേ

മനതാരില്‍ വിരിഞ്ഞ
പ്രണയമലരുകള്‍
പരിമളമേകാതെ
കൊഴിയുവതെന്തേ

പരിരംഭണത്തിന്‍
നിര്‍വൃതിയിലലിയും
മനോമുകുരത്തില്‍
വിരഹമെന്തിനായ്

അകന്നുപോകും
പദനിസ്വനങ്ങള്‍
ഇനിയും വരികില്ലെന്നു
നിനയ്ക്കുന്നുവൊ നീ 

Friday, December 27, 2013

പ്രണയമേ...



പരിഭവമേതുമില്ലാതെ
പിന്തുടരുവാനാകാതെ
പ്രണയസങ്കല്പഗീതിയുമായ്
പിന്നെയും തേടുവതെന്തിനായ്

പകലെന്ന സത്യത്തെ കാണാതെ
പിരിയുവാന്‍ വെമ്പും മനസ്സില്‍
പ്രണയത്തിന്‍ തീവ്രതയറിയുമ്പോള്‍
പിണങ്ങുവാനാകാതെ പിടയുമല്ലോ

പ്രകടമാക്കുവാനാകാത്ത ചിന്തകള്‍
പകുത്തുനല്കുവാനാകാതെ
പതിരായ് പൊഴിച്ചു കളയുവാന്‍
പ്രണയമിനിയും മാഞ്ഞുവോ...

Sunday, July 28, 2013

ആശ്വാസമായ്....

കരയുവാനാകാതെ, ചിരിക്കുവാനറിയാതെ നോവില്‍ പിടയും കുഞ്ഞിളംപൈതലിന്‍  രോദനം കാതിലലയടിക്കവേ ഞാനെന്ന ഭാവവും ഇല്ലാതെയാകും  വേദനയെന്നു ചൊല്ലുവാനറിയാതെ നൊന്തു പിടയും ജീവനെ കണ്ടിടുമ്പോള്‍  സ്വാര്‍ത്ഥമാം മോഹങ്ങള്‍ മാത്രമായി നേടിയതൊക്കെയും പാഴ് വേലയെന്നറിയാം  പാഴ്ജന്മമെന്നു ശപിക്കാതെ സ്നേഹ സ്വാന്തനം പകര്‍ന്നേകിയാല്‍  ജീവ കാരുണ്യ സ്പര്‍ശമായ് പുനര്‍ജന്മമേകുവാന്‍ നന്മയിനിയും ബാക്കിയത്രേ സ്വര്‍ഗവും നരകവും ഇവിടെയല്ലേ ദൈവവും ചെകുത്താനും നമ്മളിലല്ലോ കണ്മുന്നില്‍ കാണും കണ്ണീര്‍ തുടയ്ക്കുമെങ്കില്‍  നമ്മിലും ഈശ്വരന്‍ കുടികൊള്ളും  കാണാതെ പോകുന്ന നൊമ്പരങ്ങള്‍  പിന്‍ വിളിയുമായ് പിന്തുടരവേ പിന്നിട്ട പാതകള്‍ ഏതെന്നറിയാതെ മനസ്സിന്‍ വാതിലുകല്‍ കൊട്ടിയടക്കരുതേ കേഴും മനസ്സുകള്‍ക്കൊരു സ്വാന്തനമായ് നൊമ്പരപ്പൂവിനു പുഞ്ചിരിയേകി വിധിയെന്നു ചൊല്ലി വഴിമാറി പോകാതെ പിടയും ജീവനുകള്‍ക്കാശ്വാസമേകാം 

Tuesday, July 16, 2013

ഇനിയും....

പറയുവാനാകാത്ത നൊമ്പരങ്ങള്‍  കണ്ണീരിനുള്ളിലൊളിപ്പിക്കവേ അറിഞ്ഞിട്ടും അറിയാതെ പോകവേ നീയെന്നെ അറിയുന്നില്ലെന്നു നടിക്കുന്നുവോ നിലാപ്പക്ഷിയായ് ഇരുളില്‍ കേഴവേ നൊമ്പരമുണര്‍ത്തും ഗാനം കേള്‍ക്കാതെ നിഴലിനെ തോല്‍പ്പിക്കുമൊരു പൌര്‍ണ്ണമിയായ് തെളിഞ്ഞീടുമോ പെയ്തൊഴിയാത്ത മഴമേഘമായ് പകലിനെ ഇരുളലയാല്‍ മൂടവേ തെളിഞ്ഞു നില്ക്കുമാ മിന്നാമിന്നിയായ് ഇത്തിരി വെട്ടം പകര്‍ന്നേകുമോ മഴ നനഞ്ഞൊരു ശലഭമായ് പറന്നുയരാനാകാതെ പിടക്കവേ ഒരു നനുത്ത കാറ്റായെന്നെ തലോടി ചിറകുകള്‍ പറക്കമുറ്റതാക്കില്ലേ കാതോര്‍ത്തിരിക്കാമിനിയും  നിന്‍ വേണുഗാനമരികിലെത്തുവാന്‍  ഇനിയും വഴിമാറി പോകരുതേ ഇടറുന്ന സ്പന്ദനം അറിയാതിരിക്കരുതേ വിരഹത്തിന്‍ കണ്ണീരൊഴുക്കും  സന്ധ്യ തന്‍ നിലയ്ക്കാത്ത തേങ്ങലുകള്‍  ഉണര്‍ത്തു പാട്ടായ് മാറ്റുവാന്‍  ഇനിയും നീയെന്നരികിലെത്തുകില്ലേ

Wednesday, July 10, 2013

ഓര്‍മ്മയായ്...

നാഗകാവിലെ കല്‍വിളക്കില്‍  കിന്നാരം ചൊല്ലും ദീപനാളങ്ങളേ കാറ്റിന്‍ കരങ്ങളാല്‍ അണയരുതേ ഇരുളിന്‍ വെളിച്ചമായ് തെളിയേണമേ കുരുതിക്കായ് തെളിഞ്ഞു നില്ക്കും  നാഗക്കളത്തിന്‍ ദിവ്യമാം  മഞ്ഞളാടിയ നാഗരൂപം  മങ്ങാതെ മായാതെ നില്ക്കേണമേ കുരുത്തോല തോരണ പന്തലൊരുക്കി ചേലൊത്ത അമ്പലം പണിതുയര്‍ത്തി പുള്ളുവപാട്ടിന്‍ താളമോടെ ദേവ പ്രീതിയ്ക്കായ് അര്‍പ്പിതമാകാം  നാടിന്‍ നന്മയ്ക്കായ് ഒത്തൊരുമിക്കും  കളംപാട്ടിന്‍ നാദമിന്നോര്‍മ്മയായ് പുള്ളോര്‍കുടത്തിന്‍ ശബ്ദം പോലും  അന്യമായ് തീര്‍ന്നുവോ മനസ്സുകളില്‍