Saturday, September 17, 2011

നിഴലായ്

നിഴലിനെ നോക്കി നെടുവീര്‍പ്പിടവേ
അറിയുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ
വീണ്ടുമെത്തും സൂര്യോദയത്തിനായ്
കാത്തിരിക്കുന്നെന്‍ നിഴലിനെ കാണുവാന്‍

മൃദുവായ തലോടലില്‍ തരളിതമാകവേ
അലിഞ്ഞുചേരുന്നിതായെന്‍ ജീവന്റെ താളമായ്
പകുത്തു നല്കുവാനാകാതെ പിടയുന്നു മാനസം 
അരികത്തണയുവാനാകാതെ തളരുന്നു മോഹവും 

ഉരുകി തീരുവാനാകാതെന്‍ ജന്മമിനിയും 
ഉറച്ചു പോയതെങ്ങിനെ ശിലയായ്
നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുവാനായ്
ചിരിക്കുവാന്‍ പഠിച്ചിടട്ടെ ഇനിയെങ്കിലും
 
ഉത്തരമേകുവാനാകാത്ത ചോദ്യങ്ങളിനിയും 
തൊടുത്തെന്നെ പരാജിതയാക്കരുതേ
മൌനമായുത്തരം നല്കീടുവാനാകാതെ
ഉഴലുന്ന നിഴലിനെ വ്യര്‍ത്ഥമായ് ശപിക്കരുതേ

1 comment:

  1. കെട്ടിലും മട്ടിലും നല്ലൊരു കയ്യടക്കം വന്ന വരികള്‍
    കവിതകളില്‍ കൂടുതലും ഇത്തരം ഭാവങ്ങളാണല്ലോ
    ആശംസകള്‍!

    ReplyDelete