Sunday, October 17, 2010

പെയ്തു തീരാത്ത മഴ.

ഏറെ നാളുകൾക്കു ശേഷം ഇന്നാ ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം പകച്ചു എന്നതാണു സത്യം. ഒരിക്കലും അന്വേഷിക്കില്ലെന്നു കരുതിയ ആളുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ റിസീവറും പിടിച്ചു ഈ ലോകം മറന്നു നിന്നു പോയി. ഇന്നും ഓർക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു നിമിഷം പതറി. ഒന്നു കാണാൻ മനസ്സു തുടിക്കയാണെന്ന് അറിയിക്കാതെ തന്നെ കാണാൻ വരുമെന്ന് അറിയിച്ചപ്പോൾ ആരും കാണാതെ കേൾക്കാതെ ഒന്നുറക്കെ കരയണമെന്നാഗ്രഹിച്ചു. അതെ അവനെന്റെ എല്ലാമായിരുന്നു..

ആരുമില്ലാതെ തനിച്ചായ നിമിഷങ്ങളിലെല്ലാം കൈതന്നു കൂടെവന്നു ഒരു നിഴൽ പോലെ എന്നെ അവൻ കാത്തു സൂക്ഷിച്ചത് ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല. ഏതോ നിയോഗം പോലെ അവനെനിക്കു സുഹൃത്തായി എന്നും എന്റെ കണ്ണുനീർ തുടക്കാൻ കൂടെയുണ്ടായിരുന്നു. അവന്റെ ജീവിതം നഷ്ടമാകുമെന്നു തോന്നിയപ്പോൾ അവനിൽ നിന്നും അകലുവാൻ ഞാൻ തന്നെയാണു ശ്രമമാരംഭിച്ചത്. ഒരു കുടുംബമായി തീരുമ്പോൾ എന്നെ മറക്കുവാൻ ആകുമെന്ന എന്റെ പ്രതീക്ഷ വൃഥാവിലാകയാണു. ആരുമില്ലതെ വീണ്ടും ഞാൻ തനിച്ചായെന്നറിഞ്ഞാൽ അവൻ തിരിച്ചുപോകില്ലെന്നു എനിക്കുറപ്പാണു. വേണ്ട, അവനൊന്നും അറിയേണ്ട. എന്റെ കണ്ണുനീർ എനിക്കുമാത്രം സ്വന്തമായിരിക്കട്ടെ.

എത്രനേരമായ് ഫോൺ ബെല്ലടിക്കുന്നു. ഒന്നാ ശബ്ദം കേൾക്കുവാൻ എനിക്കു ശക്തിയില്ല. ആ മഴയുടെ ഇരമ്പത്തിൽ ഒന്നും നോക്കാതെ ഞാൻ ഇറങ്ങി നടന്നു, അവനെന്റെ കണ്ണുനീർ തുള്ളീകൾ ഇനിയും കാണാതിരിക്കാൻ, എന്റെ തേങ്ങലുകൾ കേൾക്കാതിരിക്കാൻ ഇനിയെന്നെ കാണാതിരിക്കാൻ...

No comments:

Post a Comment